കലിപ്പടക്കി കപ്പടിക്കാൻ കൊമ്പന്മാർ; കേരള ബ്ലാസ്റ്റേഴ്സ്- ഹൈദരാബാദ് കലാശപ്പോരാട്ടം ഇന്ന്; ആവേശത്തിൽ ആരാധകർ

മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ഫറ്റോര്‍ദ​; മലയാളികൾ കാത്തിരുന്ന ദിവസമാണ് ഇന്ന്. ഐഎസ്എൽ ഫൈനലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ നേരിടും. ഗോവയിലെ ഫറ്റോര്‍ദ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ​മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്.

സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഫൈനലിലെത്തി. 

മഞ്ഞക്കടൽ തീർക്കാൻ മഞ്ഞപ്പട

ബ്ലാസ്റ്റേഴ്സിനായി ഫറ്റോര്‍ദ സ്റ്റേഡിയം മഞ്ഞക്കടലാക്കാനുള്ള തയാറെടുപ്പിലാണ് മഞ്ഞപ്പട. ഫൈനല്‍ പോരാട്ടം കാണുവാനായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രത്യേക ബസ് അടക്കം ബുക്ക് ചെയ്താണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഗോവയിലേക്ക് പോകുന്നത്. ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്‌സിയില്‍ കളിക്കാനാകില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിനായി മഞ്ഞപ്പട ഫറ്റോര്‍ദയെ മഞ്ഞ പുതപ്പിക്കും. ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തിന്റെ ടിക്കറ്റുകളെല്ലാം വില്‍പ്പനയ്ക്ക് വെച്ച് മണിക്കൂറുകള്‍ക്കകം വിറ്റുപോയിരുന്നു.

ഫറ്റോര്‍ഡയിലെ കണക്കുകള്‍

കന്നി കിരീടം തേടി ഐഎസ്എല്‍ ഫൈനലില്‍ ഇറങ്ങുമ്പോള്‍ ഫറ്റോര്‍ഡയിലെ കണക്കുകള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്‍തൂക്കം നല്‍കുന്നു. ഇവിടെ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചപ്പോള്‍ തോല്‍വി നേരിട്ടത് ഒരിക്കല്‍ മാത്രം. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായിരുന്നു ഫറ്റോര്‍ഡ. ഫറ്റോര്‍ഡയില്‍ 8 കളിയില്‍ ജയം പിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായി. അഞ്ച് മത്സരങ്ങള്‍ സമനിലയിലും അവസാനിച്ചു. 24 ഗോളുകള്‍ ഇവിടെ ബ്ലാസ്‌റ്റേഴ്‌സ് അടിച്ചു കൂട്ടിയപ്പോള്‍ വഴങ്ങിയത് 11 ഗോളുകള്‍ മാത്രം. 5 ക്ലീന്‍ ഷീറ്റും ഇവിടെ ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ടിലുണ്ട്. 

ലീഗ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഓരോ ജയം വീതം

ലീഗ് ഘട്ടത്തില്‍ പോയിന്റ് ടേബിളില്‍ ബ്ലാസ്‌റ്റേഴ്‌സിന് മുകളിലാണ് ഹൈദരാബാദിന്റെ സ്ഥാനം. 20 കളിയില്‍ നിന്ന് 11 ജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമായി രണ്ടാമതായാണ് ഹൈദരാബാദ് സെമിയിലേക്ക് എത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് നാലാമതായും. ലീഗിലെ ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദിന് എതിരെ ബ്ലാസ്‌റ്റേഴ്‌സ് ജയം പിടിച്ചിരുന്നു. എന്നാല്‍ രണ്ടാം തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com