വിറപ്പിച്ച് സെനഗല്‍, ഒടുവില്‍ ആഫ്രിക്കന്‍ കരുത്തരെ തളച്ച് ഓറഞ്ച് പട; അവസാന മിനിറ്റുകളില്‍ ഇരട്ടപ്രഹരം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 06:42 AM  |  

Last Updated: 22nd November 2022 07:23 AM  |   A+A-   |  

netherlands_vs_senagal

ഫോട്ടോ: എഎഫ്പി

 

ദോഹ: ആഫ്രിക്കന്‍ കരുത്തരെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ഓറഞ്ച് പട. ഇഞ്ചോടിച്ച് വിട്ടുകൊടുക്കാതെ പൊരുതിയ സെനഗലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് നെതര്‍ലന്‍ഡ്‌സ് വീഴ്ത്തിയത്. 84ാം മിനിറ്റില്‍ ഗാക്‌പോയും ഇഞ്ചുറി ടൈമില്‍ ഡേവി ക്ലാസനുമാണ് നെതര്‍ലന്‍ഡ്‌സിനായി വല കുലുക്കിയത്. 

സാദിയോ മാനേയുടെ അഭാവം സെനഗലിന്റെ മുന്നേറ്റത്തില്‍ പ്രകടമായപ്പോള്‍ നിരന്തരം ആക്രമിച്ചിട്ടും സെനഗലിന് വല കുലുക്കാനായില്ല. ഇസ്മാലിയ സര്‍ ആയിരുന്നു സെനഗല്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. കളിയുടെ നാലാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്‌സ് ബോക്‌സിനുള്ളില്‍ അപകടം വിതച്ചെങ്കിലും ബെര്‍ഗ്വിന് ലഭിച്ച അവസരം സെനഗല്‍ പ്രതിരോധത്തില്‍ തട്ടി അകന്നു. 

സെനഗലിന് എതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഡിയോങ് 19ാം മിനിറ്റില്‍ ബോക്‌സിന് മുന്‍പില്‍ നിന്ന് ലഭിച്ച അവസരം മുതലെടുക്കുമെന്ന് തോന്നിച്ചെങ്കിലും വല കുലുക്കാനായില്ല. 25ാം മിനിറ്റില്‍ സെനഗല്‍ താരം സാറിന്റെ ഷോട്ട് രക്ഷപെടുത്തി വിട്ടത് വാന്‍ഡൈക്കും. ഗോള്‍രഹിതമായി ആദ്യ പകുതി പിരിഞ്ഞതിന് പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വാന്‍ഡൈക്കിന്റെ ഹെഡ്ഡര്‍. 

ഗാപ്‌കോയുചെ കോര്‍ണറിലാണ് വാന്‍ഡൈക്ക് ഹെഡ്ഡറിലൂടെ വല കുലുക്കുമെന്ന് തോന്നിച്ചത്. എന്നാല്‍ അത് സെനഗല്‍ ക്രോസ് ബാറിന് മുകളിലൂടെ പോയി. 65ാം മിനിറ്റില്‍ ഡി ജോങ്ങില്‍ നിന്ന് വന്ന പിഴവിലൂടെ മെന്‍ഡി ബോക്‌സിലേക്ക് ത്രൂ ബോള്‍ നല്‍കി. അതില്‍ ഡിയയുടെ ഫസ്റ്റ് ടൈം ഷോട്ട്. അവിടെ നെതര്‍ലന്‍ഡ്‌സിന് ഗോള്‍കീപ്പര്‍ രക്ഷകനായി. 

ഒടുവില്‍ ഡി ജോങ് നല്‍കിയ പന്തില്‍ നിന്ന് ഗാക്‌പോ ഹെഡ്ഡറിലൂടെ വല കുലുക്കി. സെനഗല്‍ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡോ മെന്‍ഡി അത് ചാടിയെത്തി അകറ്റാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ സമനില പിടിക്കാന്‍ സെനഗല്‍ ആക്രമണം കടുപ്പിച്ചു. പാപെ ഗുയേയുടെ ഷോട്ടും ലക്ഷ്യം കണ്ടില്ല. 90+9 മിനിറ്റില്‍ സബ്‌സ്റ്റിറ്റിയൂട്ടായ ക്ലാസനിലൂടെ നെതര്‍ലന്‍ഡ്‌സ് ലീഡ് ഇരട്ടിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം; ലോകകപ്പിൽ ദേശീയ ​ഗാനം ആലപിക്കാതെ ഇറാൻ താരങ്ങൾ (വീ‍ഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ