'പന്ത് നിന്നു... എന്റെ ഉള്ളിലെ വികാരങ്ങളും...'- ഫ്രാങ്ക് റിബറി വിരമിച്ചു

സോഷ്യല്‍ മീഡിയയില്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ച് കുറിച്ചു. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷകളിലായിരുന്നു താരത്തിന്റെ വിട വാങ്ങല്‍ കുറിപ്പ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മിലാന്‍: ഫ്രഞ്ച്, ബയേണ്‍ മ്യൂണിക്ക് ഇതിഹാസം ഫ്രാങ്ക് റിബറി സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. സീരി എ ടീം സലെര്‍നിറ്റാനയുടെ താരമായ റിബറി കാല്‍മുട്ടിന് പരിക്കേറ്റതിന് പിന്നാലെയാണ് വിരമിക്കാന്‍ തീരുമാനിച്ചത്. 

'പന്ത് നിന്നു... എന്റെ ഉള്ളിലെ വികാരങ്ങളും അവസാനിച്ചു. മഹത്തായ ഒരു സാഹസികതയ്ക്ക് വിരാമം. എല്ലാറ്റിനും നന്ദി...' 

സോഷ്യല്‍ മീഡിയയില്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ച് കുറിച്ചു. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷകളിലായിരുന്നു താരത്തിന്റെ വിട വാങ്ങല്‍ കുറിപ്പ്.

39കാരനായ താരം ബയേണ്‍ മ്യൂണിക്കിലെ ഇതിഹാസ കാലത്തിന് വിരാമമിട്ട് 2019ല്‍ ക്ലബിനോട് വിട ചൊല്ലി. പിന്നാലെ സീരി എ ക്ലബ് ഫിയോരെന്റിനയ്ക്കായി ബൂട്ടുകെട്ടിയ റിബറി കഴിഞ്ഞ സീസണിലാണ് സലെര്‍നിറ്റാനയിലേക്ക് എത്തിയത്. 

2006 മുതല്‍ ഫ്രാന്‍സ് ദേശീയ ടീമിനായി കളിച്ച റിബറി 2014ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സിനായി 81 മത്സരങ്ങള്‍ കളിച്ച റിബറി 16 ഗോളുകള്‍ ടീമിനായി നേടി. 

ബയേണിനൊപ്പം 12 സീസണുകളിലായി കളിച്ച താരമാണ് റിബറി. അറ്റാക്കിങ് മിഡ്ഫീല്‍ഡറായി താരം വെട്ടിത്തിളങ്ങി. ഒന്‍പത് ബുണ്ടസ് ലീഗ കിരീടങ്ങളും 2013ലെ ചാമ്പ്യന്‍സ് ലീഗ് വിജയവും ക്ലബിനൊപ്പം റിബറി സ്വന്തമാക്കി. ആറ് ജര്‍മന്‍ കപ്പ്, നാല് ജര്‍മന്‍ സൂപ്പര്‍ കപ്പ്, 2013ലെ യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളും ബയേണിനൊപ്പം താരം നേടി. 2006ലെ ലോകകപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഫ്രാന്‍സ് ടീമിലും റിബറി നിര്‍ണായക സാന്നിധ്യമായിരുന്നു. 

നേരത്തെ തുര്‍ക്കി ക്ലബ് ഗലാത്‌സരെ, ഫ്രഞ്ച് ലീഗ് വണ്‍ ടീം മാഴ്‌സ ടീമുകള്‍ക്കായും താരം കളത്തിലിറങ്ങി. ഗലാത്‌സരെയ്‌ക്കൊപ്പം 2004-05 സീസണില്‍ തുര്‍ക്കിഷ് കപ്പും 2005ല്‍ മാഴ്‌സയ്‌ക്കൊപ്പം യുവേഫ ഇന്റര്‍ടോട്ടോ കപ്പും റിബറി സ്വന്തമാക്കി. 

ബയേണ്‍ മ്യൂണിക്കില്‍ ഹോളണ്ട് താരം ആര്യന്‍ റോബനുമായി ചേര്‍ന്നുള്ള റിബറിയുടെ കൂട്ടുകെട്ട് വിഖ്യാതമായിരുന്നു. ഇരു വിങ്ങുകളിലുമായുള്ള ഇരുവരുടേയും മുന്നേറ്റം ലോക ഫുട്‌ബോളിനെ ത്രസിപ്പിച്ചു. 

ബയേണിനൊപ്പം 273 മത്സരങ്ങളാണ് താരം കളിച്ചത്. 86 ഗോളുകളും 92 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. 22 വര്‍ഷം നീണ്ട മോഹനമായ ഒരു കരിയറിനാണ് റിബറി അവസാനം കുറിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com