ബ്രസീലിന്റേയും അര്‍ജന്റീനയുടേയും ആവശ്യം തള്ളി ഫിഫ; ലോകകപ്പ് യോഗ്യതാ മത്സരം കളിക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 10:11 AM  |  

Last Updated: 10th May 2022 10:11 AM  |   A+A-   |  

BRAZIL_ARGENTINA

വീഡിയോ ദൃശ്യം

 

സൂറിച്ച്: മാറ്റിവെച്ച ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നിന്ന് പിന്മാറാനാവില്ലെന്ന് ഫിഫ. കഴിഞ്ഞ വര്‍ഷം സാവോ പോളോയില്‍ വെച്ച് നടന്ന മത്സരത്തിന് ഇടയില്‍ ബ്രസീല്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി മത്സരം തടസപ്പെടുത്തുകയായിരുന്നു. 

അര്‍ജന്റൈന്‍ താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മത്സരത്തിന് ഇറങ്ങി എന്ന് ആരോപിച്ചാണ് ബ്രസീല്‍ ആരോഗ്യ വിഭാഗം മത്സരം തടസപ്പെടുത്തിയത്. ഈ മത്സരം ഉപേക്ഷിച്ചെങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തി ബ്രസീലും അര്‍ജന്റീനയും ലോകകപ്പിന് അനായാസം യോഗ്യത നേടി. 

ഈ വര്‍ഷം സെപ്തംബറില്‍ കളിക്കണം

മാറ്റിവെച്ച ലോകകപ്പ് യോഗ്യതാ മത്സരം ഈ വര്‍ഷം സെപ്തംബറില്‍ കളിക്കണം എന്നാണ് ഫിഫയുടെ നിര്‍ദേശം. എന്നാല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന് പകരമായി ഓസ്‌ട്രേലിയയില്‍ സൗഹൃദ മത്സരം കളിക്കാമെന്ന് അര്‍ജന്റീനയും ബ്രസീലും ധാരണയിലെത്തിയിരുന്നു. ജൂണ്‍ 11നാണ് ഈ മത്സരം. 

ലോകകപ്പ് യോഗ്യതാ മത്സരം തടസപ്പെട്ടതിന്റെ പേരില്‍ അര്‍ജന്റീനക്കും ബ്രസീലിനും ഫിഫ പിഴയും കളിക്കാര്‍ക്ക് സസ്‌പെന്‍ഷനും വിധിച്ചിരുന്നു. എന്നാലിപ്പോള്‍ ബ്രസീലിന്റെ മേലുള്ള പിഴ 251000 ഡോളറായും അര്‍ജന്റീനക്ക് മേലുള്ള പിഴ 100,500 രൂപയായും ചുരുക്കി. 

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നാല് അര്‍ജന്റൈന്‍ താരങ്ങള്‍ കളിക്കാനിറങ്ങി എന്നാണ് ബ്രസീല്‍ ആരോഗ്യ വിഭാഗം കണ്ടെത്തിയത്. ബ്രിട്ടന്‍ ബ്രസീല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യമായിരുന്നു ആ സമയം. വിവരങ്ങള്‍ തെറ്റായി നല്‍കിയതിന്റെ പേരില്‍ എമിലിയാനോ ബ്യൂന്‍ഡിയ, എമിലിയാനോ മാര്‍ട്ടിനസ്, സെല്‍സോ, റൊമേരോ എന്നിവര്‍ക്ക് ഫിഫ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം

ഉജ്ജ്വല സെഞ്ച്വറി, വിക്കറ്റ് നേട്ടം; അലിസ ഹീലിയും കേശവ് മഹാരാജും മികച്ച താരങ്ങള്‍; ഐസിസി പുരസ്‌കാരം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ