പൊരുതിയത് ഹര്‍മന്‍പ്രീത് മാത്രം; ന്യൂസിലന്‍ഡിന് മുന്‍പില്‍ വീണ്ടും കാലിടറി; കിവീസിന് 62 റണ്‍സ് ജയം

ന്യൂസിലന്‍ഡ് മുന്‍പില്‍ വെച്ച 260 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 198 റണ്‍സിന് ഓള്‍ഔട്ടായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടൗരംഗ: വനിതാ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ. ന്യൂസിലന്‍ഡ് മുന്‍പില്‍ വെച്ച 260 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 198 റണ്‍സിന് ഓള്‍ഔട്ടായി. 62 റണ്‍സിനാണ് ന്യൂസിലന്‍ഡിന്റെ ജയം. 

71 റണ്‍സ് എടുത്ത ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നിന്നത്. 63 പന്തില്‍ നിന്ന് 6 ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു ഇത്. 56 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ മിതാലി രാജ് ആണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. 

59 പന്തില്‍ നിന്ന് 28 റണ്‍സുമായിയസ്തികയും ആറ് റണ്‍സുമായി മന്ദാനയും 5 റണ്‍സോടെ ദീപ്തി ശര്‍മയും മടങ്ങി. റിച്ചാ ഘോഷ് നേരിട്ട ആദ്യ പന്തില്‍ തന്നെ ഡക്കായി. വാലറ്റത്തെ ഇന്ത്യയുടെ ഒരു ബാറ്റര്‍ക്കും പൊരുതി നില്‍ക്കാന്‍ കഴിഞ്ഞില്ല.

മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി ലീ തഹുഹുവും അമേലിയ കെറും ചേര്‍ന്നാണ് ഇന്ത്യന്‍ വനിതകളെ വരിഞ്ഞു മുറുക്കിയത്. നേരത്തെ ബാറ്റിങ്ങില്‍ അമേലിയ അര്‍ധ ശതകവും നേടിയിരുന്നു. 75 റണ്‍സ് എടുത്ത എമി സറ്റെര്‍വൈറ്റ് ആണ് കളിയിലെ താരം. 

നേരത്തെ ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നാമത്തെ ഓവറില്‍ കിവീസ് സ്‌കോര്‍ ബോര്‍ഡില്‍ 9 റണ്‍സ് മാത്രം ഉള്ളപ്പോള്‍ ഇന്ത്യ ന്യൂസിലന്‍ഡിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 5 റണ്‍സിന് ഓപ്പണര്‍ ബേറ്റ്‌സ് മടങ്ങി. എന്നാല്‍ അമേലിയ കെറിന്റേയും എമി സതര്‍വൈറ്റിന്റേയും അര്‍ധ ശതകങ്ങള്‍ കിവീസിന് തുണയായി.

ഇന്ത്യക്ക് വേണ്ടി പൂജ വസ്ത്രാക്കര്‍ നാല് വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗെയ്ക്‌വാദ് രണ്ട് വിക്കറ്റും ജുലന്‍ ഗോസ്വാമിയും ദീപ്തി ശര്‍മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ കളിയില്‍ പാകിസ്ഥാന് എതിരെ ഇന്ത്യ ആധികാരിക ജയം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com