സഞ്ജുവും സംഘവും പ്ലേ ഓഫിൽ; യശസ്വിക്ക് അർധ സെഞ്ച്വറി; കത്തിക്കയറി അശ്വിൻ; ചൈന്നൈയെ തകർത്തു

അർധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളും അവസാന ഓവറുകളിൽ ഉറച്ചു നിന്ന് 23 പന്തിൽ 40 റൺസടിച്ച ആർ അശ്വിനുമാണ് രാജസ്ഥാന്റെ വിജയ ശിൽപികൾ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ. ചെന്നൈ ഉയർത്തിയ 151 റൺസ് വിജയ ലക്ഷ്യം രണ്ട് പന്തുകൾ ശേഷിക്കേ രാജസ്ഥാൻ മറികടന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണ് കണ്ടെത്തിയത്. 

അർധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളും അവസാന ഓവറുകളിൽ ഉറച്ചു നിന്ന് 23 പന്തിൽ 40 റൺസടിച്ച ആർ അശ്വിനുമാണ് രാജസ്ഥാന്റെ വിജയ ശിൽപികൾ. ജയത്തോടെ 14 കളികളിൽ നിന്ന് 18 പോയന്റുമായി രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് രാജസ്ഥാൻ പ്ലേ ഓഫിലെത്തിയത്. മെയ് 24ന് നടക്കുന്ന ഒന്നാം ക്വാളിഫയറിൽ രാജസ്ഥാൻ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

151 റൺസിലേക്ക് ബാറ്റെടുത്ത രാജസ്ഥാന് രണ്ടാം ഓവറിൽ തന്നെ ജോസ് ബട്ലറെ (2) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച യശസ്വി ജയ്‌സ്വാൾ - ക്യാപ്റ്റൻ സഞ്ജു സാംസൺ സഖ്യം രാജസ്ഥാനെ മുന്നോട്ടു നയിച്ചു. 51 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം ഒൻപതാം ഓവറിൽ മിച്ചൽ സാന്റ്‌നർ പിരിച്ചതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി. 20 പന്തിൽ നിന്ന് 15 റൺസെടുത്ത സഞ്ജുവിനെ സാന്റ്‌നർ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

തുടർന്നെത്തിയ ദേവ്ദത്ത് പടിക്കൽ (3) പെട്ടെന്ന് മടങ്ങി. പിന്നാലെ ജയ്‌സ്വാളിനെയും ഷിംറോൺ ഹെറ്റ്മയറിനെയും (6) പ്രശാന്ത് സോളങ്കി മടക്കിയതോടെ രാജസ്ഥാൻ വിറച്ചു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച അശ്വിൻ - റിയാൻ പരാഗ് സഖ്യം കൂടുതൽ നഷ്ടങ്ങളില്ലാതെ രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. പരാഗ് 10 പന്തിൽ നിന്ന് 10 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ചെന്നൈക്ക് ഇംഗ്ലീഷ് താരം മൊയിൻ അലിയുടെ നിശ്ചയദാർഢ്യമാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. അർഹിച്ച സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ മൊയിൻ വീണു. 57 പന്തുകൾ നേരിട്ട മൊയിൻ അലി 13 ഫോറുകളും മൂന്ന് സിക്‌സും സഹിതം 93 റൺസാണ് താരം അടിച്ചെടുത്തത്. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോഴും മൊയിൻ ഒരു ഭാഗത്ത് ഉറച്ചു നിന്നത് ചെന്നൈ ബാറ്റിങിൽ നിർണായകമായി. 

തുടക്കത്തിൽ തന്നെ ഓപ്പണർ റുതുരാജ് ഗെയ്ക്‌വാദിനെ നഷ്ടമായി. താരം രണ്ട് റണ്ണാണ് കണ്ടെത്തിയത്. 

എന്നാൽ രണ്ടാമനായി ക്രീസിലെത്തിയ മൊയിൻ അലി തകർപ്പൻ ഫോമിൽ ബാറ്റ് വീശിയതോടെ ചെന്നൈ സ്‌കോർ പൊടുന്നനെ കുതിച്ചു കയറി. സ്പിൻ പേസ് വ്യത്യാസമില്ലാതെ ഇംഗ്ലീഷ് താരം ബാറ്റ് വീശിയതോടെ രാജസ്ഥാൻ ബൗളിങ് നിര ഹതാശരായി. 

ട്രെന്റ് ബോൾട്ടിനെ ഒരോവറിൽ 26 റൺസ് അടിച്ച് മൊയിൻ ശിക്ഷിച്ചു. ആദ്യ പന്തിൽ സിക്‌സും പിന്നീടുള്ള അഞ്ച്  പന്തിൽ തുടരെ അഞ്ച് ഫോറുകളുമാണ് ഈ ഓവറിൽ മൊയിൻ അടിച്ചെടുത്തത്. ഒടുവിൽ ഒബെദ് മക്കോയിയുടെ പന്തിൽ റിയാൻ പരാഗിന് പിടി നൽകിയാണ് താരം മടങ്ങിയത്. ഈ സീസണിൽ പരാഗിന്റെ 15ാം ക്യാച്ചാണിത്. 

മൊയിൻ അലിക്ക് പുറമെ ക്യാപ്റ്റൻ എംഎസ് ധോനിയാണ് ഭേദപ്പെട്ട രീതിയിൽ ബാറ്റ് വീശിയത്. ധോനി ഒരോ സിക്‌സും ഫോറും സഹിതം 26 റൺസാണ് എടുത്തത്. 16 റൺസെടുത്ത ഡെവോൺ കോൺവെയാണ് രണ്ടക്കം കടന്ന മറ്റൊരു താരം. 

നാരയൺ ജഗദീശൻ (1), അമ്പാട്ടി റായുഡു (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മിച്ചൽ സാന്റ്‌നർ ഒരു റണ്ണുമായും സിമർജീത് സിങ് മൂന്ന് റണ്ണുമായും പുറത്താകാതെ നിന്നു. 

നാലോവറിൽ 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത മക്കോയ് രാജസ്ഥാനായി തിളങ്ങി. യുസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീഴ്ത്തി. ബോൾട്ട്, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com