'പന്തിന്റെ ഈഗോയാണോ ഡല്‍ഹിയുടെ ജയമാണോ പ്രധാനം?' ക്യാപ്റ്റനെതിരെ വിമര്‍ശനം

പഞ്ചാബ് കിങ്‌സിന് എതിരെ ജയം പിടിച്ചെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന് എതിരെ മുന്‍ താരങ്ങള്‍
വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുളിനെ അഭിനന്ദിക്കുന്ന ഡല്‍ഹി താരങ്ങള്‍/ഫോട്ടോ: പിടിഐ
വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുളിനെ അഭിനന്ദിക്കുന്ന ഡല്‍ഹി താരങ്ങള്‍/ഫോട്ടോ: പിടിഐ

മുംബൈ: പഞ്ചാബ് കിങ്‌സിന് എതിരെ ജയം പിടിച്ചെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന് എതിരെ മുന്‍ താരങ്ങള്‍. പന്തിന്റെ ഈഗോ ആണോ ഡല്‍ഹിയുടെ ജയം ആണോ വലുത് എന്നാണ് ഡല്‍ഹി ക്യാപ്റ്റനോട് മുന്‍ താരം ആര്‍പി സിങ് ചോദിക്കുന്നത്. 

ലിവിങ്‌സ്റ്റണിന് എതിരെ മോശം ഷോട്ടിന് ശ്രമിച്ചാണ് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഡല്‍ഹി ഇന്നിങ്‌സില്‍ ലളിത് യാദവ് പുറത്തായതിന് പിന്നാലെ 12ാം ഓവറില്‍ പന്ത് ക്രീസിലെത്തിയപ്പോഴാണ് ലിവിങ്‌സ്റ്റണ്‍ താരത്തെ മടക്കിയത്.

 ഒരു സുവര്‍ണാവസരമാണ് പന്ത് നഷ്ടപ്പെടുത്തിയത്

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ എന്ന് വിലയിരുത്തപ്പെടുന്ന താരമാണ് പന്ത്. ഇന്ത്യയുടെ മാച്ച് വിന്നറായി ഏറെ നാള്‍ തുടരാന്‍ സാധ്യതയുള്ള താരം. ആരാണ് മാച്ച് വിന്നര്‍? നാല് പന്തില്‍ നാല് സിക്‌സ് പറത്തുന്ന താരമല്ല മാച്ച് വിന്നര്‍. ഇന്നിങ്‌സ് പടുത്തുയര്‍ത്തി ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കുന്ന ആളാണ് മാച്ച് വിന്നര്‍. ഇവിടെ ഒരു സുവര്‍ണാവസരമാണ് പന്ത് നഷ്ടപ്പെടുത്തിയത്, പ്രഗ്യാന്‍ ഓജ പറഞ്ഞു. 

11ാം ഓവറിലെ അവസാന പന്തില്‍ ലളിത് യാദവ് മടങ്ങി. പിന്നത്തെ ഓവറില്‍ ലിവിങ്‌സ്റ്റണിന് എതിരെ പന്ത് സിംഗിള്‍ എടുത്തു. വീണ്ടും സ്‌ട്രൈക്കിലേക്ക് വന്നപ്പോള്‍ തന്റെ ഒറ്റക്കയ്യിലെ ട്രേഡ്മാര്‍ക്ക് സിക്‌സ് ആണ് പന്ത് പറത്തിയത്. പിന്നാലെ വന്ന ഡെലിവറിയില്‍ ലിവിങ്സ്റ്റണ്‍ മൈന്‍ഡ് ഗെയിം കളിച്ചു. 

ലിവിങ്സ്റ്റണ്‍ ഒരുക്കിയ കെണിയില്‍ പന്ത് വീണു

റണ്‍അപ്പിന് ശേഷം ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കാതെ ലിവിങ്സ്റ്റണ്‍ നിന്നു. ഇതിലൂടെ പന്തിന്റെ മൂവ്‌മെന്റ്‌സ് എങ്ങനെയാവുമെന്ന ധാരണ സൃഷ്ടിക്കാന്‍ പഞ്ചാബ് ബൗളറിനായി. പിന്നെ വന്ന ഡെലിവറിയില്‍ ലിവിങ്സ്റ്റണിന്റെ കൈകളില്‍ നിന്ന് പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഡല്‍ഹി ക്യാപ്റ്റന്‍ ട്രാക്കിന് പുറത്തേക്കിറങ്ങി. ലിവിങ്‌സ്റ്റണിന്റെ ഡെലിവറി വൈഡായി വരികയും ജിതേഷ് ശര്‍മ പന്തിനെ സ്റ്റംപ് ചെയ്യുകയും ചെയ്തു. 

നിങ്ങളുടെ ഈഗോയാണോ വലുത് മത്സരം ജയിക്കുന്നതാണോ? പഞ്ചാബിന് അനുകൂലമായി അവിടെ കളിയുടെ ഗതി തിരിഞ്ഞു. ലളിത് യാദവിനെ കുറ്റപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല. അവന്‍ ചെറുപ്പമാണ്. പന്ത് ഉത്തരവാദിത്വം ഏറ്റെടുക്കണമായിരുന്നു. ലിവിങ്സ്റ്റണ്‍ ഒരു കെണി ഒരുക്കി, പന്ത് അതിലേക്ക് വീണു. പന്തിനെ അവിടെ ഒരു ഈഗോ പോരിലേക്ക് തള്ളിയിടുകയാണ് ലിവിങ്‌സ്റ്റണ്‍ അവിടെ ചെയ്തത് എന്ന് ആര്‍പി സിങ് പറയുന്നു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com