‘ഈ​ഗോ മാറ്റി വച്ച് കളിക്കു‘- കോഹ്‌ലി നേരിടാൻ പോകുന്ന പ്രതിസന്ധി ഇതാണ്; ഉപദേശവുമായി കപിൽ

‘ഈ​ഗോ മാറ്റി വച്ച് കളിക്കു‘- കോഹ്‌ലി നേരിടാൻ പോകുന്ന പ്രതിസന്ധി ഇതാണ്; ഉപദേശവുമായി കപിൽ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനവും വിരാട് കോഹ്‌ലി രാജിവച്ചതിന് പിന്നാലെ അദ്ദേഹം ഭാവിയിൽ നേരിടാൻ പോകുന്ന പ്രതിസന്ധി പ്രവചിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവ്. ഇന്ത്യൻ ടീമിൽ ഒരു കളിക്കാരൻ മാത്രമായി കോഹ്‌ലി മാറുമ്പോൾ താരതമ്യേന ജൂനിയറായ താരങ്ങൾക്കു കീഴിൽ കളിക്കാൻ കോഹ്‌ലി സ്വയം ഒരുങ്ങേണ്ടി വരുമെന്ന് കപിൽ പറയുന്നു. കോഹ്‌ലി തന്റെ ഉള്ളിലെ ഈ​ഗോ മാറ്റി വയ്ക്കേണ്ടി വരുമെന്നും കപിൽ മുന്നറിയിപ്പ് നൽകി. 

സീനിയറായിരുന്ന സുനിൽ ഗാവസ്കർ തനിക്കു കീഴിൽ കളിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് കപിൽ കോഹ്‌ലിക്ക് ഉപദേശവുമായി എത്തിയത്. കെ ശ്രീകാന്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നീ ജൂനിയർ താരങ്ങൾക്കു കീഴിൽ പിന്നീട് താൻ കളിച്ചതും കപിൽ ഓർമിപ്പിച്ചു.

‘സാക്ഷാൽ സുനിൽ ഗാവസ്കർ എനിക്കു കീഴിൽ കളിച്ചിട്ടുണ്ട്. ഞാൻ കെ ശ്രീകാന്തിനും മുഹമ്മദ് അസ്ഹറുദ്ദീനും കീഴിൽ കളിച്ചു. എനിക്ക് യാതൊരുവിധ ഈഗോയും തോന്നിയിട്ടില്ല. ഇനി വിരാടും തന്റെ ഈഗോ മാറ്റിവച്ച് ഒരു യുവതാരത്തിനു കീഴിൽ കളിക്കാൻ തയാറാകേണ്ടി വരും. അത് അദ്ദേഹത്തെയും ഇന്ത്യൻ ക്രിക്കറ്റിനെയും സഹായിക്കുകയേ ഉള്ളൂ. പുതിയ ക്യാപ്റ്റനും താരങ്ങൾക്കും മാർഗ നിർദ്ദേശം നൽകി നയിക്കാൻ വിരാട് ഉണ്ടാകണം. വിരാട് കോഹ്‌ലിയെന്ന ബാറ്ററെ നഷ്ടമാക്കാൻ നമുക്കു കഴിയില്ല. അത് ചിന്തിക്കുകയും വേണ്ട.’

‘കോഹ്‌ലിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു‘

‘ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ കോഹ്‌ലിയുടെ തീരുമാനം ഞാൻ സ്വാഗതം ചെയ്യുന്നു. ടി20 ടീമിന്റെ നായക സ്ഥാനം രാജി വച്ചതു മുതൽ കോഹ്‌ലി കഠിനമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അടുത്തിടെയായി കോഹ്‌ലിയെ സമ്മർദ്ദത്തിന് അടിപ്പെട്ട രീതിയിലാണ് കാണുന്നത്. അതുകൊണ്ട് സ്വതന്ത്രമായി കളിക്കാനുള്ള അവസരമാണ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിലൂടെ കോഹ്‌ലി തിരഞ്ഞെടുത്തിരിക്കുന്നത്. നല്ല കാര്യം’.

‘കോഹ്‌ലി പക്വതയെത്തിയ മനുഷ്യനാണ്. ഈ സുപ്രധാന തീരുമാനത്തിലെത്തുന്നതിനു മുൻപ് കോഹ്‌ലി ഒരുപാട് ആലോചിച്ചിട്ടുണ്ടാകുമെന്ന് തീർച്ച. ഒരുപക്ഷേ, ക്യാപ്റ്റൻ സ്ഥാനം ആസ്വദിക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ടാകില്ല. ഈ ഘട്ടത്തിൽ നമ്മൾ അദ്ദേഹത്തെ പിന്തുണയ്ക്കണം. നല്ല ഭാവി ആശംസിക്കുന്നു’ – കപിൽ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com