സഞ്ജുവിനെ കാത്ത് മറ്റൊരു ദൗത്യം കൂടി; സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ വൈസ് ക്യാപ്റ്റനായേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2022 02:08 PM  |  

Last Updated: 28th September 2022 02:08 PM  |   A+A-   |  

sanju_samson_dinesh_karthik

സഞ്ജു സാംസണ്‍, ദിനേശ് കാര്‍ത്തിക്/ഫോട്ടോ: എഎഫ്പി

 

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായേക്കും. ന്യൂസിലന്‍ഡ് എയ്ക്ക് എതിരായ അനൗദ്യോഗിക ഏകദിന പരമ്പരയില്‍ ഇന്ത്യ എയെ ജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് സഞ്ജുവിനെ കാത്ത് മറ്റൊരു ഉത്തരവാദിത്വം കൂടി എത്തുന്നത്. 

ന്യൂസിലന്‍ഡ് എയ്ക്ക് എതിരായ പരമ്പര 3-0നാണ് സഞ്ജുവിന്റെ കീഴില്‍ ഇന്ത്യ എ ജയിച്ചത്. മൂന്നാം ഏകദിനത്തില്‍ മുന്‍നിരയില്‍ ഇന്ത്യക്ക് തുടരെ വിക്കറ്റ് നഷ്ടമായപ്പോള്‍ അര്‍ധ ശതകവുമായി സഞ്ജു ഇന്ത്യാ എയെ തുണച്ചു. ക്രീസില്‍ നിലയുറപ്പിച്ച് നിന്ന് കരുതലോടെയാണ് ഇവിടെ സഞ്ജു കളിച്ചത്. രണ്ടാം ഏകദിനത്തില്‍ 35 പന്തില്‍ നിന്ന് സഞ്ജു നേടിയത് 37 റണ്‍സ്. ആദ്യ മത്സരത്തില്‍ 29 റണ്‍സുമായി മറ്റ് അപകടങ്ങളില്ലാതെ ടീമിനെ ജയത്തിലേക്ക് എത്തിക്കാനും സഞ്ജുവിന് കഴിഞ്ഞിരുന്നു. 

ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്വന്റി20 ലോകകപ്പിന് മുന്‍പായി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാവും ഏകദിന ടീമിനെ പ്രഖ്യാപിക്കുക. ശിഖര്‍ ധവാന്‍ ക്യാപ്റ്റനാവാനാണ് സാധ്യത. 

സിംബാബ്‌വെക്ക് എതിരായ ട്വന്റി20യിലാണ് സഞ്ജു സാംസണ്‍ അവസാനമായി കളിച്ചത്. ഏഴ് ഏകദിനത്തിലും 16 ട്വന്റി20യിലും സഞ്ജു ഇന്ത്യന്‍ കുപ്പായത്തില്‍ ഇതുവരെ ഇറങ്ങി. ഒക്ടോബര്‍ ആറിന് ലഖ്‌നൗവിലാണ് ആദ്യ ഏകദിനം. ഒക്ടോബര്‍ 9ന് റാഞ്ചിയിലും ഒക്ടോബര്‍ 11ന് ഡല്‍ഹിയിലും മത്സരം നടക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

ആരാധകരുടെ ശ്രദ്ധയ്ക്ക്; തീപ്പെട്ടി, സിഗരറ്റ്, ഭക്ഷണ സാധനങ്ങള്‍ എന്നിവയ്ക്ക് വിലക്ക്; മാസ്‌ക് ഇല്ലെങ്കില്‍ പ്രവേശനമില്ല

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ