കറാച്ചി: ദക്ഷിണാഫ്രിക്കൻ മണ്ണിൽ 2007ൽ നടന്ന പ്രഥമ ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീട നേട്ടം ക്രിക്കറ്റ് ആരാധകർ ഇന്നും ആവേശത്തോടെ നെഞ്ചേറ്റുന്നതാണ്. ചിരവൈരികളായ പാകിസ്ഥാനെ ഫൈനലിൽ വീഴ്ത്തിയാണ് ഇന്ത്യ ധോനിയുടെ നേതൃത്വത്തിൽ കിരീടം ഉയർത്തിയത്. അവസാന ഓവറിൽ പന്തെറിഞ്ഞ ജോഗീന്ദർ ശർമ, പാക് ബാറ്റർ മിസ്ബ ഉൾ ഹഖിനെ ശ്രീശാന്തിന്റെ കൈകളിൽ എത്തിച്ചാണ് ഇന്ത്യക്ക് അന്ന് കിരീടം സമ്മാനിച്ചത്.
അന്നത്തെ കാര്യങ്ങൾ ഓർത്തെടുക്കുകയാണ് ഇപ്പോൾ മിസ്ബ ഉൾ ഹഖ്. 14 വർഷങ്ങൾക്കു ശേഷം അന്നത്തെ തന്റെ ബാറ്റിങ്ങിനെക്കുറിച്ചാണ് മിസ്ബ ഓർത്തെടുക്കുന്നത്. അന്ന് സ്കൂപ്പ് ഷോട്ടിലൂടെ റൺസ് നേടാൻ ശ്രമിച്ചാണ് മിസ്ബ പുറത്തായത്. അമിത ആത്മവിശ്വാസം മൂലമാണ് അന്നു സ്കൂപ്പ് ഷോട്ടിനു ശ്രമിച്ചതെന്നാണ് മിസ്ബയുടെ തുറന്നുപറച്ചിൽ. സഹതാരങ്ങളായിരുന്ന ഷൊയ്ബ് അക്തർ, മുഹമ്മദ് യൂസഫ് എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യയ്‌ക്കെതിരെ 2007 ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടതിനെക്കുറിച്ച് മിസ്ബ ഉൾ ഹഖ് മനസ്സുതുറന്നത്.
‘2007ൽ എല്ലാ മത്സരങ്ങളിലും സ്കൂപ്പ് ഷോട്ട് കളിച്ച് ഞാൻ നിരവധി ബൗണ്ടറികൾ നേടിയിരുന്നു. ഫൈൻ ലെഗിൽ ഫീൽഡർ ഉണ്ടായിരുന്നിട്ടും ഓസ്‌ട്രേലിയക്കെതിരെ ആ ഷോട്ട് കളിക്കുമ്പോൾ ഞാൻ സിംഗിൾസ് എടുത്തിരുന്നു. സ്പിന്നർമാർക്കെതിരെ, ആ ഷോട്ട് വിജയകരമാകുകയും ചെയ്തു. അതുകൊണ്ടുതന്നെ ഫൈനൽ മത്സരത്തിൽ ഞാൻ അമിത ആത്മവിശ്വാസത്തിലായിരുന്നെന്നു പറയാം. ആ ഷോട്ട് കളിച്ച ടൈമിങ് തെറ്റി’– മിസ്ബ പറഞ്ഞു.
ഫൈനൽ മത്സരത്തിൽ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ധോനി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഗൗതം ഗംഭീറിന്റെ (54 പന്തിൽ 75) അർധ സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ആർപി സിങ്, ഇർഫാൻ പഠാൻ എന്നിവർ ചേർന്നു പാക് ബാറ്റർമാരെ വരിഞ്ഞുമുറിക്കിയെങ്കിലും ഒരുവശത്ത് ഉറച്ചുനിന്ന മിസ്ബ ഉൾ ഹഖ് പാകിസ്ഥാന് വിജയ പ്രതീക്ഷ നൽകുകയായിരുന്നു.
അവസാന ഓവറിൽ 13 റൺസായിരുന്നു കിരീടത്തിലേക്ക് പാകിസ്ഥാന്റെ ദൂരം. ധോനി പന്ത് ഏൽപ്പിച്ചതാകട്ടെ ജോഗീന്ദർ ശർമയെയും. ആദ്യ പന്ത് വൈഡ് ആയതോടെ പാകിസ്ഥാന് ഒരു റൺസ്. ആറ് പന്തിൽ വേണ്ടത് 12 റൺസ്. അടുത്ത് പന്ത് ഡോട്ട് ബോൾ. എന്നാൽ രണ്ടാം പന്തിൽ ജോഗീന്ദറിന്റെ ഫുൾ ടോസ് മിസ്ബ സിക്സർ പറത്തി.
അവസാനനിമിഷം കിരീടം കൈവിടുമോയെന്ന് ആശങ്കയിൽ ഇന്ത്യൻ ആരാധകർ. എന്നാൽ മൂന്നാം പന്തിൽ സ്കൂപ്പ് ഷോട്ടിനു ശ്രമിച്ച മിസ്ബയുടെ കണക്കുകൂട്ടൽ തെറ്റി. ഷോർട്ട് ഫൈനൽ ലെഗിൽ ശ്രീശാന്ത് പന്ത് കൈയിൽ ഒതുക്കിയതോടെ ഇന്ത്യയ്ക്ക് കന്നി ടി20 കിരീടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates