''ഇത് കോഹ്‌ലിയും ഗാംഗുലിയും തമ്മിലുള്ള പോര്, ടെസ്റ്റ് ക്യാപ്റ്റന്‍സി രാജിവെച്ചതിന്റെ യഥാര്‍ഥ കാരണം''

വിരാട് കോഹ് ലി ടെസ്റ്റ് നായകത്വം രാജിവെച്ചത് ഗാംഗുലിയുമായുള്ള പോരിനെ തുടര്‍ന്നെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ റാഷിദ് ലത്തീഫ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലാഹോര്‍: വിരാട് കോഹ് ലി ടെസ്റ്റ് നായകത്വം രാജിവെച്ചത് ഗാംഗുലിയുമായുള്ള പോരിനെ തുടര്‍ന്നെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ റാഷിദ് ലത്തീഫ്. സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്യുന്നത് എന്ത് തന്നെയായാലും കോഹ് ലി പറയുന്നത് എന്തുതന്നെയായാലും ഇരുവര്‍ക്കും ഇടയിലെ പോരാണ് ഇതിനെല്ലാം പിന്നിലെന്നാണ് റാഷിദ് ലത്തീഫിന്റെ ആരോപണം. 

ഇങ്ങനെയെല്ലാം സംഭവിക്കുന്നതിന്റെ കാരണം ബോര്‍ഡിലെ കലഹമാണ്. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണ് എന്ന് കോഹ് ലി പറഞ്ഞാലും, മറ്റെന്തെങ്കിലും പറഞ്ഞ് ഗാംഗുലി ട്വീറ്റ് ചെയ്താലും, ഇരുവരും തമ്മിലുള്ള പോര് തന്നെയാണ് വിഷയം, പാക് മുന്‍ നായകന്‍ പറഞ്ഞു. 

അവര്‍ക്ക് അറിയാം എങ്ങനെയാണ് കോഹ് ലിയെ പ്രകോപിപ്പിക്കേണ്ടത് എന്ന്

വൈകാരികമായാണ് പലരും കാര്യങ്ങളെ കാണുക. അവര്‍ക്ക് അറിയാം എങ്ങനെയാണ് കോഹ് ലിയെ പ്രകോപിപ്പിക്കേണ്ടത് എന്ന്. ടി20 നായക സ്ഥാനം രാജിവെക്കുന്നതായി കോഹ് ലി പ്രഖ്യാപിച്ചതിന് പിന്നാലെ ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റി. ഇവിടെ കോഹ് ലിയെ മാത്രമല്ല അസ്വസ്ഥനാക്കിയത്, ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെയാണ് എന്നും ലത്തീഫ് പറഞ്ഞു. 

ട്വന്റി20 ലോകകപ്പിന് മുന്‍പാണ് ടി20 നായക സ്ഥാനം ഒഴിയുന്നതായി കോഹ് ലി പ്രഖ്യാപിച്ചത്. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും നായക സ്ഥാനത്ത് തുടരാനുള്ള താത്പര്യം കോഹ് ലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കവെ കോഹ് ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയതായി ബിസിസിഐ അറിയിച്ചു. 

ഏകദിന നായക സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യം തന്നെ നേരത്തെ അറിയിച്ചില്ല എന്നതുള്‍പ്പെടെയുള്ള കോഹ് ലിയുടെ വാക്കുകള്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഒടുവില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ ടെസ്റ്റിലെ നായക സ്ഥാനം രാജിവെച്ചും കോഹ് ലിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com