മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മിന്നും പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ചരിത്ര നേട്ടത്തിൽ സ്വന്തം പേര് എഴുതി ചേർത്ത് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ടെസ്റ്റ് ചരിത്രത്തിൽ ഒരു മത്സരത്തിൽ 150ലേറെ റൺസും അഞ്ച് വിക്കറ്റും വീഴ്ത്തുന്ന ആറാമത്തെ താരമായിരിക്കുകയാണ് ജഡേജ.
ശ്രീലങ്കയ്‌ക്കെതിരേ ഒന്നാം ഇന്നിങ്‌സിൽ 175 റൺസ് നേടി പുറത്താകാതെ നിന്ന ജഡേജ ലങ്കയുടെ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റും വീഴ്ത്തിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്സിൽ താരം നാല് വിക്കറ്റുകൾ കൂടി പിഴുത് നേട്ടം ഒൻപതാക്കി ഉയർത്തുകയും ചെയ്തു.
ഇതോടെ മുൻ ഇന്ത്യൻ താരം വിനു മങ്കാദ്, ഡെനിസ് ആറ്റ്കിൻസൺ, പോളി ഉമ്രിഗർ, ഗാരി സോബേഴ്‌സ്, മുഷ്താഖ് മുഹമ്മദ് എന്നിവരുടെ നേട്ടത്തിനൊപ്പം ജഡേജയുമെത്തി.
മത്സരത്തിൽ 228 പന്തിൽ 17 ഫോറും മൂന്ന് സിക്സും സഹിതമാണ് ജഡേജ 175 റൺസെടുത്തത്. ഇതോടെ ഏഴാമനായിറങ്ങി ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുത്ത താരമായി ജഡേജ മാറി. ഇതിഹാസ താരം കപിൽദേവിന്റെ റെക്കോർഡാണ് മറികടന്നത്. രണ്ടാം ഇന്നിങ്‌സിൽ ജഡേജ നാല് വിക്കറ്റുമായി തിളങ്ങിയപ്പോൾ ഇന്ത്യ, ലങ്കയെ ഇന്നിങ്‌സിനും 222 റൺസിനും തകർക്കുകയും ചെയ്തു.
ഒരു ടെസ്റ്റിൽ 150ന് മുകളിൽ റൺസും അഞ്ച് വിക്കറ്റും വീഴ്ത്തിയ താരങ്ങൾ
വിനു മങ്കാദ് -1952ൽ ഇംഗ്ലണ്ടിനെതിരേ- (184, 5/196)
ഡെനിസ് ആറ്റ്കിൻസൺ- 1955ൽ ഓസ്‌ട്രേലിയക്കെതിരേ- (219, 5/56)
പോളി ഉമ്രിഗർ- 1962ൽ വെസ്റ്റ് ഇൻഡീസിനെതിരേ- (172*, 5/107)
ഗാരി സോബേഴ്സ്- 1966ൽ ഇംഗ്ലണ്ടിനെതിരേ- (174, 5/41)
മുഷ്താഖ് മുഹമ്മദ്- 1973ൽ ന്യൂസിലൻഡിനെതിരേ- (201, 5/49)
രവീന്ദ്ര ജഡേജ- 2022ൽ ശ്രീലങ്കയ്ക്കെതിരേ- (175*, 5/41)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates