28 മാസത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോഹ്‌ലി, പിങ്ക് ബോള്‍ ടെസ്റ്റിന് ഇന്ന് തുടക്കം; ഇലവനിലേക്ക് അക്ഷര്‍ പട്ടേലോ മുഹമ്മദ് സിറാജോ?

28 മാസമായി സെഞ്ചുറി ഇല്ലാതെ നില്‍ക്കുന്ന കോഹ് ലിയിലേക്ക് തന്നെയാണ് ഇവിടേയും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബംഗളൂരു: ഇന്ത്യ-ശ്രീലങ്ക രാത്രി പകല്‍ ടെസ്റ്റിന് ഇന്ന് തുടക്കം. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രോഹിത്തും കൂട്ടരും ഇറങ്ങുമ്പോള്‍ പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 

സ്വന്തം മണ്ണില്‍ ഇന്ത്യന്‍ സംഘം കളിക്കുന്ന മൂന്നാമത്തെ രാത്രി പകല്‍ ടെസ്റ്റാണ് ഇത്. 28 മാസമായി സെഞ്ചുറി ഇല്ലാതെ നില്‍ക്കുന്ന കോഹ് ലിയിലേക്ക് തന്നെയാണ് ഇവിടേയും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പ്രധാനമായും എത്തുന്നത്. കോഹ് ലിയുടെ പ്രിയപ്പെട്ട ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 100 ശതമാനം കാണികളുടെ സാന്നിധ്യത്തില്‍ മൂന്നക്കം കടക്കാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ഏറ്റവും ഒടുവില്‍ കോഹ് ലി സെഞ്ചുറി നേടിയതും പിങ്ക് ബോള്‍ ടെസ്റ്റിലാണ്. 2019 നവംബറില്‍ ബംഗ്ലാദേശിന് എതിരെയായിരുന്നു ഇത്. 136 റണ്‍സ് ആണ് കോഹ് ലി കണ്ടെത്തിയത്. എന്നാല്‍ അതിന് ശേഷം കോഹ് ലി കണ്ടെത്തിയ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ 79 റണ്‍സ് ആണ്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ കേപ്ടൗണിലായിരുന്നു ഇത്. 

ബംഗളൂരുവില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് അക്ഷര്‍ പട്ടേലായിരിക്കുമോ മുഹമ്മദ് സിറാജ് ആയിരിക്കുമോ എത്തുക എന്ന ചോദ്യത്തിനും ഉത്തരമാവണം. ആദ്യ ടെസ്റ്റില്‍ മികവ് കാണിക്കാന്‍ സാധിക്കാതിരുന്ന ജയന്ത് യാദവിന് ടീമിലെ സ്ഥാനം നഷ്ടമാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്. 

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് എതിരെ 11 വിക്കറ്റ് വീഴ്ത്തി നിറഞ്ഞതും അക്ഷര്‍ പട്ടേലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ പേസിനെ അനുകൂലിക്കുന്ന പിച്ചാണ് എങ്കില്‍ മുഹമ്മദ് സിറാജിനെയാവും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുക. ശുഭ്മന്‍ ഗില്ലിനെ ടീമിലേക്ക് കൊണ്ടുവരുമോ ഹനുമാ വിഹാരി സ്ഥാനം നിലനിര്‍ത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com