‘ഏകദിനം കളിക്കാൻ പക്വതയും പാകതയും ആയിട്ടില്ല; ആ താരത്തെ ഇനി ടീമിലേക്ക് പരി​ഗണിക്കരുത്‘- തുറന്നടിച്ച് ​ഗംഭീർ

‘ഏകദിനം കളിക്കാൻ പക്വതയും പാകതയും ആയിട്ടില്ല; ആ താരത്തെ ഇനി ടീമിലേക്ക് പരി​ഗണിക്കരുത്‘- തുറന്നടിച്ച് ​ഗംഭീർ
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ പൂർണ പരാജയമായ ഓൾറൗണ്ടർ വെങ്കടേഷ് അയ്യരെ ഇനി ഏകദിന ടീമിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ഓപ്പണർ ​ഗൗതം ​ഗംഭീർ. ഏഴോ എട്ടോ ഐപിഎൽ ഇന്നിങ്സുകളുടെ ബലത്തിലാണ് വെങ്കടേഷ് അയ്യർ ടീമിലെത്തിയത്. താരത്തെ ടി20 ടീമിലേക്കു മാത്രം പരിഗണിക്കുന്നതാണ് ഉചിതമെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. ഏകദിന ക്രിക്കറ്റിൽ കളിക്കാനാവശ്യമായ പക്വതയും പാകതയും വെങ്കടേഷ് അയ്യർക്കു വന്നിട്ടില്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടുന്നു.

ഹാർദിക് പാണ്ഡ്യ പരുക്കേറ്റ് ടീമിനു പുറത്തായതോടെ, താരത്തിന്റെ പകരക്കാരനെന്ന നിലയിലാണ് വെങ്കടേഷ് അയ്യർ ടീമിലെത്തിയത്. ന്യൂസിലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പരയിൽ കളിച്ച അയ്യർ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ച താരം ഒരു കളിയിൽ മൂന്നാം നമ്പറിലും രണ്ടാം കളിയിൽ ആറാം നമ്പറിലുമാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. 28 പന്തിൽ 36 റൺസെടുത്തെങ്കിലും ബൗൾ ചെയ്തത് ഒരേയൊരു മത്സരത്തിൽ മാത്രം. 12 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് കളികളിൽ അവസരം ലഭിച്ചെങ്കിലും 40 പന്തിൽ നിന്ന് നേടിയത് 24 റൺസ് മാത്രം. അഞ്ച് ഓവർ ബൗൾ ചെയ്ത് 28 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. 

‘ടി20 ടീമിലേക്കു മാത്രം പരിഗണിക്കപ്പെടേണ്ട താരമാണ് അയ്യരെന്നാണ് എന്റെ അഭിപ്രായം. കാരണം അതിനപ്പുറത്തേക്കുള്ള പക്വതയും പാകതയും അദ്ദേഹത്തിനില്ല. ഏഴോ എട്ടോ ഐപിഎൽ മത്സരങ്ങളിലെ പ്രകടനം കണ്ടിട്ടാണ് അദ്ദേഹത്തിന് രാജ്യാന്തര വേദിയിൽ അവസരം ലഭിച്ചത്. ഐപിഎലാണ് ടീമിലെടുക്കുന്നതിന്റെ മാനദണ്ഡമെങ്കിൽ അദ്ദേഹത്തെ ടി20 ടീമിലേക്കു പരിഗണിക്കൂ. ഏകദിനം തീർത്തും വ്യത്യസ്തമായ മേഖലയാണ്’ – ഗംഭീർ ചൂണ്ടിക്കാട്ടി.

‘ഐപിഎലിൽ അയ്യർ ഓപ്പണറാണ്. ഇപ്പോൾ മധ്യനിരയിലാണ് സ്ഥാനം. അദ്ദേഹത്തെ തിരിച്ചയയ്ക്കൂ. അയ്യരെ തുടർന്നും ഏകദിന ടീമിലേക്ക് പരിഗണിക്കുന്നുവെങ്കിൽ അദ്ദേഹത്തെ മധ്യനിരയിൽ കളിപ്പിക്കാൻ ഐപിഎൽ ടീമിനോട് ആവശ്യപ്പെടൂ. പക്ഷേ, അയ്യരെ ഇനി ടി20യിൽ മാത്രം കളിപ്പിക്കുന്നതാണ് ഉചിതമെന്നാണ് എന്റെ അഭിപ്രായം. അതും ഓപ്പണറായിട്ടാണെങ്കിൽ മാത്രം. കാരണം, ഐപിഎലിൽ അയ്യരുടെ സ്ഥാനം അവിടെയാണ്’ – ഗംഭീർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com