'മുഖത്തേക്ക് ഒലിച്ചിറങ്ങിയ കണ്ണീരിലുണ്ട് ആ ​ഗോളിന്റെ മൂല്യം'- ലോകകപ്പിലെ ആദ്യ ​ഗോൾ നേടി ലെവൻഡോസ്കി

നേട്ടങ്ങളുടെ നിരവധി നിരവധി തിളക്കങ്ങൾ സ്വന്തമാക്കിയപ്പോഴും ലെവൻഡോസ്കിക്ക് ലോകകപ്പ് ​ഗോൾ ഇല്ലായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദോഹ: ഒടുവിൽ റോബർട്ട് ലെവൻഡോസ്കി ആ ചീത്തപ്പേരും മാറ്റി. ലോക ഫുട്ബോളിൽ മിന്നും താരമായ പോളിഷ് നായകൻ കരിയറിൽ ആദ്യമായി ലോകകപ്പിൽ രാജ്യത്തിനായി വല ചലിപ്പിച്ചു. ലോകകപ്പിൽ ഇതുവരെ ​ഗോൾ നേടാൻ സാധിച്ചില്ലെന്ന നിരാശ എത്രമാത്രമുണ്ടെന്ന് ​ഗോൾ നേടിയ ശേഷം അദ്ദേഹം പൊഴിച്ച കണ്ണീരിൽ കാണാം. 

ഫുട്ബോൾ ലോകം കണ്ട എക്കാലത്തേയും മികച്ച താരമെന്ന പേര് പ്രകടന മികവിനാൽ അടയാളപ്പെടുത്തിയ താരം. ക്ലബിനും രാജ്യത്തിനുമായി 500ന് മുകളിൽ ​ഗോളുകൾ നേടിയ താരം. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ കളിക്കാരൻ തുടങ്ങി നേട്ടങ്ങളുടെ നിരവധി നിരവധി തിളക്കങ്ങൾ സ്വന്തമാക്കിയപ്പോഴും ലെവൻഡോസ്കിക്ക് ലോകകപ്പ് ​ഗോൾ ഇല്ലായിരുന്നു. 

ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ മെക്സിക്കോക്കെതിരെ ​പെനാൽറ്റി കിട്ടിയിട്ടും അതും മുതലാക്കാൻ താരത്തിന് സാധിച്ചില്ല. രണ്ടാം പോരാട്ടത്തിൽ എല്ലാ നിരാശകളും ലെവി കഴുകി കളഞ്ഞു. 

സൗദി അറേബ്യക്കെതിരായ പോരിൽ 82ാം മിനിറ്റിലാണ് താരത്തിന്റെ കന്നി ലോകകപ്പ് ​ഗോളിന്റെ പിറവി. ​ഗോളടിക്കാനുള്ള താരത്തിന്റെ ആ​ഗ്രഹം വ്യക്തമാക്കുന്നതായിരുന്നു ​ഗോൾ. അവസരത്തിനായി തക്കം പാർത്തു നിന്ന ലെവൻഡോസ്കി സൗദി താരത്തിന്റെ പിഴവ് ക്ഷണ നേരത്തിൽ മുതലെടുത്താണ് ക്ലിനിക്ക് ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചത്. 

​ഗോൾ നേട്ടത്തിനൊപ്പം മറ്റൊരു പൊൻതൂവലും പോളിഷ് നായകന്റെ പേരിലായി. സൗദിക്കെതിരായ ​ഗോളോടെ ലെവൻഡോസ്കിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ ​ഗോൾ എണ്ണം 77ൽ എത്തി. ബ്രസീൽ ഇതിഹാസം പെലെയ്ക്കൊപ്പം ലെവി തന്റെ പേരും എഴുതി ചേർത്തു. പെലെയ്ക്കും 77 അന്താരാഷ്ട്ര ​ഗോളുകളാണുള്ളത്. ​ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിലും താരം എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com