തീ... പടര്‍ത്തി 'ടസ്‌കിന്‍' പേസ് - നെതര്‍ലന്‍ഡ്‌സ് വീണു; ലോകകപ്പില്‍ ആദ്യ ജയം കുറിച്ച് ബംഗ്ലാദേശ്

നാലോവറില്‍ 25 റണ്‍സ് വഴങ്ങി ടസ്‌കിന്‍ നാല് വിക്കറ്റുകള്‍ പിഴുതു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹൊബാര്‍ട്ട്: കരിയറിലെ ഏറ്റവും മികച്ച ബൗളിങുമായി പേസര്‍ ടസ്‌കിന്‍ അഹമ്മദ് തിളങ്ങിയപ്പോള്‍ ബംഗ്ലാദേശിന് ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ആദ്യ ജയം. നെതര്‍ലന്‍ഡ്‌സിനെ ഒന്‍പത് റണ്‍സിന് വീഴ്ത്തിയാണ് ബംഗ്ലാദേശിന്റെ കുതിപ്പ്. 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 144 റണ്‍സ്. വിജയം തേടിയിറങ്ങിയ നെതര്‍ലന്‍ഡിന്റെ പോരാട്ടം 20 ഓവറില്‍ 135 റണ്‍സില്‍ അവസാനിച്ചു. 

നാലോവറില്‍ 25 റണ്‍സ് വഴങ്ങി ടസ്‌കിന്‍ നാല് വിക്കറ്റുകള്‍ പിഴുതു. ഹസന്‍ മഹ്മുദ് നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. ഷാകിബ് അല്‍ ഹസന്‍, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. രണ്ട് നെതര്‍ലന്‍ഡസ് താരങ്ങള്‍ റണ്ണൗട്ടായി. 

ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് നെതര്‍ലന്‍ഡ്‌സിനെ ടസ്‌കിന്‍ ഞെട്ടിച്ചു. കോളിന്‍ അക്കര്‍മാന്‍ 48 പന്തില്‍ 62 റണ്‍സുമായി നെതര്‍ലന്‍ഡിന്റെ ടോപ് സ്‌കോററായി. കോളിനേയും ടസ്‌കിന്‍ തന്നെ മടക്കി. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് 16 റണ്‍സെടുത്തു. പത്താമനായി ഇറങ്ങിയ പോള്‍ വാന്‍ മീകെരന്‍ 14 പന്തില്‍ 24 റണ്‍സുമായി പൊരുതിയെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല. ഫ്രെഡ് ക്ലാസന്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. 

ടോസ് നേടി നെതര്‍ലന്‍ഡ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവച്ച് നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ ബംഗ്ലാദേശ് റണ്‍സ് കണ്ടെത്താന്‍ ക്ലേശിച്ചു. 

27 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 38 റണ്‍സ് അടിച്ച അഫിഫ് ഹുസൈന്റെ ബാറ്റിങാണ് ബംഗ്ലാ ടീമിന് കരുത്തായത്. ഓപ്പണര്‍ നജ്മുല്‍ ഹുസൈന്‍ സാന്റോ 20 പന്തില്‍ നാല് ഫോറുകള്‍ സഹിതം 25 റണ്‍സ് കണ്ടെത്തി. 12 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് മൊസദ്ദെക് ഹുസൈന്‍ ടീം സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി. 

നെതര്‍ലന്‍ഡ്‌സിനായി പോള്‍ വാന്‍ മീകെരന്‍, ബാസ് ഡെ ലീഡ്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഫ്രെഡ് ക്ലാസന്‍, ടിം പ്രിംഗിള്‍, ഷാരിസ് അഹമദ്, ലോഗന്‍ വാന്‍ ബീക് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com