സ്‌പെയ്‌നും ജര്‍മനിയും ഇന്ന് കളത്തില്‍; റഷ്യയിലെ കുതിപ്പ് ആവര്‍ത്തിക്കാന്‍ ക്രൊയേഷ്യ, ലുകാക്കു ഇല്ലാതെ ബെല്‍ജിയം 

ഗ്രൂപ്പ് എഫിലെ ക്രൊയേഷ്യ-മൊറോക്കോ മത്സരത്തിന് പിന്നാലെ 6.30ന് ഏഷ്യന്‍ ശക്തിയായ ജപ്പാനെ ജര്‍മനി നേരിടും
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ലോകകപ്പില്‍ ഇന്ന് സ്‌പെയ്‌നും ജര്‍മനിയും കളത്തില്‍. 2018ലെ റണ്ണേഴ്‌സ്അപ്പുകളാണ് ക്രൊയേഷ്യയും ഇന്ന് പോരിനിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന മത്സരത്തില്‍ മൊറോക്കോയാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. 

ഗ്രൂപ്പ് എഫിലെ ക്രൊയേഷ്യ-മൊറോക്കോ മത്സരത്തിന് പിന്നാലെ 6.30ന് മറ്റൊരു ഏഷ്യന്‍ ശക്തിയായ ജപ്പാനെ ജര്‍മനി നേരിടും. രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ കോസ്റ്ററിക്കയാണ് സ്‌പെയ്‌നിന്റെ എതിരാളികള്‍. ഗ്രൂപ്പ് എഫിലെ മറ്റൊരു പോരില്‍ ബെല്‍ജിയം വ്യാഴാഴ്ച പുലര്‍ച്ചെ 12.30ന് കാനഡയെ നേരിടും. 

2018ലെ റഷ്യന്‍ ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയ ക്രൊയേഷ്യന്‍ സംഘം ഫൈനലില്‍ ഫ്രാന്‍സിനോട് 4-2നാണ് മുട്ടുകുത്തിയത്. മറ്റൊരു പുതുചരിത്രം എഴുതാന്‍ മോഡ്രിച്ചും കൂട്ടരും എത്തുമ്പോള്‍ തങ്ങളേക്കാള്‍ 10 റാങ്ക് പിന്നില്‍ നില്‍ക്കുന്ന മൊറോക്കോയാണ് ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയിലുടെ എതിരാളികള്‍. ഇതിന് മുന്‍പ് 5 വട്ടമാണ് മൊറോക്കോ ലോകകപ്പ് കളിച്ചത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടം പിന്നിട്ടത് 1986ല്‍ മാത്രം. 

അഞ്ചാം കിരീടം ലക്ഷ്യമിട്ട് വരുന്ന ജര്‍മനി

റഷ്യയിലേറ്റ തിരിച്ചടിയില്‍ നിന്ന് തിരികെ കയറാന്‍ ഉറച്ച് യുവനിരയുമായാണ് ജര്‍മനി എത്തുന്നത്. ജര്‍മന്‍ പരിശീലക സ്ഥാനത്ത് എത്തിയതിന് ശേഷമുള്ള ഫഌക്കിന്റെ ആദ്യ പ്രധാന ടൂര്‍ണമെന്റാണ് ഇത്. ചുമതലയേറ്റെടുത്തതിന് ശേഷം 9 കളിയില്‍ രണ്ട് ജയത്തിലേക്കാണ് ഫഌക്കിന് ടീമിനെ എത്തിക്കാനായത്.

അഞ്ചാം കിരീടം ലക്ഷ്യമിട്ട് വരുന്ന ജര്‍മനി ആദ്യ കളിയില്‍ ജപ്പാനെ നേരിടുമ്പോള്‍ ജപ്പാന്‍ തങ്ങളുടെ കഴിഞ്ഞ എട്ട് ലോകകപ്പ് മത്സരങ്ങളില്‍ ജയം പിടിച്ചത് ഒരെണ്ണത്തില്‍ മാത്രം. റഷ്യയില്‍ കൊളംബിയയെ തോല്‍പ്പിച്ചാണ് ജപ്പാന്‍ പ്രീക്വാര്‍ട്ടറിലേക്ക് എത്തിയത്. 

യുവതാരങ്ങളുടെ കരുത്തില്‍ സ്‌പെയ്ന്‍

യുവതാരങ്ങളുടെ കരുത്തിലാണ് സ്‌പെയ്‌നും ഖത്തറിലേക്ക് വന്നിരിക്കുന്നത്. ലോകകപ്പിന് മുന്‍പുള്ള ഫിഫ റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ മുന്നേറ്റം നടത്തിയ ടീം ആണ് കോസ്റ്ററിക്ക. 14 സ്ഥാനങ്ങളാണ് അവര്‍ മുകളിലേക്ക് കയറിയത്. എങ്കിലും റാങ്കിങ്ങില്‍ സ്‌പെയ്‌നിനേക്കാള്‍ 24 സ്ഥാനങ്ങള്‍ പിന്നിലാണ് അവര്‍. പെഡ്രി, ഗവി എന്നിവരിലേക്കാണ് ലോകകപ്പില്‍ സ്‌പെയ്ന്‍ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ലോകത്തിന്റെ ശ്രദ്ധ. 

റാമോസും പിക്വെയും ഇനിയെസ്റ്റയും ഡാവിഡ് സില്‍വയും കളം വിട്ടതോടെ 19കാരന്‍ പെഡ്രിയിലും 20കാരന്‍ അന്‍സു ഫാത്തിയിലും നികോ വില്യംസിലും 18കാരന്‍ ഗവിയിലുമാണ് സ്‌പെയ്‌നിന്റെ പ്രതീക്ഷകള്‍. ബ്രസീലില്‍ ക്വാര്‍ട്ടറിലേക്ക് എത്തിയത് പോലെ ഒരു അത്ഭുതമാണ് കോസ്റ്ററിക്ക ഖത്തറിലും പ്രതീക്ഷിക്കുന്നത്.

കാനഡക്കെതിരെ ലുകാകു കളിച്ചേക്കില്ല

ലോകകപ്പിന് മുന്‍പുള്ള സൗഹൃദ മത്സരത്തില്‍ ഈജിപ്തിനോട് തോറ്റാണ് ബെല്‍ജിയം വരുന്നത്. കാനഡയ്ക്ക് എതിരെ ഇറങ്ങുമ്പോള്‍ മാര്‍ട്ടിനസിന്റെ സംഘത്തിന് ലുകാക്കു ഇല്ലാത്തതാണ് കല്ലുകടിയാവുന്നത്. ലുകാക്കുവിന്റെ പരിക്കും മങ്ങി നില്‍ക്കുന്ന ഏദന്‍ ഹസാര്‍ഡും ബെല്‍ജിയത്തിന് ആശങ്കയാവുന്നുണ്ടെങ്കിലും ഗ്രൂപ്പ് വിന്നറായി ബെല്‍ജിയം അടുത്ത റൗണ്ടിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷകള്‍. 

1986ന് ശേഷം ലോകകപ്പ് കളിക്കാന്‍ എത്തിയിരിക്കുകയാണ് കാനഡ. ഒരിക്കല്‍ മാത്രമാണ് കാനഡയും ബെല്‍ജിയവും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. 1989ലാണ് ഇത്. റഷ്യന്‍ ലോകകപ്പില്‍ 16 ഗോളുകള്‍ സ്‌കോര്‍ ചെയ്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമുകളില്‍ മൂന്നാം സ്ഥാനത്തായിരുന്നു ബെല്‍ജിയം. ഇത്തവണ അവര്‍ക്ക് അതിനാവുമോ എന്നാണ് അറിയേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com