'ആൻഡേഴ്സന് സെഞ്ച്വറി!'- ഇം​ഗ്ലീഷ് മണ്ണിൽ ഇന്ത്യക്കെതിരെ നൂറ് വിക്കറ്റുകൾ; അപൂർവ നേട്ടം

ഇന്ത്യയ്‌ക്കെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കരിയറിലെ അപൂര്‍വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇപ്പോൾ ആൻഡേഴ്സൻ
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ബര്‍മിങ്​ഹാം: പ്രായം കൂടും തോറും വീര്യം കൂടുക എന്ന പ്രയോ​ഗം സമകാലിക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ചേരുക ആർക്കായിരിക്കും. സംശയിക്കേണ്ട അത് ഇം​ഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സനാണ്. പ്രായം 40ൽ എത്തിയിട്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്രയും കണിശമായി പന്തെറിയുന്ന മറ്റൊരു പേസർ ഇല്ല. ബൗളിങ് ക്രീസിലെത്തിയാൽ കൗമാര താരങ്ങളെ പോലും അമ്പരപ്പിക്കുന്ന വേ​ഗവും കൃത്യതയും വിക്കറ്റ് വീഴ്ത്താനുള്ള ആത്മവിശ്വാസവും അത്രയുണ്ട് താരത്തിന്. 

ഇന്ത്യയ്‌ക്കെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കരിയറിലെ അപൂര്‍വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇപ്പോൾ ആൻഡേഴ്സൻ. അവസാന ടെസ്റ്റിൽ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കത്തിൽ തന്നെ കാരണക്കാരനായി നിന്നത് ആരാധകർ ഏറെ സ്നേഹത്തോടെ ജിമ്മി എന്നു വിളിക്കുന്ന ആൻഡേഴ്സൻ തന്നെ. ശുഭ്മാൻ ​ഗിൽ, ചേതേശ്വർ പൂജാര, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകൾ പിഴുതാണ് ആൻഡേഴ്സൻ ഇന്ത്യയെ തുടക്കത്തിൽ തന്നെ വെട്ടിലാക്കിയത്. 

ഗില്ലിനെയും പൂജാരയേയും മടക്കി ആൻഡേഴ്സൻ ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യയ്‌ക്കെതിരേ 100 ടെസ്റ്റ് വിക്കറ്റുകളെന്ന അപൂര്‍വ നേട്ടമാണ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ സ്വന്തം നാട്ടില്‍ ഏതെങ്കിലുമൊരു ടീമിനെതിരേ 100 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ആൻഡേഴ്സനെ തേടിയെത്തി. ഇതിനു പിന്നാലെ ശ്രേയസ് അയ്യരേയും പുറത്താക്കിയ താരം വിക്കറ്റ് നേട്ടം 101 ആക്കി ഉയര്‍ത്തി. 

ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും ഇംഗ്ലണ്ട് ടീമില്‍ ജിമ്മിയുടെ സഹതാരമായ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പിന്നിലുള്ളത്. ഇന്ത്യന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരേ 86 വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഭജന്‍ സിങ് പട്ടികയില്‍ രണ്ടാമതാണ്. ഓസീസിനെതിരേ തന്നെ ഇംഗ്ലണ്ടില്‍ 84 വിക്കറ്റുകള്‍ വീഴ്ത്തി ബ്രോഡ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com