വനിതാ ഏഷ്യാ കപ്പ് ടി20യിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം; മലേഷ്യയെ തകർത്തു

ജയം തേടിയിറങ്ങിയ മലേഷ്യ 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ പെയ്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യക്ക് തുടർച്ചയായി രണ്ടാം ജയം. മലേഷ്യയെയാണ് ഇന്ത്യൻ വനിതകൾ വീഴ്ത്തിയത്. മഴയെ തുടർന്ന് ഡക്ക്‌വര്‍ത്ത്‌ ലൂയീസ് നിയമം അനുസരിച്ചായിരുന്നു ഇന്ത്യയുടെ വിജയം. 30 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു.

ജയം തേടിയിറങ്ങിയ മലേഷ്യ 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ പെയ്തത്. ഇതോടെ കളി നിർത്തി വച്ചു. എട്ട് വിക്കറ്റുകൾ ശേഷിക്കെ മലേഷ്യക്ക് ജയിക്കാൻ 88 പന്തിൽ 166 റൺസ് കൂടി വേണം. പിന്നീട് മഴ മാറാത്തതിനെ തുടർന്നാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്.

മറുപടി ബാറ്റിങ് തുടങ്ങി മലേഷ്യയുടെ ഇന്നിങ്‌സിന്റെ നാലാം പന്തില്‍ ക്യാപ്റ്റനും ഓപ്പണറുമായ വിനിഫ്രെഡ് ദുരൈസിംഗത്തെ ഇന്ത്യ പൂജ്യത്തിന് പുറത്താക്കി. താരത്തെ ദീപ്തി ശര്‍മ വിക്കറ്റിന് മുന്നില്‍ കുരുക്കി. പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഹ ഓപ്പണറുമായ വാന്‍ ജൂലിയയെ രാജേശ്വരി ഗെയ്ക്‌വാദ് ക്ലീന്‍ ബൗള്‍ഡാക്കി. താരം ഒരു റണ്ണില്‍ പുറത്തായി. 

രണ്ട് വിക്കറ്റുകള്‍ വീഴുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സായിരുന്നു. നിലവില്‍ 14 റണ്‍സുമായി മാസ് എലിസയും ഒരു റണ്ണുമായി എല്‍സ ഹണ്ടറുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടി മലേഷ്യ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ സഭിനേനി മേഘ്‌നയുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യയ്ക്ക് കരുത്തായത്. മേഘ്‌ന 52 പന്തില്‍ 69 റണ്‍സെടുത്ത് പുറത്തായി. 11 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് മേഘ്‌നയുടെ ഇന്നിങ്സ്. 

സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ധാനയ്ക്ക് വിശ്രമം അനുവദിച്ചു. സ്മൃതി മന്ധാനയ്ക്ക് പകരം മേഘ്‌നയാണ് ഷെഫാലി വർമയ്ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് തുടങ്ങിയത്. ഷെഫാലി 39 പന്തില്‍ 46 റണ്‍സെടുത്തു. ഒരു ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്്‌സ്. റിച്ച ഘോഷ് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 19 പന്തില്‍ 33 റണ്‍സ് അടിച്ചുകൂട്ടി പുറത്താകാതെ നിന്നു. കിരണ്‍ പ്രഭു നവഗിര്‍ (പൂജ്യം), രാധ യാദവ് (എട്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. പത്ത് റണ്‍സുമായി ദയാളന്‍ ഹേമലത പുറത്താകാതെ നിന്നു.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഹര്‍മന്‍ പ്രീതും സംഘവും ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. 41 റണ്‍സിനാണ് ഇന്ത്യ ലങ്കന്‍ വനിതകളെ തോല്‍പ്പിച്ചത്. അതേസമയം മലേഷ്യ ആദ്യമത്സരത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com