രണ്ട് ഓവറില്‍ 27 റണ്‍സ്; ഒരോവറില്‍ രണ്ട് വിക്കറ്റ് പിഴുതിട്ടും ഉമേഷ് യാദവിന് പൊങ്കാല; ടീം സെലക്ഷനെതിരെ വിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2022 10:12 AM  |  

Last Updated: 21st September 2022 10:23 AM  |   A+A-   |  

umesh_yadav

ഉമേഷ് യാദവ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

 

മൊഹാലി: ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഉമേഷ് യാദവിനെതിരെ ആരാധകര്‍. രണ്ട് ഓവറില്‍ 27 റണ്‍സ് ഉമേഷ് യാദവ് വഴങ്ങിയതോടെ പ്ലേയിങ് ഇലവനിലേക്ക് താരത്തെ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്താണ് പ്രതികരണങ്ങള്‍ ഉയരുന്നത്. 

രണ്ട് ഓവറിന് ശേഷം വീണ്ടും ഉമേഷ് യാദവിന്റെ കൈകളിലേക്ക് രോഹിത് പന്ത് നല്‍കിയില്ല. ട്വന്റി20 ടീമിലോ റിസര്‍വ് നിരയിലോ ഉള്‍പ്പെട്ടിട്ടില്ലാത്ത ഉമേഷ് യാദവിനെ എന്തിന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി എന്ന ചോദ്യമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്. പകരം ദീപക് ചഹറിന് അവസരം നല്‍കണമായിരുന്നു എന്നാണ് ഉയരുന്ന അഭിപ്രായം. 

ഉമേഷ് യാദവിന് പകരം അര്‍ഷ്ദീപ് സിങ്ങിനേയും പരിഗണിക്കാം എന്ന അഭിപ്രായം ശക്തമാണ്. മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് ഉമേഷ് യാദവ് ടീമിലേക്ക് എത്തിയത്. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതായിനായി ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്താന്‍ നില്‍ക്കെയാണ് ഉമേഷ് യാദവിനോട് ടീമിനൊപ്പം ചേരാന്‍ നിര്‍ദേശം ലഭിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സ്റ്റീവ് സ്മിത്ത്, മാക്‌സ് വെല്‍ എന്നിവരുടെ വിക്കറ്റാണ് ഉമേഷ് യാദവ് വീഴ്ത്തിയത്. എന്നാല്‍ കാമറൂണ്‍ ഗ്രീന്‍ തുടങ്ങിവെച്ച ആക്രമണം വെയ്ഡ് ഏറ്റെടുത്തതോടെ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് ശേഷിക്കെ ജയം പിടിച്ചു. ഒരു വിക്കറ്റ് വീഴ്ത്തുകയും 30 പന്തില്‍ നിന്ന് 61 റണ്‍സ് അടിച്ചെടുക്കുകയും ചെയ്ത ഗ്രീന്‍ ആണ് കളിയിലെ താരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലോകകപ്പിൽ 'രാഹുൽ ​ഗാന്ധി' ഇന്ത്യയുടെ ഓപ്പണറാവും! അവതാരകന് പറ്റിയ അമളി വൈറൽ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ