'തന്ത്രങ്ങളുടെ തമ്പുരാന്‍'- ചരിത്രമെഴുതി ആശിഷ് നെഹ്‌റ

ഐപിഎല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പരിശീലകനെന്ന ഒരിക്കലും തകരാത്ത റെക്കോര്‍ഡും ഇതോടൊപ്പം നെഹ്‌റ സ്വന്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: കന്നി വരവില്‍ തന്നെ ഐപിഎല്‍ കിരീടവുമായി ഗുജറാത്ത് ടൈറ്റന്‍സ് തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ക്രിക്കറ്റ് ലോകം നല്‍കുന്നത് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും ഗുജറാത്തിന്റെ മുഖ്യ പരിശീലകനുമായ ആശിഷ് നെഹ്‌റയ്ക്കാണ്. മെഗാ ലേലം മുതല്‍ ഫൈനലില്‍ കിരീടം നേടുന്നത് വരെയുള്ള ടൈറ്റന്‍സ് യാത്രയുടെ കടിഞ്ഞാണ്‍ മുഴുവന്‍ നെഹ്‌റയുടെ കൈയിലായിരുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ല. 

കിരീട നേട്ടത്തിനൊപ്പം നെഹ്‌റ ചരിത്രമെഴുതിയാണ് മടങ്ങുന്നത്. കളിക്കാരനായും പരിശീലകനായും ഐപിഎല്‍ കിരീടം നേടുന്ന മൂന്നാമത്തെ താരമായും നെഹ്‌റ മാറി. നേരത്തെ റിക്കി പോണ്ടിങ്, ഷെയ്ന്‍ വോണ്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. ഐപിഎല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പരിശീലകനെന്ന ഒരിക്കലും തകരാത്ത റെക്കോര്‍ഡും ഇതോടൊപ്പം നെഹ്‌റ സ്വന്തമാക്കി. 

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ചപ്പോഴാണ് നെഹ്‌റ കിരീടം സ്വന്തമാക്കിയത്. അന്ന് കിരീടം നേടിയത് ഒരു മെയ് 29നായിരുന്നു. ഹെഡ്ഡ് കോച്ചായി കിരീടം ഉയര്‍ത്തിയതും മെയ് 29നായി എന്നതും യാദൃശ്ചികം. 

2019 സീസണില്‍ നെഹ്‌റ റോയല്‍ ചലഞ്ചേഴ്‌സ് ബാം​ഗ്ലൂരിന്റെ ബൗളിങ് പരിശീലകനായിരുന്നു. അന്ന് ഗാരി കേസ്റ്റനായിരുന്നു ആര്‍സിബിയുടെ മുഖ്യ പരിശീലകന്‍. 2022ല്‍ ഗുജറാത്തിലേക്ക് എത്തുമ്പോള്‍ നെഹ്‌റ ഹെഡ്ഡ് കോച്ചും കേസ്റ്റന്‍ മെന്ററായും ഒരുമിച്ചു. 

നെഹ്‌റയ്‌ക്കൊപ്പം ജോലി ചെയ്യുന്നത് താന്‍ അങ്ങേയറ്റം ആസ്വദിച്ചതായി കേസ്റ്റന്‍ പറയുന്നു. കൃത്യമായ ടാക്റ്റിക്‌സുകളാണ് നെഹ്‌റയുടെ പ്ലസ് പോയിന്റ്. ഓരോ കളിയും വ്യത്യസ്തമാണ്. അതിനനുസരിച്ചുള്ള പ്ലാന്‍ തയ്യാറാക്കുക എന്നത് അത്ര എളുപ്പമല്ല. കളിക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്തതോടെയാണ് കാര്യങ്ങള്‍ ശരിയായ ദിശയിലായതെന്നും കേസ്റ്റൻ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com