പത്ത് റണ്ണിന് അഞ്ച് വിക്കറ്റ്; മാരകം സാം കറൻ; അഫ്​ഗാനെ വീഴ്ത്തി ഇം​ഗ്ലണ്ട് തുടങ്ങി

ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സും ചേര്‍ന്ന് നല്‍കിയത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

പെര്‍ത്ത്: ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിന് വിജയത്തുടക്കമിട്ട് ഇം​ഗ്ലണ്ട്. അഫ്​ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ഇം​ഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 113 റണ്‍സ് വിജയ ലക്ഷ്യം ഇംഗ്ലണ്ട് 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ബാറ്റിങിൽ തകർന്നെങ്കിലും ബൗളിങിൽ ഇം​ഗ്ലീഷ് ബാറ്റിങ് നിരയെ വിറപ്പിക്കാൻ അഫ്​ഗാന് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാൻ 19.4 ഓവറിൽ 112 റൺസിൽ അവസാനിച്ചു. 

ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 18 റണ്‍സെടുത്ത ബട്‌ലറെ പുറത്താക്കി ഫസല്‍ഹഖ് ഫറൂഖി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അലക്‌സ് ഹെയ്ല്‍സിനെ പുറത്താക്കി ഫരീദ് അഹമ്മദ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. 19 റണ്‍സാണ് ഹെയ്ല്‍സിന്റെ സമ്പാദ്യം.

മൂന്നാമനായി വന്ന ഡേവിഡ് മാലന്‍ റണ്‍സ് കണ്ടെത്താന്‍ നന്നേ വിയർത്തു. ക്രീസിലുറച്ചു നിന്നെങ്കിലും താരത്തിന് അതിവേഗം റണ്‍സ് കണ്ടെത്താനായില്ല. മറുവശത്ത് എത്തിയ ബെന്‍ സ്‌റ്റോക്‌സിനെ വെറും രണ്ട് റണ്‍സില്‍ മുഹമ്മദ് നബി ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ 30 പന്തില്‍ 18 റണ്‍സെടുത്ത മലാനെ മുജീബുര്‍ റഹ്‌മാനും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പതറി.

ഒരു വശത്ത് വീഴാതെ പിടിച്ചു നിന്ന ലിയാം ലിവിങ്സ്റ്റൻ അനായാസം റണ്‍സ് കണ്ടെത്തിയത് ഇം​ഗ്ലണ്ടിന് തുണയായി. ഏഴ് റണ്‍സെടുത്ത ഹാരി ബ്രൂക്സിനെ റാഷിദ് ഖാന്‍ പുറത്താക്കിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 97 എന്ന നിലയിലേക്ക് വീണു. ബ്രൂക്‌സിന് പകരം മൊയിന്‍ അലിയാണ് ക്രീസിലെത്തിയത്.

മൊയിന്‍ അലിയെ കൂട്ടുപിടിച്ച് ലിവിങ്സ്റ്റൻ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. ലിവിങ്‌സ്റ്റൻ‌ 21 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി. മൊയിന്‍ അലി എട്ട് റണ്‍സുമായി വിജയത്തിൽ ലിവിങ്സ്റ്റന് കൂട്ടായി നിന്നു. അഫ്ഗാനുവേണ്ടി ഫസല്‍ഹഖ് ഫാറൂഖി, മുജീബുര്‍ റഹ്‌മാന്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി, ഫരീദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ സാം കറന്റെ തീ പാറും പന്തുകൾ അഫ്​ഗാൻ ബാറ്റിങിന്റെ ബോൾട്ടിളക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഒരു ഘട്ടത്തില്‍പ്പോലും ആധിപത്യം പുലര്‍ത്താനായില്ല. 

32 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനും 30 റണ്‍സ് നേടിയ ഉസ്മാന്‍ ഘനിയും മാത്രമാണ് അഫ്ഗാന് വേണ്ടി തിളങ്ങിയത്. ആദ്യ ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും അവസാന ഓവറുകളില്‍ അഫ്ഗാന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. 82 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ നിന്ന് അഫ്ഗാന്‍ 112 ന് ഓള്‍ ഔട്ടായി. 

ടീമിലെ ഏഴ് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല. സാം കറന്‍ 3.4 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റെടുത്തു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ബെന്‍ സറ്റോക്‌സും മാര്‍ക്ക് വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്രിസ് വോക്‌സ് ഒരു വിക്കറ്റ് സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com