കോഹ്‌ലിയുടേത് വ്യക്തിപരമായ തീരുമാനം, ബിസിസിഐ അതിനെ ബഹുമാനിക്കുന്നു: സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി: ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചത് വിരാട് കോഹ്‌ലിയുടെ വ്യക്തിപരമായ തീരുമാനം എന്ന് സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയാണ് ഗാംഗുലിയുടെ പ്രതികരണം.
മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തി. കോഹ് ലിയുടെ തീരുമാനം വ്യക്തിപരമാണ്. ബിസിസിഐ അതിനെ ബഹുമാനിക്കുന്നു. ഭാവിയില്‍ ഈ ടീമിനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ ടീമിലെ നിര്‍ണായക ഘടകമാവും കോഹ് ലിയുടെ സാന്നിധ്യം.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ എതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെയാണ് കോഹ്‌ലി ടെസ്റ്റിലെ നായക സ്ഥാനവും രാജിവെച്ചത്. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് കോഹ് ലിയെ ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
രാജി പ്രഖ്യാപിച്ചുള്ള കോഹ്‌ലിയുടെ കുറിപ്പ്
ഏഴ് വര്‍ഷത്തെ കഠിനാധ്വാനമാണ്, ടീമിനെ ശരിയായ ദിശയില്‍ നയിക്കാനുള്ള കഷ്ടപ്പാടും കഠിനമായ പരിശ്രമവുമായിരുന്നു എല്ല ദിവസവും. പൂര്‍ണ്ണ സത്യസന്ധതയോടെയാണ് ഞാന്‍ എന്റെ ജോലി ചെയ്തത്, ഒന്നും ബാക്കിവച്ചിട്ടുമില്ല. എല്ലാകാര്യവും ഒരു ഘട്ടത്തില്‍ അവസാനിപ്പിക്കേണ്ടിവരും, എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ആ ഘട്ടം ഇപ്പോഴാണ്. ഈ യാത്രയില്‍ ഒരുപാട് ഉയര്‍ച്ചകളും ചില താഴ്ചകളും ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരിക്കലും പരിശ്രമത്തിനോ വിശ്വാസത്തിനോ കുറവുണ്ടായിട്ടില്ല. ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും എന്റെ 120 ശതമാനവും നല്‍കിയിട്ടുണ്ട് എന്നാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്, എനിക്കത് ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ എനിക്കറിയാം അതല്ല ശരിയെന്ന്. എനിക്ക് ഇക്കാര്യത്തില്‍ പൂര്‍ണ്ണ ബോധ്യമുണ്ട്. എനിക്കെന്റെ ടീമിനെ വഞ്ചിക്കാന്‍ കഴിയില്ല.
ഇത്രയും നീണ്ട കാലയളവില്‍ എന്റെ രാജ്യത്തെ നയിക്കാന്‍ അവസരം നല്‍കിയതിന് ബിസിസിഐയോട് എന്റെ നന്ദി. ആദ്യ ദിനം മുതല്‍ ടീമിനായുള്ള എന്റെ കാഴ്ചപാടുകള്‍ക്കൊപ്പം നിന്ന, ഒരു ഘട്ടത്തില്‍ പോലും വിട്ടുകളയാതിരുന്ന ടീം അംഗങ്ങള്‍ക്കും നന്ദി. നിങ്ങളാണ് ഈ യാത്ര എന്നെന്നും ഓര്‍ത്തിരിക്കാവുന്നതും മനോഹരവുമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഞങ്ങളെ മുന്നോട്ട് നയിച്ച, ഈ വണ്ടിയുടെ എഞ്ചിനായ രവി ഭായ്ക്കും സപ്പോര്‍ട്ട് ടീമിനും നന്ദി. അവസാനമായി എന്നിലെ ക്യാപ്റ്റനെ വിശ്വസിച്ച ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് ഞാന്‍ എന്ന് കണ്ടെത്തിയ എം എസ് ധോനിക്ക് ഒരു വലിയ നന്ദി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

