തുടര്‍ച്ചയായി മൂന്നാം വട്ടവും ന്യൂസിലന്‍ഡ് ട്വന്റി20 ലോകകപ്പ് സെമിയിലേക്ക്; അയര്‍ലന്‍ഡിനെ 35 റണ്‍സിന് വീഴ്ത്തി 

സൂപ്പര്‍ 12ലെ തങ്ങളുടെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ 35 റണ്‍സിനാണ് ന്യൂസിലന്‍ഡ് വീഴ്ത്തിയത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേയും മത്സര ഫലങ്ങള്‍ വരാനുണ്ടെങ്കിലും ട്വന്റി20 ലോകകപ്പില്‍ ഒന്നാം ഗ്രൂപ്പില്‍ നിന്ന് സെമി ഫൈനലിന് അരികിലെത്തി ന്യൂസിലന്‍ഡ്. സൂപ്പര്‍ 12ലെ തങ്ങളുടെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ 35 റണ്‍സിനാണ് ന്യൂസിലന്‍ഡ് വീഴ്ത്തിയത്. 5 കളിയില്‍ നിന്ന് 7 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് നിലവില്‍ ന്യൂസിലന്‍ഡ്. +2ന് മുകളില്‍ നെറ്റ് റണ്‍റേറ്റ് നിലനില്‍ക്കുന്നതാണ് സെമി പിടിക്കാന്‍ ഇവിടെ ന്യൂസിലന്‍ഡിനെ തുണയ്ക്കുന്നത്. 

186 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ അയര്‍ലന്‍ഡ് പവര്‍പ്ലേയില്‍ വിക്കറ്റ് കളയാതെയാണ് ബാറ്റ് വീശിയത്. 9 ഓവറില്‍ 68 റണ്‍സില്‍ നില്‍ക്കെയാണ് അവരുടെ ആദ്യ വിക്കറ്റ് വീണത്. എന്നാല്‍ ക്യാപ്റ്റന്‍ ബാല്‍ബിര്‍നിയെ സാന്ത്‌നര്‍ വീഴ്ത്തിയതിന് പിന്നാലെ ഇഷ് സോധിയും അയര്‍ലന്‍ഡിനെ പ്രഹരിച്ചു. സ്പിന്നര്‍മാര്‍ക്ക് ശേഷം പേസര്‍മാരും വിക്കറ്റ് പിഴുതതോടെ അയര്‍ലന്‍ഡ് 150 റണ്‍സില്‍ ഒതുങ്ങി. 

ഇഷ് സോധിയും സാന്ത്‌നറും സൗത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റും. 27 പന്തില്‍ നിന്ന് 37 റണ്‍സ് എടുത്ത സ്റ്റിര്‍ലിങ് ആണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

ഫോമിലേക്കെത്തി വില്യംസണ്‍ 

അയര്‍ലന്‍ഡിന് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയതാണ് അഡ്‌ലെയ്ഡില്‍ ന്യൂസിലന്‍ഡ്. 5 ഓവറില്‍ കിവീസ് ഓപ്പണര്‍മാര്‍ സ്‌കോര്‍ 50 കടത്തി. എന്നാല്‍ എന്നാല്‍ ഫിന്‍ അലന്‍ 18 പന്തില്‍ നിന്ന് 32 റണ്‍സും കോണ്‍വേ 33 പന്തില്‍ നിന്ന് 28 റണ്‍സും എടുത്ത് മടങ്ങി. 

ഫോമിലേക്ക് എത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ് ഒടുവില്‍ ന്യൂസിലന്‍ഡ് സ്‌കോറിങ് മുന്‍പോട്ട് കൊണ്ടുപോയത്. ഗ്ലെന്‍ ഫിലിപ്പ്‌സ് 9 പന്തില്‍ നിന്ന് 17 റണ്‍സ് എടുത്തു. ഡെത്ത് ഓവറുകളില്‍ റണ്‍സ് വാരി കളിക്കാനാണ് ന്യൂസിലന്‍ഡ് ശ്രമിച്ചത്. എന്നാല്‍ 19ാം ഓവറില്‍ ഹാട്രിക് കുറിച്ച് ഐറിഷ് പേസര്‍ ജോഷ്വാ ലിറ്റില്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ 200ലേക്ക് എത്തുന്നില്ലെന്ന് ഉറപ്പിച്ചു. 

കെയ്ന്‍ വില്യംസണ്‍, നീഷാം, സാന്ത്‌നര്‍ എന്നിവരെയാണ് ജോഷ്വാ ലിറ്റില്‍ ഹാട്രിക് തികച്ച പുറത്താക്കിയത്. ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക് ആണ് ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com