മികവോടെ പന്തെറിഞ്ഞ് ബൗളര്‍മാര്‍; വീണ്ടും രക്ഷകനായി പടിദാര്‍; രാജസ്ഥാന് ഫൈനല്‍ ഉറപ്പിക്കാന്‍ 158 റണ്‍സ്

കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ രാജസ്ഥാന്‍ ബൗളര്‍മാര്‍ നിര്‍ണായക പോരാട്ടത്തില്‍ മികവോടെ പന്തെറിഞ്ഞതോടെയാണ് ബാംഗ്ലൂര്‍ പരുങ്ങിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ റയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയിക്കാന്‍ 158 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് കണ്ടെത്തി. ടോസ് നേടി രാജസ്ഥാന്‍ ബാംഗ്ലൂരിനെ ബാറ്റിങിന് അയക്കുകയായിരുന്നു. 

കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ രാജസ്ഥാന്‍ ബൗളര്‍മാര്‍ നിര്‍ണായക പോരാട്ടത്തില്‍ മികവോടെ പന്തെറിഞ്ഞതോടെയാണ് ബാംഗ്ലൂര്‍ പരുങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങിയ രജദ് പടിദാര്‍ ഒരിക്കല്‍ കൂടി ബാംഗ്ലൂരിന്റെ ടോപ് സ്‌കോററായി. 

42 പന്തുകള്‍ നേരിട്ട് പടിദാര്‍ 58 റണ്‍സെടുത്തു. നാല് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് പടിദാര്‍ അര്‍ധ ശതകം തികച്ചത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (25), ഗ്ലെന്‍ മാക്‌സ്‌വെല്‍ (24) എന്നിവര്‍ മികവോടെ തുടങ്ങിയെങ്കിലും വലിയ സ്‌കോറിലെത്താന്‍ സാധിച്ചില്ല. സീസണിലുടനീളം ബാംഗ്ലൂരിന്റെ രക്ഷകനായി മാറിയ ദിനേഷ് കാര്‍ത്തിക് ആറ് റണ്ണുമായി പുറത്തായത് ബാംഗ്ലൂരിന് തിരിച്ചടിയായി. ഷഹബാസ് അഹമ്മദ് 12 റണ്‍സുമായി പുറത്താകാതെ നിന്നു. 

വിരാട് കോഹ്‌ലി (ഏഴ്) വീണ്ടും നിരാശപ്പെടുത്തി. മഹിപാല്‍ ലോംറര്‍ (എട്ട്), വാനിന്ദു ഹസരങ്ക (പൂജ്യം), ഹര്‍ഷല്‍ പട്ടേല്‍ (ഒന്ന്) എന്നിവരും ക്ഷണത്തില്‍ മടങ്ങി. ജോഷ് ഹെയ്‌സല്‍വുഡ് (ഒന്ന്) പുറത്താകാതെ നിന്നു. 

രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്കോയ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട്, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com