'ഓ...കാനഡ'- നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കനേഡിയന്‍ ഫുട്‌ബോള്‍ ടീമിന് ലോകകപ്പ് യോഗ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2022 12:33 PM  |  

Last Updated: 28th March 2022 12:33 PM  |   A+A-   |  

canada

ഫോട്ടോ: ട്വിറ്റർ

 

ഒട്ടാവ: 36 വര്‍ഷം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമമിട്ട് കാനഡ ഫുട്‌ബോള്‍ ടീം. ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കാനഡ ലോകകപ്പ് കളിക്കാനെത്തുന്നു. വടക്കേ അമേരിക്കയില്‍ നിന്ന് ഖത്തര്‍ ലോകകപ്പിന് സീറ്റുറപ്പിക്കുന്ന ആദ്യ ടീമായി കാനഡ മാറി. 

കോണ്‍കാകാഫ് യോഗ്യതാ പോരാട്ടത്തില്‍ ജമൈക്കയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് കനേഡിയന്‍ ടീം ബര്‍ത്ത് ഉറപ്പിച്ചത്. ഇതിന് മുന്‍പ് 1986ലാണ് കാനഡ അവസാനമായി ലോകകപ്പ് കളിച്ചത്. അന്ന്  ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും നേടാനാവാതെ അവസാന സ്ഥാനത്താണ് കാനഡ ലോകകപ്പ് അവസാനിപ്പിച്ചത്.

ജമൈക്കക്കെതിരായ പോരാട്ടത്തിന്റെ 13ാം മിനിറ്റില്‍ കെയ്ല്‍ ലാറിന്റെ ഗോളില്‍ ലീഡെടുത്ത കാനഡ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ തഹോന്‍ ബുക്കാനന്റെ ഗോളില്‍ ലീഡ് ഇരട്ടിയാക്കി. 44ാം മിനിറ്റിലായിരുന്നു ഈ ഗോളിന്റെ പിറവി. 

രണ്ടാം പകുതിയില്‍ ഗോള്‍ നേടാനുള്ള നിരവധി അവസരങ്ങള്‍ കാനഡ പാഴാക്കി. അവസാന പത്ത് മിനിറ്റില്‍ ഒരു ഗോള്‍ നേടുകയും ഒരു സെല്‍ഫ് ഗോള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്തതോടെ സ്‌കോര്‍ 4-0ത്തില്‍ കാനഡയ്ക്ക് മത്സരം അവസാനിപ്പിക്കാന്‍ സാധിച്ചു. 

82ാം മിനിറ്റില്‍ ജൂനിയര്‍ ഹോയ്‌ലറ്റാണ് കാനഡയുടെ മൂന്നാം ഗോള്‍ വലയിലാക്കിയത്. 88ാം മിനിറ്റില്‍ ജമൈക്കന്‍ താരം  അഡ്രിയാന്‍ മരിയപ്പയുടെ അബദ്ധമാണ് ഓണ്‍ ഗോളായി കലാശിച്ചത്.