'അയല്‍ക്കാരാ... ടിവി എന്തു പിഴച്ചു?'- ടെലിവിഷന്‍ ചവിട്ടിക്കൂട്ടി പാക് ആരാധകന്‍; സംശയവുമായി സെവാഗ് (വീഡിയോ)

ഇന്ത്യന്‍ വിജയത്തില്‍ കലി പൂണ്ട് ടെലിവിഷന്‍ ചവിട്ടി പൊട്ടിക്കുന്ന പാകിസ്ഥാന്‍ ആരാധകന്റെ വീഡിയോ ആണ് സെവാഗ് പങ്കിട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരായ ഇന്ത്യയുടെ ടി20 ലോകകപ്പിലെ ത്രസിപ്പിക്കുന്ന വിജയത്തിന്റെ രസകരമായ അനുരണനങ്ങള്‍ അവസാനിക്കുന്നില്ല. ഇത്തവണ രസകരമായൊരു വീഡിയോയും അതിന് ചിരിപ്പിക്കുന്ന കമന്റുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗ്. 

ഇന്ത്യന്‍ വിജയത്തില്‍ കലി പൂണ്ട് ടെലിവിഷന്‍ ചവിട്ടി പൊട്ടിക്കുന്ന പാകിസ്ഥാന്‍ ആരാധകന്റെ വീഡിയോ ആണ് സെവാഗ് പങ്കിട്ടത്. സോഫയിലിരുന്ന് ടെലിവിഷനില്‍ മത്സരം കണ്ട ആരാധകന്‍ അശ്വിന്‍ സിംഗിള്‍ എടുത്തതിന് പിന്നാലെ മുന്നിലിരുന്ന ടേബിളില്‍ വച്ച ലാപ് ടോപ് ആദ്യം ടെലിവിഷനിലേക്ക് എറിയുന്നു. പിന്നാലെ ടെലിവിഷനില്‍ ചവിട്ടുന്നു. അതുകൊണ്ടും അരിശം തീരാതെ സ്റ്റാന്‍ഡില്‍ നിന്ന് ടിവി താഴേക്ക് മറിച്ചിട്ട് ചവിട്ടികൂട്ടുന്നതാണ് വീഡിയോ. ഇത് പങ്കിട്ടാണ് സെവാഗിന്റെ രസകരമായ കുറിപ്പ്. 

'അയല്‍ക്കാരെ വിശ്രമിക്കു. ഇതൊരു കളി മാത്രമാണ്. ഞങ്ങള്‍ ഇവിടെ ദീപാവലി ആഘോഷിക്കുകയാണ്. അതുകൊണ്ടു ഞങ്ങള്‍ പടക്കം പൊട്ടിക്കുന്നു. പക്ഷേ നിങ്ങള്‍ ഒരു കാരണവുമില്ലാതെ ടിവി അടിച്ചുപൊട്ടിക്കുന്നു. ടെലിവിഷന്‍ എന്തു പിഴച്ചു'- എന്നായിരുന്നു സെവാഗ് കുറിച്ചത്. 

അതേസമയം സെവാ​ഗ് പങ്കിട്ട വീഡിയോ ഒറിജിനല്ലെന്ന് ചില പാകിസ്ഥാൻ ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഒരു ഫുട്ബോൾ മത്സരത്തിനിടെ തുർക്കി ആരാധകനാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും ഇവിടെ ടെലിവിഷനിലെ ഫുട്ബോൾ വീഡിയോക്ക് പകരം ഇന്ത്യ- പാക് പോരാട്ടത്തിന്റെ മത്സരം എഡിറ്റ് ചെയ്ത് പ്രദർശിപ്പിക്കുകയാണെന്നും ആരാധകർ പ്രതികരിച്ചു.

ആവേശം അവസാന നിമിഷം വരെ നിന്ന പോരാട്ടത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയം പിടിച്ചത്. ജയ പരാജയങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍ അവസാന പന്തില്‍ സിംഗിളെടുത്താണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഒരു ഘട്ടത്തില്‍ പാകിസ്ഥാന് വിജയം സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ വിരാട് കോഹ്‌ലിയുടെ വീരോചിത ചെറുത്തു നില്‍പ്പ് അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com