'കിരീടങ്ങളല്ല, സന്തോഷമാണ് എനിക്ക് പ്രധാനം'; വിംബിള്‍ഡണ്‍ സെമിയിലെ പിന്മാറ്റത്തില്‍ നദാല്‍

വിംബിള്‍ഡണില്‍ 19 വര്‍ഷത്തിന് ശേഷമാണ് അണ്‍സീഡായ താരം പുരുഷ വിഭാഗം സിംഗിള്‍സില്‍ കടക്കുന്നത്
റാഫേല്‍ നദാല്‍/ഫോട്ടോ: എഎഫ്പി
റാഫേല്‍ നദാല്‍/ഫോട്ടോ: എഎഫ്പി

ലണ്ടണ്‍: പരിക്ക് വലച്ചതോടെ വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ നിന്ന് പിന്മാറി റാഫേല്‍ നദാല്‍. ഇതോടെ നിക്ക് കിര്‍ഗിയോസ് ഫൈനലില്‍ എത്തി. വിംബിള്‍ഡണില്‍ 19 വര്‍ഷത്തിന് ശേഷമാണ് അണ്‍സീഡായ താരം പുരുഷ വിഭാഗം സിംഗിള്‍സില്‍ കടക്കുന്നത്. 

വയറിനേറ്റ പരിക്കിനെ തുടര്‍ന്നാണ് നദാല്‍ സെമി പോരിന് നില്‍ക്കാതെ മടങ്ങിയത്. ക്വാര്‍ട്ടറില്‍ പരിക്ക് വകവെക്കാതെ കളിച്ചാണ് ടൈലര്‍ ഫ്രീറ്റ്‌സിനെ തോല്‍പ്പിച്ചത്. ഗ്യാലറിയില്‍ നിന്ന് പിതാവ് കളിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും നദാല്‍ അതിന് തയ്യാറായില്ല. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വയറ്റിലെ പേശികളില്‍ 7 മില്ലീ മീറ്റര്‍ ആഴമുള്ള മുറിവ് കണ്ടെത്തി. 

നിലവിലെ സാഹചര്യത്തില്‍ ഇനി വരുന്ന രണ്ട് മത്സരങ്ങള്‍ ജയിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പുള്ളതിനാലാണ് പിന്മാറുന്നത് എന്നാണ് നദാല്‍ പ്രതികരിച്ചത്. ശരീയായ സ്പീഡില്‍ സെര്‍വ് ചെയ്യാന്‍ കഴിയില്ല എന്നത് മാത്രമല്ല പ്രശ്‌നം. സെര്‍വ് ചെയ്യാന്‍ വേണ്ടിയുള്ള നോര്‍മല്‍ മൂവ്‌മെന്റ്‌സ് പോലും നടത്താന്‍ എനിക്കാവില്ല, നദാല്‍ പറഞ്ഞു. 

ഞാന്‍ എല്ലായ്‌പ്പോഴും പറയുന്നത് പോലെ ഏതൊരു കിരീടത്തേക്കാളും എനിക്ക് വലുത് സന്തോഷമാണ്. ഇവിടെ വരെ എത്താന്‍ ഞാന്‍ എത്രത്തോളം പ്രയത്‌നിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ മത്സരത്തില്‍ റിസ്‌ക് എടുത്തിട്ട് രണ്ട് മൂന്ന് മാസം മത്സരങ്ങളില്‍ നിന്ന് പുറത്തിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, നദാല്‍ വ്യക്തമാക്കി. 

വിംബിള്‍ഡണ്‍ ഫൈനലില്‍ കിര്‍ഗിയോസിന്റെ എതിരാളി ആരെന്ന് ഇന്ന് അറിയാം. ടോപ് സീഡായ ജോക്കോവിച്ചും ഒന്‍പതാം സീഡായ കാമറോണ്‍ നോറിയും ഇന്ന് കോര്‍ട്ടിലിറങ്ങും. മൂന്ന് വട്ടം വിംബിള്‍ഡണില്‍ മുത്തമിട്ട ജോക്കോവിച്ചിനാണ് ഇവിടെ മേല്‍ക്കൈ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com