'പാത വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും, സെലക്ഷനില്‍ ഇടപെടില്ല'; അര്‍ജുന്‍ ടെണ്ടുല്‍ക്കറോട് സച്ചിന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2022 11:40 AM  |  

Last Updated: 25th May 2022 11:40 AM  |   A+A-   |  

sachin_tendulkar_arjun_tendulkar

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: സീസണില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഐപിഎല്‍ അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ മുംബൈയുടെ പ്ലേയിങ് ഇലവനിലേക്ക് തുടരെ രണ്ടാം സീസണിലും എത്താന്‍ അര്‍ജുന് കഴിഞ്ഞില്ല. ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇപ്പോള്‍. 

എനിക്ക് എന്ത് തോന്നുന്നു എന്നതോ ഞാന്‍ എന്ത് ചിന്തിക്കുന്നു എന്നതോ ഇവിടെ വിഷയമല്ല. സീസണ്‍ കഴിഞ്ഞിരിക്കുന്നു. വഴികള്‍ പ്രയാസമേറിയതാവും എന്ന് തന്നെയാണ് അര്‍ജുനോട് സംസാരിക്കുമ്പോഴെല്ലാം ഞാന്‍ പറയുക. ക്രിക്കറ്റിനെ സ്‌നേഹിച്ചതിനാലാണ് നീ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. ഇനിയും ആ സ്‌നേഹം തുടരുക. കഠിനാധ്വാനം തുടരുക. ഫലം വന്നുകൊള്ളും, സച്ചിന്‍ പറഞ്ഞു. 

സെലക്ഷനെ കുറിച്ച് പറഞ്ഞാല്‍, ഞാന്‍ ഒരിക്കലും സെലക്ഷനില്‍ ഇടപെടാറില്ല. ടീം മാനേജ്‌മെന്റിനാണ് ഞാന്‍ ഈ കാര്യങ്ങളെല്ലാം വിടുക. കാരണം അങ്ങനെയാണ് ഞാന്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നും സച്ചിന്‍ ചൂണ്ടിക്കാണിച്ചു. 

30 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് ഈ വര്‍ഷത്തെ താര ലേലത്തില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും മുംബൈയുടെ സംഘത്തില്‍ അര്‍ജുന്‍ ഉള്‍പ്പെട്ടിരുന്നു. ഈ സീസണില്‍ ഒരു കളിയില്‍ പോലും അര്‍ജുനെ ഉള്‍പ്പെടുത്താതിരുന്നതിന് എതിരെ വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് ഉയര്‍ന്നത്. 

അര്‍ജുന്‍ ബൗണ്ടറി ലൈനില്‍ നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് സഹോദരി സാറ ടെണ്ടുല്‍ക്കറും എത്തിയിരുന്നു. ബോളിവുഡ് സിനിമ ഗള്ളി ബോയിലെ പാട്ട് പങ്കുവെച്ചാണ് സാറ അര്‍ജുനെ പിന്തുണച്ച് എത്തിയത്. മുംബൈയുടെ ഡൊമസ്റ്റിക് ടീമിനൊപ്പം രണ്ട് ട്വന്റി20 മാത്രമാണ് 22കാരനായ അര്‍ജുന്‍ ഇതുവരെ കളിച്ചത്. ട്വന്റി20 മുംബൈ ലീഗിലും അര്‍ജുന്‍ ഭാഗമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

വ്യത്യസ്ത ബൗളിങ് ആക്ഷന്‍; അരങ്ങേറ്റത്തില്‍ ശ്രദ്ധ പിടിച്ച് മായ സോനാവാണെ(വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ