'വൈവിധ്യങ്ങളുടെ നാട്, ഒരൊറ്റ ജനത'- ഹൃദയങ്ങൾ കീഴടക്കി ഇന്ത്യൻ താരങ്ങളുടെ പ്രാർഥനാ ചിത്രം; വൈറൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2022 05:43 PM  |  

Last Updated: 28th March 2022 05:43 PM  |   A+A-   |  

indian_team

ഫോട്ടോ: ട്വിറ്റർ

 

മനാമ: ബെലാറസിനെതിരായ പോരാട്ടം തുടങ്ങും മുൻപ് ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ പ്രാർഥിക്കുന്ന ചിത്രം ഇന്റർനെറ്റിൽ തരം​ഗം തീർത്തു. ഇന്ത്യയുടെ വൈവിധ്യത്തിന്റെ നേർ ചിത്രമാണ് ഫോട്ടയിൽ കാണാൻ സാധിക്കുന്നത്. ബെലാറസിനെതിരായ സൗഹൃദ ഫുട്‌ബോളിൽ പരാജയപ്പെട്ടെങ്കിലും താരങ്ങളുടെ പ്രാർഥാനാ ചിത്രം ആരാധകരുടെ ഹൃദയം കീഴടക്കി. 

ശനിയാഴ്ച മത്സരം തുടങ്ങുന്നതിന് മുമ്പ് പ്രാർഥിക്കുന്ന ഇന്ത്യൻ താരങ്ങളുടെ ചിത്രമാണ് ആരാധകർ നെഞ്ചേറ്റിയത്. ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ വന്ന ഈ ചിത്രം പിന്നീട് വൈറലാകുകയായിരുന്നു.

ഇന്ത്യൻ താരങ്ങളായ ഹോർമിപാം റുയ്‌വാഹ്, മൻവീർ സിങ്ങ്, അൻവർ അലി എന്നിവർ പ്രാർഥിക്കുന്നതാണ് ചിത്രത്തിലുള്ളത്. മൂന്ന് പേരും അവരവരുടെ മത വിശ്വാസത്തിന് അനുസരിച്ച് പ്രാർഥിക്കുകയായിരുന്നു. ഇന്ത്യയുടെ വൈവിധ്യം ഇതാണെന്നും വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും കാലത്ത് ഈ ചിത്രം മനസ്സിന് കുളിർമയേകുമെന്നും ആരാധകർ കുറിച്ചു.

മനാമയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ബെലാറസ് ഇന്ത്യയെ തോൽപ്പിച്ചു. ബയ്കു അറ്റ്‌സം, ആന്ദ്രെ സലാവ, ഹാമ്യക വാർലി എന്നിവരാണ് ബെലാറസിന്റെ ഗോളുകൾ നേടിയത്.