'വൈവിധ്യങ്ങള്‍ വിജയിക്കട്ടെ'- ജര്‍മന്‍ ഫുട്‌ബോള്‍ ടീം ഖത്തറില്‍ ഇറങ്ങുന്നത് 'എല്‍ജിബിടിക്യു' സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ച്

'എല്‍ജിബിടിക്യു' സമൂഹത്തിന്റെ അവകാശങ്ങളോടുള്ള ഖത്തറിന്റെ നിലപാടാണ് വിവാദത്തിന് ആധാരമായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെര്‍ലിന്‍: ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. ടീമുകള്‍ ഖത്തറിലേക്ക് എത്താനുള്ള ഒരുക്കങ്ങളിലുമാണ്. അതിനിടെ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ കൈക്കൊള്ളുന്ന ചില നടപടികള്‍ സമീപ ദിവസങ്ങളില്‍ വിവാദമായിരുന്നു.

പ്രത്യേകിച്ച് 'എല്‍ജിബിടിക്യു' സമൂഹത്തിന്റെ അവകാശങ്ങളോടുള്ള ഖത്തറിന്റെ നിലപാടാണ് വിവാദത്തിന് ആധാരമായത്. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും മറ്റും അതു വഴി തുറന്നു. 

വിവാദങ്ങള്‍ ഒഴിയാതെ നില്‍ക്കെ, കൃത്യമായൊരു രാഷ്ട്രീയ സന്ദേശവുമായി എത്തുകയാണ് ജര്‍മന്‍ ഫുട്‌ബോള്‍ ടീം. ഖത്തര്‍ ലോകകപ്പിന് ജര്‍മ്മന്‍ ദേശീയ ടീം എത്തുക 'വൈവിധ്യങ്ങള്‍ വിജയിക്കട്ടെ' എന്ന സന്ദേശം എഴുതിയ വിമാനത്തിലായിരിക്കും. സ്വവര്‍ഗ അനുരാഗികളടക്കമുള്ള എല്‍ജിബിടിക്യു സമൂഹത്തിനും സ്ത്രീകള്‍ക്കും എതിരെയുള്ള ഖത്തറിന്റെ നിലപാടുകളോടുള്ള പ്രതിഷേധം പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതിനായാണ് അവര്‍ വിമാനത്തില്‍ സന്ദേശം കുറിച്ചിരിക്കുന്നത്. 

ലുഫ്താന്‍സയുടെ പ്രത്യേകം തയ്യാറാക്കിയ എ 330 വിമാനത്തില്‍ ആണ് ജര്‍മ്മനി ടീം ഖത്തറില്‍ എത്തുന്നത്. യൂറോപ്യന്‍ ടീമുകളുടെ നായകന്‍മാര്‍ ഒറ്റ സ്‌നേഹം എന്നതിന്റെ പ്രതീകമായി മഴവില്‍ നിറങ്ങളുള്ള ആംബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്‍ജിബിടിക്യു സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ചായിരിക്കും ഫിഫ നിയമങ്ങള്‍ തെറ്റിച്ച് നായകര്‍ ആംബാന്‍ഡ് ധരിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ പിന്തുണയില്‍ ജര്‍മന്‍ നായകന്‍ മാനുവല്‍ നൂയറും ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സ്വവര്‍ഗാനുരാഗം മനസിന്റെ വികലമായ കാഴ്ചപ്പാടാണെന്ന ഖത്തര്‍ ലോകകപ്പ് അംബാസഡറുടെ പ്രസ്താവനയ്‌ക്കെതിരെ ജര്‍മന്‍ ക്യാപ്റ്റന്‍ മാനുവല്‍ നൂയര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. നിലവിലെ നമ്മുടെ ലോക വീക്ഷണവുമായി പൊരുത്തപ്പെടുന്ന ചിന്താഗതിയല്ല അതെന്നായിരുന്നു നൂയറുടെ പ്രതികരണം. ഇത്തരം അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് അങ്ങേയറ്റം സങ്കടകരമായ കാര്യമാണെന്നും നൂയര്‍ വ്യക്തമാക്കിയിരുന്നു. 

നാളെ പരിശീലനത്തിനായി ജര്‍മന്‍ ടീം ഒമാനിലേക്ക് പറക്കും. 14 മുതല്‍ 18 വരെ മസ്‌കറ്റില്‍ പരിശീലനം നടത്തുന്ന അവര്‍ 16നു ഒമാന്‍ ദേശീയ ടീമിന് എതിരെ സൗഹൃദ മത്സരവും കളിക്കും. 18ന് ശേഷമായിരിക്കും അവര്‍ ഖത്തറിലെത്തുക. 

ഈ ലോകകപ്പിലെ മരണ ഗ്രൂപ്പെന്ന വിശേഷണമുള്ള ഇ ഗ്രൂപ്പിലാണ് ജര്‍മനി. സ്‌പെയിന്‍, ജപ്പാന്‍, കോസ്റ്റ റിക്ക ടീമുകളാണ് എതിരാളികള്‍. ഈ മാസം 23ന് ജപ്പാനുമായാണ് ജര്‍മനിയുടെ ആദ്യ മത്സരം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com