'ആ സ്‌കൂപ്പ് ഷോട്ട് റബര്‍ പന്തില്‍ പരിശീലിച്ചത്'- വെളിപ്പെടുത്തി സൂര്യകുമാര്‍ യാദവ്

കഴിഞ്ഞ ദിവസം സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ 25 പന്തില്‍ 61 റണ്‍സ് വാരിയതിന് പിന്നാലെയായിരുന്നു മുന്‍ താരങ്ങള്‍ സൂര്യകുമാറിനെ പ്രശംസിച്ചത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

സിഡ്‌നി: സൂര്യകുമാര്‍ യാദവ് മിന്നും ഫോമിലാണ് ബാറ്റ് വീശുന്നത്. ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ താരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സൂര്യകുമാര്‍ യാദവ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മുന്‍ താരങ്ങളടക്കമുള്ളവര്‍ താരത്തിന്റെ ഫോമിനെ വാനോളം പുകഴ്ത്തുന്നുണ്ട്. മറ്റൊരു ലോകത്ത് നിന്ന് വരുന്ന ആളാണ് സൂര്യകുമാര്‍ എന്നാണ് മുന്‍ പാക് നായകന്‍ വസിം അക്രം വിശേഷിപ്പിച്ചത്. 360 ഡിഗ്രി ക്രിക്കറ്ററാണ് സൂര്യ എന്നായിരുന്നു ഗാവസ്‌കറിന്റെ പ്രശംസ. 

കഴിഞ്ഞ ദിവസം സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ 25 പന്തില്‍ 61 റണ്‍സ് വാരിയതിന് പിന്നാലെയായിരുന്നു മുന്‍ താരങ്ങള്‍ സൂര്യകുമാറിനെ പ്രശംസിച്ചത്. മത്സരത്തില്‍ താരം സ്‌കൂപ്പ് ഷോട്ടിലൂടെ നേടിയ സിക്‌സറടക്കം ശ്രദ്ധേയ ബാറ്റിങാണ് പുറത്തെടുത്തത്. അത്തരം ഷോട്ടുകള്‍ കളിക്കാന്‍ താന്‍ നടത്തുന്ന പരിശീലനത്തെക്കുറിച്ച് പറയുകയാണ് സൂര്യകുമാര്‍. 

'റബര്‍ ബോളില്‍ കളിച്ചാണ് ഞാന്‍ അത്തരം ഷോട്ടുകള്‍ പരിശീലിക്കുന്നത്. ബൗളര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഏതാണ്ടൊരു ധാരണ ഉള്ളില്‍ ഉണ്ടാകണം. കരുതിക്കൂട്ടിത്തന്നെ അത്തരം സന്ദര്‍ഭങ്ങളില്‍ ബാറ്റ് വീശുകയും ചെയ്യുന്നു.' 

'ബാറ്റ് ചെയ്യുമ്പോള്‍ ബൗണ്ടറിയുടെ നീളമടക്കം മനസിലുണ്ടാകും. 60-65 മീറ്ററായിരിക്കും മിക്കവാറും. പന്തിന്റെ വേഗമനുസരിച്ച് ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നു. അങ്ങനെ ബാറ്റ് ചെയ്യുമ്പോള്‍ ഉദ്ദേശിച്ച സ്ഥലത്ത് തന്നെ പന്ത് കൊള്ളുകയും അത് അതിര്‍ത്തി കടക്കുകയും ചെയ്യും.' 

'ബാറ്റിങിന് ഇറങ്ങിയാല്‍ ബൗണ്ടറികള്‍ നേടാന്‍ ശ്രമിക്കും. അതിന് സാധിച്ചില്ലെങ്കില്‍ വിക്കറ്റുകള്‍ക്കിടയിലൂടെ ഓടി റണ്‍സ് പരമാവധി കണ്ടെത്തും. വിരാട് (കോഹ്‌ലി) ഭായിക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ നമ്മളും വേഗതയില്‍ ഓടേണ്ടി വരും.' 

'ആ സമയങ്ങളിലൊക്കെ ഏതൊക്കെ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുമെന്ന ബോധ്യം എനിക്കുണ്ട്. അത്തരം ഷോട്ടുകള്‍ക്കായി ശ്രമം നടത്തും. സ്വീപ്പ്, ഓവര്‍ കവര്‍, കട്‌സ് എന്നിവയൊക്കെ എനിക്ക് പ്രിയപ്പെട്ടവയാണ്. അത്തരം ഷോട്ടുകള്‍ കളിച്ച് വിജയിച്ചാല്‍ മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസം എനിക്ക് വര്‍ധിക്കും'- സൂര്യകുമാര്‍ പറഞ്ഞു. 

ഒന്നാം റാങ്കിന് പിന്നാലെ ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ് തികയ്ക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമായി സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ദിവസം മാറിയിരുന്നു. പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനാണ് നേട്ടത്തിലെത്തിയ ആദ്യ താരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com