ജമൈക്ക: നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ ക്വാർട്ടർ ഫൈനലിൽ തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ. അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. സെമിയിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 111 റൺസ് മാത്രമാണ് കണ്ടെത്താനായത്. 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറാണ് ബംഗ്ലാദേശ് ഇന്നിങ്സിനെ തകർത്തത്. വിക്കി ഓസ്റ്റോൾ രണ്ട് വിക്കറ്റും വീഴ്ത്തി. എന്നാൽ ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ബംഗ്ലാദേശ് പ്രഹരമേൽപ്പിച്ചു.
റൺ എടുക്കും മുൻപ് ഓപ്പണർ ഹർനൂർ സിങ്ങിനെ ഇന്ത്യക്ക് നഷ്ടമായി. എന്നാൽ 44 റൺസ് നേടിയ രഘുവംശിയും 26 റൺസ് നേടിയ ശൈഖ് റഷീദും ഇന്ത്യൻ ഇന്നിങ്സ് മുൻപോട്ട് കൊണ്ടുപോയി. ഇരുവരും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും മടങ്ങിയതിന് ശേഷം സിദ്ധാർഥ് യാദവും രാജ് ബജ്വയും തുടരെ പുറത്തായത് ഇന്ത്യയെ സമ്മർദത്തിലാക്കി.
എന്നാൽ നായകൻ യഷ് ദുളും കൗശൽ ടാംബെയും ചേർന്ന് വലിയ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. 19.1 ഓവർ മാത്രമാണ് ഇന്ത്യക്ക് വിജയ ലക്ഷ്യം മറികടക്കാൻ വേണ്ടി വന്നത്. ഇന്ത്യ ഇത് തുടർച്ചയായ നാലാം തവണയാണ് അണ്ടർ 19 ലോകകപ്പിന്റെ സെമി ഉറപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates