140 പന്തില്‍ 309 റണ്‍സ്! 49 ഫോറുകള്‍; ലോക റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയന്‍ താരം; പ്രകടനം ഗിന്നസ് ബുക്കിലും 

1998ലെ ബ്ലൈന്‍ഡ് ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാന്റെ മസൂദ് ജാന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് സ്‌റ്റെഫാന്‍ പിന്തള്ളിയത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ബ്രിസ്‌ബെയ്ന്‍: കാഴ്ച പരിമിതിയുള്ളവരുടെ ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ ഉജ്ജ്വലമായൊരു ലോക റെക്കോര്‍ഡ് തീര്‍ത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണിങ് ബാറ്റര്‍ സ്റ്റെഫാന്‍ നെരോ. ബ്ലൈന്‍ഡ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡാണ് സ്‌റ്റെഫാന്‍ സ്വന്തമാക്കിയത്. ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി തികച്ചാണ് താരത്തിന്റെ അപൂര്‍വ നേട്ടം. 

1998ലെ ബ്ലൈന്‍ഡ് ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാന്റെ മസൂദ് ജാന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് സ്‌റ്റെഫാന്‍ പിന്തള്ളിയത്. മസൂദ് ഖാന്‍ സ്ഥാപിച്ച 262 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. ക്രിക്കറ്റ് റെക്കോര്‍ഡ് ബുക്കിനൊപ്പം താരത്തിന്റെ ഈ സ്‌കോര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇടംപിടിക്കും. 

ന്യൂസിലന്‍ഡിനെതിരായി നടക്കുന്ന ക്രിക്കറ്റ് ഇന്‍ക്ലൂഷന്‍ പരമ്പരയിലാണ് താരത്തിന്റെ അവിസ്മരണീയ ബാറ്റിങ്. 140 പന്തില്‍ നിന്ന് 309 റണ്‍സുമായി താരം പുറത്താകാതെ നിന്നു. റെക്കോര്‍ഡ് ബാറ്റിങില്‍ താരം 49 ഫോറുകളും ഒരു സിക്‌സും സഹിതമാണ് ട്രിപ്പിള്‍ തൊട്ടത്. മൂന്ന് മണിക്കൂറോളം ക്രീസില്‍ ചിലവഴിച്ച താരം ടീം സ്‌കോര്‍ 40 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 542 റണ്‍സില്‍ എത്തിച്ചു.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് 272 റണ്‍സില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ സ്റ്റെഫാന്‍ അഞ്ച് ന്യൂസിലന്‍ഡ് താരങ്ങളെ റണ്ണൗട്ടാക്കുന്നതിലും പങ്കാളിയായി. 

പരമ്പരയില്‍ മിന്നും ഫോമിലാണ് സ്‌റ്റെഫാന്‍. 113, 101, 47 എന്നിങ്ങനെയാണ് കഴിഞ്ഞ കളികളില്‍ താരം നേടിയത്. പരമ്പരയില്‍ ആകെ 523 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് 224.5.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com