ക്രിസ്റ്റ്യാനോയും നെയ്മറും ഇന്ന് കളത്തില്‍; ആക്രമിക്കാന്‍ മിന്നും ഫോമിലെ യുറുഗ്വേയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 08:55 AM  |  

Last Updated: 24th November 2022 08:59 AM  |   A+A-   |  

cristiano_ronaldo

ഫോട്ടോ: എഎഫ്പി

 

ദോഹ: ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ താരങ്ങളായ നെയ്മറും ബ്രസീലും കളത്തില്‍. പോര്‍ച്ചുഗല്‍ ഘാനയേയും ബ്രസീല്‍ സെര്‍ബിയയേയും നേരിടും. മറ്റ് രണ്ട് മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് കാമറൂണിന്റെ എതിരാളികള്‍. യുറുഗ്വേയെ ദക്ഷിണ കൊറിയ നേരിടും. 

ക്യാപ്റ്റന്‍ ഷാക്കയും ബ്രീലും ഫോമില്‍

ഗ്രൂപ്പ് ജിയിലെ സ്വിറ്റ്‌സര്‍ലന്‍ഡ്-കാമറൂണ്‍ പോരാട്ടമാണ് ആരാധകര്‍ക്ക് മുന്‍പിലേക്ക് ആദ്യം എത്തുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനാണ് ഇവിടെ മുന്‍തൂക്കം. ഇത് ആദ്യമായാണ് കാമറൂണിന് എതിരെ സ്വിറ്റ്‌സര്‍ലന്‍ഡ് കളിക്കുന്നത്. യൂറോയില്‍ ക്വാര്‍ട്ടര്‍ വരെ എത്തിയത് സ്വിറ്റ്‌സര്‍ലന്‍ഡിന് ആത്മവിശ്വാസം നല്‍കുമ്പോള്‍ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ മൂന്നാം സ്ഥാനത്താണ് കാമറൂണ്‍ ഫിനിഷ് ചെയ്തത്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പരമാവധി പോയിന്റായ 24ല്‍ 18 പോയിന്റും സ്വന്തമാക്കിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. എന്നാല്‍ ലോകകപ്പിന് മുന്‍പായുള്ള സന്നാഹ മത്സരത്തില്‍ ഘാനയോട് 2-0ന് തോറ്റത് അവര്‍ക്ക് തിരിച്ചടിയാണ്. എന്നാല്‍ ക്യാപ്റ്റന്‍ ഷാക്കയും ബ്രീലും ഫോമില്‍ നില്‍ക്കുന്നത് അവര്‍ക്ക് ആശ്വാസമാവുന്നു. 

അലോന്‍സോ ടീമിനെ ജയങ്ങളിലേക്ക് എത്തിക്കുന്നു

ഇന്ന് രണ്ടാമത് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയെ യുറുഗ്വെ നേരിടും. മികച്ച ഫോമിലാണ് രണ്ട് വട്ടം ലോക ചാമ്പ്യന്മാരായ യുറുഗ്വേ ഖത്തറിലേക്ക് വരുന്നത്. 15 വര്‍ഷം പരിശീലകനായിരുന്ന തബാരെസിനെ പുറത്താക്കിയെങ്കിലും അലോന്‍സോ ടീമിനെ ജയങ്ങളിലേക്ക് എത്തിക്കുന്നു. അലോന്‍സോ ചുമതലയേല്‍ക്കുന്ന സമയം ലോകകപ്പ് യോഗ്യത നേടാന്‍ നാല് ജയങ്ങളാണ് യുറുഗ്വേയ്ക്ക് വേണ്ടിയിരുന്നത്. ആ നാലിലും ജയം നേടാന്‍ അവര്‍ക്കായി. 

സുവാരസും, നുനെസും കവാനിയും മാക്‌സി ഗോമസും നിറയുന്ന യുറുഗ്വേയുടെ ആക്രമണ നിര ശക്തമാണ്. മറുവശത്ത് ദക്ഷിണ കൊറിയ ആശ്രയിക്കുന്നത് ടോട്ടനം മുന്നേറ്റനിര താരം സോണിലാണ്. ശസ്ത്രക്രിയക്ക് ശേഷം വരുന്ന സോണിന്റെ കളിയെ ആശ്രയിച്ചിരിക്കും ദക്ഷിണ കൊറിയയുടെ ഭാവി. 

ക്രിസ്റ്റ്യാനോ ഘാനയെ നേരിട്ടാണ് തുടങ്ങുക

തന്റെ അവസാന ലോകകപ്പിന് എത്തുന്ന ക്രിസ്റ്റ്യാനോ ഘാനയെ നേരിട്ടാണ് തുടങ്ങുക. ഇന്ന് രാത്രി 9.30നാണ് മത്സരം. പോര്‍ച്ചുഗലിന് തന്നെയാണ് ഘാനയ്‌ക്കെതിരെ വലിയ മുന്‍തൂക്കം. സന്നാഹ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഘാന 2-0ന് വീഴ്ത്തിയത് പോര്‍ച്ചുഗലിന്റെ മനസിലുണ്ടാവും എന്ന് ഉറപ്പ്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള കരാര്‍ റദ്ദാക്കിയതോടെ ഫ്രീ ഏജന്റാണ് ക്രിസ്റ്റ്യാനോ. പരിക്കിനെ തുടര്‍ന്ന് ഡിയാഗോ ജോട്ട ഉള്‍പ്പെടെയുള്ള കളിക്കാരെ പോര്‍ച്ചുഗലിന് നഷ്ടമായിരുന്നു. ഇതോടെ ലോകകപ്പിലെ മുന്‍പോട്ട് പോക്കിന് പോര്‍ച്ചുഗലിന് ക്രിസ്റ്റിയാനോ തിളങ്ങണം. ലോകകപ്പില്‍ രണ്ട് വട്ടം മാത്രമാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ കളിച്ചത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പ്ലേഓഫ് ഫൈനല്‍ കളിച്ച് അവസാന നിമിഷമാണ് പോര്‍ച്ചുഗല്‍ ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 

നാല് വര്‍ഷം മുന്‍പ് റഷ്യയിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയിരുന്നു

വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ ഇറങ്ങുമ്പോള്‍ അവരുടെ ആദ്യ എതിരാളി സെര്‍ബിയയാണ്. ആറാം കിരീടം ലക്ഷ്യമിട്ട് വരുന്ന ബ്രസീലിന് തന്നെയാണ് ഇവിടെ മുന്‍തൂക്കം. നാല് വര്‍ഷം മുന്‍പ് റഷ്യയിലും ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലും സെര്‍ബിയയും ഏറ്റുമുട്ടിയിരുന്നു. അന്ന് 2-0നാണ് ബ്രസീല്‍ ജയിച്ചത്. 

14 ജയവും മൂന്ന് സമനിലയുമായാണ് ബ്രസീല്‍ ഖത്തറിലേക്ക് എത്തുന്നത്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബ്രസീല്‍ അവസാനം തോല്‍ക്കുന്നത് 1998ലാണ്. നേര്‍വേയ്ക്ക് എതിരെയായിരുന്നു അത്. എന്നാല്‍ 15 മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ബ്രസീല്‍ സെര്‍ബിയയെ നേരിടാനൊരുങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാസിങ് മാജിക്, ഖത്തറില്‍ സ്പാനിഷ് വസന്തം; 7-0ന് കോസ്റ്ററിക്കയെ തകര്‍ത്ത് സ്‌പെയ്ന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ