66 പന്തില്‍ 110, വിമര്‍ശകരുടെ വായടപ്പിച്ച് ബാബര്‍ അസം; 200 റണ്‍സ് ചെയ്‌സ് ചെയ്ത് പിടിച്ച് ഓപ്പണിങ് സഖ്യം

തകര്‍പ്പന്‍ സെഞ്ചുറിയോടെ ഫോമിലേക്ക് തിരിച്ചെത്തി ബാബര്‍ ഇംഗ്ലണ്ടിനെതിരെ ടീമിനെ 10 വിക്കറ്റ് ജയത്തിലേക്കും എത്തിച്ചു
ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍/ഫോട്ടോ: എഎഫ്പി
ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍/ഫോട്ടോ: എഎഫ്പി

കറാച്ചി: ബാറ്റിങ്ങിലെ താളപ്പിഴകള്‍ക്ക് അധികം ആയുസ് നല്‍കാതെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. തകര്‍പ്പന്‍ സെഞ്ചുറിയോടെ ഫോമിലേക്ക് തിരിച്ചെത്തി ബാബര്‍ ഇംഗ്ലണ്ടിനെതിരെ ടീമിനെ 10 വിക്കറ്റ് ജയത്തിലേക്കും എത്തിച്ചു. 203 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുമായി ബാബര്‍-റിസ്വാന്‍ സഖ്യം റെക്കോര്‍ഡും തങ്ങളുടെ പേരിലാക്കി. 

200 റണ്‍സ് ആണ് പരമ്പരയിലെ രണ്ടാം ട്വന്റി20യില്‍ പാകിസ്ഥാന് മുന്‍പില്‍ ഇംഗ്ലണ്ട് വെച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 3 പന്തുകള്‍ ശേഷിക്കെ പാകിസ്ഥാനെ ഓപ്പണര്‍മാരായ ബാബറും റിസ്വാനും ചേര്‍ന്ന് ജയത്തിലേക്ക് എത്തിച്ചു. 66 പന്തില്‍ നിന്ന് 11 ഫോറും 5 സിക്‌സും പറത്തി 110 റണ്‍സാണ് ബാബര്‍ നേടിയത്. മുഹമ്മദ് റിസ്വാന്‍ 51 പന്തില്‍ നിന്ന് 5 ഫോറും നാല് സിക്‌സും നേടി 88 റണ്‍സ് എടുത്തു. 

ഓപ്പണര്‍മാരുടെ സ്‌ട്രൈക്ക് റേറ്റ് ചോദ്യം ചെയ്തവര്‍ക്കും മറുപടി

പാക് ഓപ്പണര്‍മാരുടെ സ്‌ട്രൈക്ക്‌റേറ്റിനെ ചൊല്ലി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചാണ് ബാബറും റിസ്വാനും ഇംഗ്ലണ്ടിന് എതിരെ ബാറ്റ് വീശിയത്. ആറാം ഓവര്‍ അവസാനിച്ചപ്പോള്‍ പാക് സ്‌കോര്‍ 59-0ല്‍ എന്ന നിലയിലെത്തി. 30  പന്തില്‍ നിന്നാണ് റിസ്വാന്‍ അര്‍ധ ശതകം കണ്ടെത്തിയത്. ബാബര്‍ 39 പന്തില്‍ നിന്നും. 

അര്‍ധ ശതകത്തില്‍ നിന്ന് സെഞ്ചുറിയിലേക്ക് എത്താന്‍ പിന്നെ 23 പന്തുകള്‍ മാത്രമാണ് ബാബറിന് വേണ്ടിവന്നത്. രണ്ട് ട്വന്റി20 സെഞ്ചുറികള്‍ നേടുന്ന ആദ്യ പാകിസ്ഥാനി താരവുമായി ബാബര്‍ ഇവിടെ.മൊയിന്‍ അലിയുടെ ഒരോവറില്‍ ബാബറും റിസ്വാനും ചേര്‍ന്ന് മൂന്ന് സിക്‌സ് പറത്തി. 21 റണ്‍സ് ആണ് മൊയിന്‍ അലിയുടെ ഈ ഓവറില്‍ പാക് ഓപ്പണര്‍മാര്‍ സ്‌കോര്‍ ചെയ്തത്. 

തിളങ്ങാനാവാതെയാണ് ബാബര്‍ അസം ഏഷ്യാ കപ്പ് അവസാനിപ്പിച്ചത്. 6 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 68 റണ്‍സ്. 11.3 ആണ് ഏഷ്യാ കപ്പിലെ ബാബറിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ സെഞ്ചുറിയോടെ ബാബര്‍ മടങ്ങി എത്തിയത് പാകിസ്ഥാന് ആശ്വാസമാവുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com