ഒരു പന്തില്‍ നിന്ന് 2 റണ്‍സ്, കാര്‍ത്തിക്കിനെ ഞാന്‍ മനസില്‍ ശപിച്ചു: ആര്‍ അശ്വിന്‍ 

'വിജയ റണ്‍ നേടിയപ്പോഴുള്ള സന്തോഷം അളവറ്റതായിരുന്നു. ഒരാളും എന്റെ വീടിന് നേരെ കല്ലെറിയില്ലല്ലോ'
ആര്‍ അശ്വിന്‍/ഫോട്ടോ: എഎഫ്പി
ആര്‍ അശ്വിന്‍/ഫോട്ടോ: എഎഫ്പി

മെല്‍ബണ്‍: പാകിസ്ഥാന് എതിരെ അവസാന പന്ത് നേരിടാന്‍ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നപ്പോള്‍ ദിനേശ് കാര്‍ത്തിക്കിനെ താന്‍ ശപിച്ചതായി ആര്‍ അശ്വിന്‍. എന്നാല്‍ ഇനിയും ടീമിന് ജയിക്കാന്‍ സാധിക്കും എന്ന ചിന്തയിലേക്ക് പെട്ടെന്ന് തന്നെ താന്‍ എത്തിയതായും അശ്വിന്‍ പറയുന്നു. 

20ാം ഓവറിലെ അഞ്ചാമത്തെ ഡെലിവറിയില്‍ കാര്‍ത്തിക് പുറത്തായതോടെയാണ് അശ്വിന്‍ ക്രീസിലേക്ക് എത്തിയത്. കാര്‍ത്തിക്കിന്റെ വിക്കറ്റ് വീഴ്ത്തിയതിന് സമാനമായ ഡെലിവറിയാണ് അശ്വിനെതിരേയും മുഹമ്മദ് നവാസില്‍ നിന്ന് വന്നത്. എന്നാല്‍ പന്ത് ലെഗ് സൈഡിലേക്കാണ് പോകുന്നത് എന്ന് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ അശ്വിന്‍ ഒഴിഞ്ഞുമാറി. വൈഡിലൂടെ സ്‌കോറുകള്‍ ലെവലിലാക്കാനും ഒരു പന്ത് കൂടി എക്‌സ്ട്രാ നേടാനും അശ്വിന് കഴിഞ്ഞു. 

വൈഡിലൂടെ ഒരു റണ്‍ ലഭിച്ചത് ആശ്വാസമായി

ബാറ്റ് ചെയ്യാനായി ക്രീസിലേക്ക് ഇറങ്ങിയ സമയം ഞാന്‍ ഒരു നിമിഷം കാര്‍ത്തിക്കിനെ പഴിച്ചു. എന്നാല്‍ ഇനിയും ജയിക്കാന്‍ സാധ്യതയുണ്ട് എന്ന ചിന്ത എന്നിലേക്ക് വന്നു. എന്തിനാണ് നമ്മള്‍ ഇവിടെ വന്നിരിക്കുന്നത് അത് ചെയ്യാം എന്ന് ഞാന്‍ ഉറപ്പിച്ചു. ലെഗ്ഗ് സൈഡിലേക്കാണ് പന്ത് പോകുന്നത് എന്ന് വ്യക്തമായതോടെ അവിടെ ഞാന്‍ ഒന്നും ചെയ്യേണ്ടതില്ലെന്ന് മനസിലായി. അതോടെയാണ് ആ ഡെലിവറി ലീവ് ചെയ്യാന്‍ തീരുമാനിച്ചത്. വൈഡിലൂടെ ഒരു റണ്‍ ലഭിച്ചത് ആശ്വാസമായി, അശ്വിന്‍ പറയുന്നു. 

ആ സമയം ക്രീസിലെത്തിയപ്പോള്‍ കോഹ് ലി എന്നോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ ഒരു കാര്യം മാത്രമേ എന്റെ ഓര്‍മയില്‍ ഉണ്ടായിരുന്നുള്ളു. ദൈവം എനിക്കായി ഒരുപാട് കാര്യങ്ങള്‍ നല്‍കി. ഇന്ന് എങ്ങനെയാണ് ദൈവത്തിന് എന്നെ തോല്‍പ്പിക്കാനാവുക? പന്ത് നോക്കി ഒഴിഞ്ഞ് കിടക്കുന്ന ഒരു ഇടത്തേക്ക് അടിച്ച് റണ്‍ നേടുക എന്നത് മാത്രമാണ് എന്റെ മനസിലുണ്ടായത്, അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറയുന്നു. 

വിജയ റണ്‍ നേടിയപ്പോഴുള്ള സന്തോഷം അളവറ്റതായിരുന്നു. ഒരാളും എന്റെ വീടിന് നേരെ കല്ലെറിയില്ലല്ലോ, ചിരിച്ചുകൊണ്ട് അശ്വിന്‍ പറഞ്ഞു. ഫിനിഷര്‍ റോളില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്ന ദിനേശ് കാര്‍ത്തിക് പാകിസ്ഥാന് എതിരെ നിരാശപ്പെടുത്തുകയായിരുന്നു. സ്ലോഗ് സ്വീപ്പിന് ശ്രമിച്ച് ബാലന്‍സ് നഷ്ടപ്പെട്ട കാര്‍ത്തിക്കിനെ പാക് വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് മടക്കുകയായിരുന്നു. ഇതോടെ ഒരു പന്തില്‍ നിന്ന് രണ്ട് റണ്‍സ് വേണ്ട നിലയിലേക്ക് ഇന്ത്യ എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com