മരണ ഗ്രൂപ്പില്‍ ആരൊക്കെ? 32 ടീമുകളുടെ കാര്യത്തില്‍ തീരുമാനം ആയില്ല; ഖത്തര്‍ ലോകകപ്പ് നറുക്കെടുപ്പ് നാളെ!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2022 08:18 PM  |  

Last Updated: 31st March 2022 08:18 PM  |   A+A-   |  

world_cup

ഫോട്ടോ: ട്വിറ്റർ

 

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നാളെ നടക്കും. മത്സരിക്കുന്ന 32 ടീമുകളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായില്ലെങ്കിലും നറുക്കെടുപ്പ് നടത്താനാണ് ഫിഫയുടെ തീരുമാനം. ഇന്ത്യന്‍ സമയം രാത്രി 9.30ന് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് നറുക്കെടുപ്പ്. 

കോവിഡ് വ്യാപനവും റഷ്യയുടെ യുക്രൈന്‍ അധിനിവേശവും കാരണം ലോകകപ്പ് യോഗ്യതാ റൗണ്ട് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടാകുക. ലോകകപ്പിന്റെ 92 വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ നറുക്കെടുപ്പ്.

ആകെ 32 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പിന് നിലവില്‍ യോഗ്യത ഉറപ്പാക്കിയത് 29 ടീമുകളാണ്. ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് എട്ട് ടീമുകളും. ഈ ടീമുകളെ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ആകെ ടീമുകള്‍ 37 ആകും. പ്ലേഓഫ് മത്സരക്രമത്തിനനുസരിച്ച് ഇവരെ സംയുക്തമായി പരിഗണിക്കുക. ജൂണ്‍ 13, 14 തീയതികളിലാണ് വന്‍കരാ പ്ലേഓഫ് മത്സരങ്ങള്‍.

ആതിഥേയരെന്ന നിലയില്‍ ഖത്തര്‍ യോഗ്യത ഉറപ്പാക്കി. യൂറോപ്പില്‍ നിന്ന് ജര്‍മനി, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ഫ്രാന്‍സ്, ക്രൊയേഷ്യ, സ്‌പെയിന്‍, സെര്‍ബിയ, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോളണ്ട്, പോര്‍ച്ചുഗല്‍, പോളണ്ട്.

ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീല്‍, അര്‍ജന്റീന, ഇക്വഡോര്‍, ഉറുഗ്വെ ടീമുകളാണ് എത്തുന്നത്. 

ആഫ്രിക്കയില്‍ നിന്ന് കാമറൂണ്‍, മൊറോക്കോ, സെനഗല്‍, ഘാന, ടുണീഷ്യ ടീമുകള്‍. 

വടക്കേ അമേരിക്കയില്‍ നിന്ന് കാനഡ, മെക്‌സിക്കോ, യുഎസ്എ ടീമുകളും സീറ്റുറപ്പിച്ചു. 

ഏഷ്യയില്‍ നിന്ന് ഇറാന്‍, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ജപ്പാന്‍ ടീമുകളും യോഗ്യത ഉറപ്പാക്കി.

ന്യൂസിലന്‍ഡ്, കോസ്റ്റ റിക്ക, വെയ്ല്‍സ്, സ്‌കോട്‌ലന്‍ഡ്, യുക്രൈന്‍, പെറു, ഓസ്‌ട്രേലിയ, യുഎഇ ടീമുകള്‍ക്കാണ് സാധ്യത അവശേഷിക്കുന്നത്.