അന്നും തോറ്റത് സൗരാഷ്ട്ര... ഇന്നും! ഇറാനി ട്രോഫി നിലനിര്‍ത്തി റെസ്റ്റ് ഓഫ് ഇന്ത്യ

2019-20 സീസണിലായിരുന്നു അവസാനമായി മത്സരം നടന്നത്. അന്നും സൗരാഷ്ട്രയെ തന്നെ വീഴ്ത്തിയാണ് റെസ്റ്റ് ഓഫ് ഇന്ത്യ കിരീടം വിദര്‍ഭയുടെ കൈയില്‍ നിന്ന് തിരികെ നേടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

രാജ്‌കോട്ട്: ഇറാനി ട്രോഫി ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി റെസ്റ്റ് ഓഫ് ഇന്ത്യ ടീം. രഞ്ജി ചാമ്പ്യന്‍മാരായ സൗരാഷ്ട്രയെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് റെസ്റ്റ് ഓഫ് ഇന്ത്യ തങ്ങളുടെ 29ാം കിരീടത്തില്‍ മുത്തമിട്ടത്. വിജയ ലക്ഷ്യമായ 105 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ടീം അടിച്ചെടുത്തു. 

2019-20 സീസണിലായിരുന്നു അവസാനമായി മത്സരം നടന്നത്. അന്നും സൗരാഷ്ട്രയെ തന്നെ വീഴ്ത്തിയാണ് റെസ്റ്റ് ഓഫ് ഇന്ത്യ കിരീടം വിദര്‍ഭയുടെ കൈയില്‍ നിന്ന് തിരികെ നേടിയത്. കോവിഡിനെ തുടര്‍ന്ന് 2020-21 സീസണ്‍ മത്സരം നടന്നില്ല. പിന്നാലെയാണ് ഇത്തവണ കിരീടം നിലനിര്‍ത്തിയത്. 

ഒന്നാം ഇന്നിങ്‌സില്‍ സൗരാഷ്ട്രയെ വെറും 98 റണ്‍സില്‍ പുറത്താക്കിയ റെസ്റ്റ് ഓഫ് ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിങ്‌സ് 374 റണ്‍സ് അടിച്ചെടുത്താണ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ സൗരാഷ്ട്ര 380 അടിച്ചെടുത്തെങ്കിലും റെസ്റ്റ് ഓഫ് ഇന്ത്യക്ക് 105 മാത്രമാണ് ജയത്തിലേക്ക് വേണ്ടി വന്നത്. 

വിജയത്തിലേക്ക് ബാറ്റേന്തിയ റെസ്റ്റ് ഓഫ് ഇന്ത്യക്കായി അഭിമന്യു ഈശ്വരന്‍ അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. താരം 63 റണ്‍സാണ് സ്വന്തമാക്കിയത്. കളി അവസാനിക്കുമ്പോള്‍ 27 റണ്‍സുമായി ശ്രീകര്‍ ഭരതായിരുന്നു അഭിമന്യുവിനൊപ്പം ക്രീസില്‍. രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ പ്രിയങ്ക് പഞ്ചാലിനേയും എട്ട് റണ്‍സെടുത്ത യഷ് ദുല്ലിനേയുമാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് നഷ്ടമായത്. അവര്‍ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകളും സൗരാഷ്ട്ര ക്യാപ്റ്റന്‍ ജയദേവ് ഉനദ്കട് സ്വന്തമാക്കി. 

ഒന്നാം ഇന്നിങ്‌സില്‍ സൗരാഷ്ട്രയുടെ മൂന്ന് വിക്കറ്റുകള്‍ പിഴുത റെസ്റ്റിന്റെ കുല്‍ദീപ് സെന്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മൊത്തം എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരത്തിന്റെ മിന്നും ഫോമാണ് സൗരാഷ്ട്രയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. 

ഒന്നാം ഇന്നിങ്‌സില്‍ സൗരാഷ്ട്രയുടെ മൂന്ന് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 28 റണ്‍സെടുത്ത ധര്‍മേന്ദ്രസിന്‍ ജഡേജയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം ഒന്‍പതാമനായി ക്രീസിലെത്തിയാണ് തിളങ്ങിയത്. 22 റണ്‍സെടുത്ത
അര്‍പിത് വാസവദ, 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജയദേവ് ഉനദ്കട് എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവര്‍. 

ഒന്നാം ഇന്നിങ്‌സില്‍ റെസ്റ്റിനായി സര്‍ഫറാസ് ഖാന്‍ സെഞ്ച്വറി നേടി. താരം 138 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹനുമ വിഹാരി, സൗരഭ് കുമാര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. വിഹാരി 82 റണ്‍സും സൗരഭ് 55 റണ്‍സും അടിച്ചെടുത്തു. 

രണ്ടാം ഇന്നിങ്‌സില്‍ മധ്യനിരയും വാലറ്റവും സൗരാഷ്ട്രയ്ക്ക് ആശ്വാസമായി. ക്യാപ്റ്റന്‍ ജയദേവ് ഉനദ്കടാണ് ടോപ് സ്‌കോറര്‍. താരം 89 റണ്‍സെടുത്തു. പ്രേരക് മങ്കാദ് (72), ഷെല്‍ഡന്‍ ജാക്‌സന്‍ (71), അര്‍പിത് വാസവദ (55) എന്നിവരും അര്‍ധ സെഞ്ച്വറികള്‍ നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com