സീസണിലെ ഗോള്‍ വരള്‍ച്ചയും നിരാശയും; സൈക്കോളജിസ്റ്റിനെ സമീപിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st October 2022 12:57 PM  |  

Last Updated: 01st October 2022 12:57 PM  |   A+A-   |  

cristiano

ക്രിസ്റ്റ്യാനോ റൊണാൾഡോ /ഫയല്‍ ചിത്രം

 

ലണ്ടന്‍: സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതിന് പിന്നാലെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. സൈക്കോളജിസ്റ്റായ ജോര്‍ദാന്‍ പിറ്റേഴ്‌സനെ തന്റെ വസതിയിലേക്ക് വിളിച്ചു വരുത്തിയാണ് ക്രിസ്റ്റ്യാനോ തെറാപ്പി സെഷന് വിധേയനായത്. 

ക്രിസ്റ്റ്യാനോ തന്നെ വീട്ടിലേക്ക് ക്ഷണിച്ച വിവരം ജോര്‍ദാന്‍ പീറ്റേഴ്‌സനും സ്ഥിരീകരിച്ചു. രണ്ട് മണിക്കൂറോളം ക്രിസ്റ്റിയാനോയുമായി സംസാരിച്ചു. നേരിടുന്ന പ്രയാസങ്ങള്‍, ഭാവിയില്‍ എന്താണ് ലക്ഷ്യം വെക്കുന്നത് എന്നതിനെ കുറിച്ചാണ് തങ്ങള്‍ സംസാരിച്ചതെന്ന് സ്പാനിഷ് മാധ്യമമായ മാര്‍ക്കയോട് ജോര്‍ദാന്‍ പീറ്റേഴ്‌സന്‍ പറഞ്ഞു. 

ഏതാനും മാസം മുന്‍പ് തന്റെ ജീവിതത്തില്‍ വലിയൊരു പ്രയാസം ക്രിസ്റ്റ്യാനോ നേരിട്ടു. അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് എന്റെ വീഡിയോകള്‍ ക്രിസ്റ്റിയാനോയ്ക്ക് നല്‍കിയത്. ആ വീഡിയോകള്‍ കണ്ടതായും എന്റെ ബുക്കുകള്‍ വായിച്ചതായും അദ്ദേഹം പറഞ്ഞു, ജോര്‍ദാന്‍ പീറ്റേഴ്‌സന്‍ പറഞ്ഞു. 

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ക്രിസ്റ്റിയാനോ ശ്രമിച്ചു. ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ടീമിലേക്ക് മാറാനാണ് താരം ശ്രമിച്ചത്. ചെല്‍സി ഉള്‍പ്പെടെയുള്ള ക്ലബുകള്‍ ആദ്യം മുന്‍പോട്ട് വന്നെങ്കിലും ട്രാന്‍സ്ഫര്‍ സാധ്യമായില്ല. 

പ്രീസീസണ്‍ ടൂറില്‍ ക്രിസ്റ്റ്യാനോ ടീമിനൊപ്പം ചേരാതിരുന്നതോടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും താരത്തെ അലട്ടി. ഫസ്റ്റ് ഇലവനില്‍ സ്ഥാനം നേടാന്‍ പല മത്സരങ്ങളിലും ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്റര്‍നെറ്റില്‍ അതിവേഗം കുതിക്കാന്‍ ഇന്ത്യ; രാജ്യത്ത് 5 ജി സേവനങ്ങള്‍ക്ക് തുടക്കം, മോദി ഉദ്ഘാടനം ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ