മുംബൈ: ഐപിഎൽ മെഗാ താര ലേലം നടക്കാനിരിക്കെ ക്രിക്കറ്റ് ലോകത്ത് അതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി കഴിഞ്ഞു. ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്ത ദീപക് ചഹർ ഈ വർഷത്തെ ഐപിഎൽ താര ലേലത്തിൽ വലിയ തുക നേടുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഐപിഎൽ താരലേലം ഫെബ്രുവരി 12, 13 തീയതികളിലായി നടക്കാനിരിക്കെയാണ് ചോപ്രയുടെ പ്രവചനം.
ന്യൂബോളിൽ മൂന്ന് ഓവർ മികവോടെ എറിയുമെന്ന് ഉറപ്പു നൽകാവുന്ന താരമെന്ന നിലയിലും അദ്ദേഹത്തിന്റെ വിക്കറ്റെടുക്കാനുള്ള മികവ് പരിഗണിച്ചും താര ലേലത്തിൽ 10 ടീമും ചഹറിനായി രംഗത്തിറങ്ങും. ഇന്ത്യക്കായി ബാറ്റിങിലും തിളങ്ങിയ താരത്തിന് അക്കാര്യത്തിലും മുൻതൂക്കമുണ്ടാകും. 2018 മുതൽ തുടർച്ചയായി നാല് സീസണുകളിൽ ഒപ്പമുണ്ടായിരുന്ന ചഹറിനെ തുടർന്നും നിലനിർത്താൻ, ചെന്നൈ സൂപ്പർ കിങ്സ് തന്നെ വലിയ തുകയുമായി രംഗത്തിറങ്ങുമെന്നും ചോപ്ര പറഞ്ഞു.
ഐപിഎലിൽ കഴിഞ്ഞ ഏതാനും സീസണുകളായി ന്യൂബോളിൽ ധോനി ഏറ്റവുമധികം വിശ്വാസമർപ്പിച്ചിരുന്ന താരമാണ് ദീപക് ചഹർ. ഇതുവരെ ഐപിഎലിൽ 63 മത്സരങ്ങൾ കളിച്ച ചഹർ, 59 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2019ൽ 22 വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. ഈ വർഷത്തെ ഐപിഎൽ താരലേലത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്ത താരങ്ങളിൽ പ്രമുഖനാണ് ചഹർ. രവീന്ദ്ര ജഡേജ, ധോനി, മോയിൻ അലി, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെയാണ് ചെന്നൈ നിലനിർത്തിയത്.
‘ന്യൂബോളിൽ കൃത്യമായി വിക്കറ്റ് വീഴ്ത്താനുള്ള ചഹറിന്റെ കഴിവ് ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ ചഹറുമായി താരതമ്യം ചെയ്യാവുന്ന മറ്റ് ഇന്ത്യൻ ബോളർമാർ തീരെ വിരളമാണ്. ആദ്യ മൂന്ന് ഓവറിൽ ദീപക് ചഹർ ടീമിന്റെ ഏറ്റവും വിശ്വസ്തനായ ബൗളറാണ്. പവർപ്ലേ ഓവറുകളിൽ രംഗത്തു വന്ന് ടീമിനായി വിക്കറ്റുകൾ നേടാൻ ചഹറിനാകും. അങ്ങനെ എതിരാളികളുടെ നട്ടെല്ലു തകർക്കുന്ന ബോളറാണ് ചഹർ. ഡെത്ത് ഓവറുകളിൽ ഏറ്റവും മികച്ച ബോളറാണെന്ന് പറയാനാകില്ലെങ്കിലും പരീക്ഷിക്കാവുന്ന താരമാണ്.‘
‘ഇത്തവണ പുതിയ ടീമുകളായ അഹമ്മദാബാദ്, ലഖ്നൗ എന്നിവർക്കൊപ്പം ചെന്നൈ സൂപ്പർ കിങ്സ് തന്നെ ചഹറിനായി ശക്തമായി രംഗത്തുണ്ടാകും. എല്ലാ ടീമിനും ചഹറിൽ ഒരു കണ്ണുണ്ടാകുമെന്ന് തീർച്ച. ഇത്തവണ ചഹറിനെ വാങ്ങുന്നവർ നല്ല രീതിയിൽത്തന്നെ പണം ചെലവഴിക്കേണ്ടി വരും. ഇപ്പോൾ അദ്ദേഹത്തിന്റെ ബാറ്റിങ്ങും വളരെ മികച്ചതാണ്. അതുകൊണ്ട് ബാറ്റിങ്ങിലും ചഹർ മുതൽക്കൂട്ടായിരിക്കും’ – ചോപ്ര വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
