'കോഹ്‌ലിയുടെ നിലവാരം അളക്കാൻ വരണ്ട; ആരാണ് ഈ വി​ദ​ഗ്ധർ?'- മുൻ താരങ്ങൾക്കെതിരെ രോഹിത്

പുറത്തു നിന്ന് ആളുകൾ അഭിപ്രായം പറയുന്നത് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യമയേല്ല. ഈ വിദ​ഗ്ധർ ആരാണ്, എന്തിനാണ് അവരെ അങ്ങനെ വിളിക്കുന്നത് എന്നൊന്നും എനിക്കറിയില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബിർമിങ്​ഹാം: മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മോശം ഫോം ആവർത്തിക്കുമ്പോൾ മുൻ താരങ്ങളും ക്രിക്കറ്റ് വിദ​ഗ്ധരും ആരാധകരും ഒരുപോലെ താരത്തിനെതിരെ രം​ഗത്തുണ്ട്. മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി കളിക്കുന്ന കോഹ്‌ലി 2019 നവംബറിനു ശേഷം ഒരു ഫോർമാറ്റിലും ഒരു സെഞ്ച്വറി പ്രകടനം പോലും നടത്തിയിട്ടില്ല. ഇം​ഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും നിരാശ തന്നെ. 

ബാറ്റിങിൽ തുടരെ പരാജയപ്പെടുമ്പോൾ കോഹ്‌ലിക്ക് പൂർണ പിന്തുണയെന്ന് പ്രഖ്യാപിക്കുകയാണ് രോ​ഹിത് ശർമ. കോഹ്‌ലിയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യുന്ന മുൻ താരങ്ങളടക്കമുള്ളവർക്കെതിരെ നായകൻ രം​ഗത്തു വന്നു. കോഹ്‌ലിയുടെ നിലവാരം അളക്കാൻ ആരും വരേണ്ടെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിലപാട് മാനേജ്മെന്റ് തുടരുമെന്നും രോഹിത് അർധാശങ്കയില്ലാതെ വ്യക്തമാക്കി. 

കോഹ്‌ലിയുടെ ഫോമിനെക്കുറിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്, ഇം​ഗ്ലണ്ട് നായകൻ മൈക്കൽ വോൺ അടക്കമുള്ള മുൻ താരങ്ങളും വിദ​ഗ്ധരുമെല്ലാം അഭിപ്രായം പറഞ്ഞിരുന്നു. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രോഹിതിന്റെ മറുപടി. 

അഞ്ച് മാസത്തിന് ശേഷമാണ് കോഹ്‌ലി അന്താരാഷ്ട്ര ടി20യിലേക്ക് മടങ്ങിയെത്തിയത്. കോഹ്‌ലിയുടെ അഭാവത്തിൽ ദീപക് ഹൂഡയെപ്പോലുള്ളവർക്ക് അവസരങ്ങൾ ലഭിക്കുകയും അവർ അത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു. എന്നാൽ മികച്ച ഫോമിൽ കളിച്ചിട്ടും ഹൂഡയെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. 

'പുറത്തു നിന്ന് ആളുകൾ അഭിപ്രായം പറയുന്നത് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യമയേല്ല. ഈ വിദ​ഗ്ധർ ആരാണ്, എന്തിനാണ് അവരെ അങ്ങനെ വിളിക്കുന്നത് എന്നൊന്നും എനിക്കറിയില്ല. കോഹ്‌ലിയുടെ ഫോം സംബന്ധിച്ച് ടീമിന് ഒരു കാഴ്ചപ്പാടുണ്ട് അതിനനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.' 

പ്രശസ്തി കണക്കിലെടുത്ത് കളിക്കാരെ തിരഞ്ഞെടുക്കാനാകില്ലെന്നും നിലവിലെ ഫോമിൽ ഒരാൾ പോകണമെന്നും കപിൽ പറഞ്ഞപ്പോൾ, കോഹ്‌ലിക്ക് കളിയിൽ നിന്ന് മൂന്ന് മാസത്തെ വിശ്രമം ആവശ്യമാണെന്നായിരുന്നു വോണിന്റെ അഭിപ്രായം.

'അഭിപ്രായം പ്രകടിപ്പിക്കുന്നവർ പുറത്ത് നിന്നാണ് കാര്യങ്ങൾ കാണുന്നത്. ടീമിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് അറിയില്ല. ഞങ്ങൾക്ക് ഒരു കാഴ്ചപ്പാടുണ്ട്. അതനുസരിച്ചാണ് ടീം മുന്നോട്ടു പോകുന്നത്. നിരന്തരം കളിയെക്കുറിച്ച് സംസാരിക്കുകയും ചിന്തിക്കുകയും ശ്രമം തുടരുകയുമാണ് ടീം ചെയ്യുന്നത്. കളിക്കാർക്ക് പൂർണ പിന്തുണ നൽകുന്നു. അവർക്ക് അവസരങ്ങൾ കൊടുക്കുന്നു. അതിനാൽ പുറത്തുള്ള ആളുകളെയല്ല, ടീമിനുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്നു മാത്രമാണ് ഞങ്ങൾ പരി​ഗണിക്കുന്നത്. അതുമാത്രമാണ് പ്രധാനം.'  

അന്താരാഷ്ട്ര ക്രിക്കറ്റിൽ 70ഓളം സെഞ്ച്വറികൾ നേടിയ കോഹ്‌ലിയുടെ മികവിനെ ആർക്കാണ് ചോദ്യം ചെയ്യാൻ സാധിക്കുകയെന്നും രോഹിത് പറയുന്നു. 

'ഫോമിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, എല്ലാ താരങ്ങളുടെ കരിയറിലും അതിന്റെ ഏറ്റക്കുറച്ചിലുകൾ കാണാം. അതിനർത്ഥം കളിക്കാരന്റെ നിലവാരം മോശമാണ് എന്നല്ല. ഒരു കളിക്കാരൻ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നു. അതിനിടെ മോശം ഫോമിൽ ഒന്നോ, രണ്ടോ പരമ്പരകളും കളിക്കും. എന്നു കരുതി അവർ ഇക്കാലം വരെ നൽകിയ സംഭാവനകൾ മറക്കാൻ പാടില്ല.' 

'ചിലർക്ക് കാര്യങ്ങൾ ശരിയായ വഴിക്കെത്താൻ ചിലപ്പോൾ സമയം വേണ്ടി വരും. ടീം അത്തരം കാര്യങ്ങൾക്ക് നല്ല പിന്തുണയും നൽകുന്നുണ്ട്. പുറത്തുള്ളവർക്ക് ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ട്. പക്ഷേ ഞങ്ങൾ ആ അഭിപ്രായങ്ങളൊന്നും അത്ര വലിയ കാര്യമായി കാണുന്നില്ല'- രോഹിത് തുറന്നടിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com