ഇന്ത്യയില്‍ നിന്ന് കളി തട്ടിയെടുത്ത് ആഷ്‌ലെ ഗാര്‍ഡനര്‍; ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റ് ജയം

ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ആഷ്‌ലെ ഗാര്‍ഡനറുടെ ബാറ്റിങ് വിജയത്തിലേക്ക് നയിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ വനിതാ ടി20യില്‍ ഇന്ത്യക്ക് തോല്‍വി. മൂന്ന് വിക്കറ്റിന് ഇന്ത്യയെ ഓസ്‌ട്രേലിയന്‍ വനിതകള്‍ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് എടുത്തത്. മറുപടി പറഞ്ഞ ഓസീസ് 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്താണ് വിജയം പിടിച്ചത്. 

ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ആഷ്‌ലെ ഗാര്‍ഡനറുടെ ബാറ്റിങ് വിജയത്തിലേക്ക് നയിച്ചു. ഗ്രെയ്‌സ് ഹാരിസിന്റെ പിന്തുണയും ആഷ്‌ലെയ്ക്ക് ലഭിച്ചു. ഇതോടെ അവര്‍ കളിയില്‍ പിടിമുറുക്കി. 

ഗ്രെയ്‌സിനേയും പിന്നാലെ എത്തിയ ജെസ് ജോണ്‍സനേയും വീഴ്ത്തി ഇന്ത്യ വീണ്ടും തിരിച്ചെത്താന്‍ ശ്രമം നടത്തിയെങ്കിലും അത് വിജയത്തിലെത്തിയില്ല. 

ആഷ്‌ലെ 35 പന്തില്‍ 52 റണ്‍സെടുത്തു. ഒന്‍പത് ഫോറുകള്‍ സഹിതമായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം. ഗ്രെയ്‌സ് 37 റണ്‍സ് കണ്ടെത്തി. അലന കിങ് 18 റണ്‍സെടുത്ത് അഷ്‌ലെയ്‌ക്കൊപ്പം വിജയത്തില്‍ ഒപ്പം നിന്നു. 

ഇന്ത്യക്കായി രേണുക സിങ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ദീപ്തി ശര്‍മ രണ്ട് വിക്കറ്റും മേഘ്‌ന സിങ് ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഹര്‍മന്‍പ്രീത് കൗറിന്റേയും ഷഫാലി വര്‍മയുടേയും ഇന്നിങ്സുകളാണ് തുണയായത്. 17 പന്തില്‍ നിന്ന് 24 റണ്‍സ് അടിച്ചെടുത്ത മന്ധാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായത്. 24 റണ്‍സ് എടുത്ത മന്ദാന മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 25. 

കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20യില്‍ അര്‍ധ ശതകം നേടുന്ന ആദ്യ വനിതാ താരം എന്ന നേട്ടത്തിലേക്ക് എത്തുന്നതില്‍ നിന്ന് രണ്ട് റണ്‍സ് അകലെ ഷഫാലി വീണു. 33 പന്തില്‍ നിന്ന് 9 ബൗണ്ടറിയോടെ 48 റണ്‍സ് എടുത്താണ് പുറത്തായത്. 

ഷഫാലിക്ക് പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് വീശി. 34 പന്തില്‍ നിന്ന് 8 ഫോറും ഒരു സിക്സും സഹിതമാണ് 52 റണ്‍സ് നേടിയത്. ഷഫലി വര്‍മ പുറത്തായതിന് ശേഷം മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍ക്കും ഹര്‍മന് വേണ്ട പിന്തുണ നല്‍കാനായില്ല.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com