അഞ്ചില്‍ അഞ്ചും ജയിച്ച് ഓസ്‌ട്രേലിയ, ലോകകപ്പ് സെമിയില്‍; ഇന്ത്യയെ തോല്‍പ്പിച്ചത് 6 വിക്കറ്റിന് 

278 റണ്‍സ് റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 49.3  ഓവറില്‍ ലക്ഷ്യം കണ്ടു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടൗരംഗ: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യക്ക് തോല്‍വി. ഇന്ത്യ മുന്‍പില്‍ വെച്ച 278 റണ്‍സ് റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 49.3  ഓവറില്‍ ലക്ഷ്യം കണ്ടു. ഇതോടെ 2022 ഏകദിന ലോകകപ്പില്‍ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ. 

സെഞ്ചുറിക്ക് അടുത്തെത്തിയ മെഗ് ലാനിങ്ങിന്റെ ഇന്നിങ്‌സും ഹീലിയുടെ അര്‍ധ ശതകവുമാണ് ഓസ്‌ട്രേലിയയെ ജയത്തിലേക്ക് എത്തിച്ചത്. രണ്ട് സെഞ്ചുറി കൂട്ടുകളാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സില്‍ വന്നത്. ഓപ്പണിങ്ങില്‍ റെയ്ച്ചല്‍ ഹെയ്‌നേസും ഹീലിയും 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ പെറിയും മെഗും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 103 റണ്‍സും. 

ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 121 റണ്‍സില്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് വീഴ്ത്താനായത്. തകര്‍ത്തടിച്ച് കളിക്കുകയായിരുന്ന ഹീലിയെ സ്‌നേഹ് റാണയാണ് മടക്കിയത്. 65 പന്തില്‍ നിന്ന് 9 ഫോറോടെ 72 റണ്‍സുമായാണ് ഹീലി മടങ്ങിയത്. പിന്നാലെ 53 പന്തില്‍ നിന്ന് 43 റണ്‍സുമായി നിന്ന റെയ്ചലിനെ പൂജ വസ്ത്രാക്കര്‍ റിച്ചാ ഘോഷിന്റെ കൈകളില്‍ എത്തിച്ചു. 

സെഞ്ചുറിക്ക് അരികെ വീണ് മെഗ് ലാനിങ്‌

എന്നാല്‍ മൂന്നാം വിക്കറ്റില്‍ മറ്റൊരു സെഞ്ചുറി കൂട്ടുകെട്ട് പിറന്നതോടെ കളി വീണ്ടും ഇന്ത്യയുടെ കൈകളില്‍ നിന്ന് വഴുതി. അവസാന നിമിഷങ്ങളില്‍
സെഞ്ചുറിക്ക് അടുത്ത് നില്‍ക്കെ മെഗ് ലാനിങ്ങിനെ മടക്കി കളിയില്‍ പിരിമുറുക്കം സൃഷ്ടിക്കാന്‍ ഇന്ത്യക്കായി. 107 പന്തില്‍ നിന്ന് 13 ബൗണ്ടറി സഹിതമാണ് ലാനിങ് 97 റണ്‍സ് നേടിയത്. 

പ്രതീക്ഷ നല്‍കി 49ാം ഓവര്‍

മേഘ്‌ന സിങ് എറിഞ്ഞ 49ാം ഓവര്‍ ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കി. ഇവിടെ മെഗിന്റെ വിലയേറിയ വിക്കറ്റ് മേഘ്‌ന വീഴ്ത്തിയതിനൊപ്പം വഴങ്ങിയത് 3 റണ്‍സ് മാത്രവും. ഈ ഘട്ടത്തില്‍ 7 പന്തില്‍ നിന്ന് ജയിക്കാന്‍ 8 റണ്‍സ് എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ വന്നു. എന്നാല്‍ പക്ഷേ അവസാന ഓവറില്‍ വേണ്ടിയിരുന്ന 8 റണ്‍സ് രണ്ട് ഫോറുകളോടെ ബെത്ത് അടിച്ചെടുത്തു. 

മൂന്ന് താരങ്ങളുടെ അര്‍ധ ശതകത്തിന്റെ ബലത്തില്‍ ഇന്ത്യ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മധ്യനിരയിലെ മൂന്ന് താരങ്ങള്‍ അര്‍ധ ശതകം പിന്നിട്ടതോടെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് കണ്ടെത്തി.

ഇന്ത്യക്ക് വേണ്ടി യാസ്തിക ഭാട്ടിയ 83 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 59 റണ്‍സ് നേടി. മിതാലി രാജ് നാല് ഫോറും ഒരു സിക്‌സും സഹിതം 96 പന്തില്‍ നിന്ന് 68 റണ്‍സ് എടുത്തു. ഹര്‍മന്‍പ്രീത് കൗര്‍ 47 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയോടെ 57 റണ്‍സുമായി പുറത്താവാതെ നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com