കളിമണ്‍ കോര്‍ട്ടിലെ രാജാവ്; ജോക്കോവിച്ചിനെ വീഴ്ത്തി നദാലിന്റെ മധുരപ്രതികാരം, അല്‍കാരസിന് സ്വരേവിന്റെ മറുപടി

തന്റെ 22ാം ഗ്രാന്‍ഡ്സ്ലാമിലേക്കും 14ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിലേക്കും നദാല്‍ എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍
റാഫേല്‍ നദാല്‍/ഫോട്ടോ: എഎഫ്പി
റാഫേല്‍ നദാല്‍/ഫോട്ടോ: എഎഫ്പി

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ ആവേശപ്പോരില്‍ നിലവിലെ ചാമ്പ്യനായ ജോക്കോവിച്ചിനെ വീഴ്ത്തി റാഫേല്‍ നദാല്‍. നാല് സെറ്റ് നീണ്ട പേരില്‍ 6-2,4-6,6-2,7-6 എന്നീ സ്‌കോറിനാണ് കളിമണ്‍ കോര്‍ട്ടിലെ കേമന്‍ താന്‍ തന്നെ എന്ന് ഉറപ്പിച്ച നദാലിന്റെ ജയം. 

തന്റെ 22ാം ഗ്രാന്‍ഡ്സ്ലാമിലേക്കും 14ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിലേക്കും നദാല്‍ എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പരിക്കില്‍ നിന്നും പുറത്ത് വന്ന നദാലിനെയാണ് ജോക്കോവിച്ചിനെതിരെ കണ്ടത്.  കഴിഞ്ഞ വര്‍ഷം സെമിയില്‍ ജോക്കോവിച്ചില്‍ നിന്നേറ്റ തോല്‍വിക്കും നദാല്‍ ഇവിടെ മറുപടി നല്‍കി. 

ജോക്കോവിച്ചിന് എതിരെ കളിക്കുക എന്നത് തന്നെ വലിയ വെല്ലുവിളിയാണ്. ആദ്യ പോയിന്റ് മുതല്‍ അവസാന പോയിന്റ് വരെ ജോക്കോവിച്ചിന് എതിരെ കളിക്കുമ്പോള്‍ മികവ് പുലര്‍ത്തണം. ഇത് വൈകാരികമായ നിമിഷമാണ്. ഇവിടെ കളിക്കുക എന്നത് എനിക്ക് എത്രമാത്രം പ്രധാനമാണ് എന്ന് എല്ലാവര്‍ക്കും അറിയാം, ജോക്കോവിച്ചിനെതിരായ ജയത്തിന് ശേഷം നദാല്‍ പറഞ്ഞു. 

നദാലിന്റെ 15ാം ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലാണ് ഇത്. സെമിയില്‍ അലക്‌സാണ്ടര്‍ സ്വരേവ് ആണ് നദാലിന്റെ എതിരാളി. സ്പാനിഷ് കൗമാര താരം കാര്‍ലോസ് അല്‍കാരസിനെ വീഴ്ത്തിയാണ് സ്വരേവിന്റെ സെമി പ്രവേശനം. മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍ അല്‍കാരസിന് മുന്‍പിലേറ്റ തോല്‍വിക്കാണ് സ്വരേവ് ഇവിടെ മറുപടി നല്‍കിയത്. 6-4,6-4,4-6,7-6 എന്നീ സ്‌കോറിനാണ് സ്വരേവിന്റെ ജയം.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com