കളി മുടക്കി മഴ; കൊല്‍ക്കത്തയെ വീഴ്ത്തി വിജയത്തുടക്കമിട്ട് പഞ്ചാബ്

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി
​റസ്സലിന്റെ പുറത്താകൽ ആഘോഷിക്കുന്ന സാം കറൻ, അർഷ്ദീപ് സിങ്/ പിടിഐ
​റസ്സലിന്റെ പുറത്താകൽ ആഘോഷിക്കുന്ന സാം കറൻ, അർഷ്ദീപ് സിങ്/ പിടിഐ

മൊഹാലി: ഐപിഎല്ലില്‍ വിജയത്തുടക്കമിട്ട് പഞ്ചാബ് കിങ്‌സ്. ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഏഴ് റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെട്ടത്. മഴ കാരണം കളി മുഴുമിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമമനുസരിച്ചാണ് പഞ്ചാബിനെ വിജയികളായി പ്രഖ്യാപിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. വിജയം തേടിയിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 16 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ തുടങ്ങിയത്. കളി തുടരാന്‍ പറ്റാത്ത സാഹചര്യത്തില്‍ പഞ്ചാബിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ മന്‍ദീപ് സിങിനെ (രണ്ട്) നഷ്ടമായി. 19 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 35 റണ്‍സെടുത്ത ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. വെങ്കടേഷ് അയ്യരും (28 പന്തില്‍ 34) പൊരുതി. താരം മൂന്ന് ഫോറും ഒരു സിക്‌സും തൂക്കി. 

റഹ്മാനുള്ള ഗുര്‍ബാസ് (16 പന്തില്‍ 22), ക്യാപ്റ്റന്‍ നിതീഷ് റാണ (17 പന്തില്‍ 24) എന്നിവരും പിടിച്ചു നിന്നു. മറ്റൊരാള്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. കളി നിര്‍ത്തുമ്പോള്‍ എട്ട് റണ്‍സുമായി ശാര്‍ദുല്‍ ഠാക്കൂറും ഏഴ് റണ്‍സുമായി സുനില്‍ നരെയ്‌നുമാണ് പുറത്താകാതെ ക്രീസിലുണ്ടായിരുന്നത്. 

മൂന്നോവറില്‍ 19 റണ്‍സ് വഴങ്ങി പഞ്ചാബിനായി അര്‍ഷ്ദീപ് മൂന്ന് വിക്കറ്റുകള്‍ നേടി. സാം കറന്‍, നതാന്‍ എല്ലിസ്, സികന്ദര്‍ റാസ, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. 

നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ നിതീഷ് റാണയുടെ തീരുമാനം പാളിയെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്ന രീതിയിലായിരുന്നു പാഞ്ചാബിന്റെ ബാറ്റിങ്. വെടിക്കെട്ട് തുടക്കമാണ് പ്രഭ്സിമ്രാന്‍ സിങ് പഞ്ചാബിന് നല്‍കിയത്. ക്ഷണത്തില്‍ മടങ്ങിയെങ്കിലും താരം 12 പന്തില്‍ രണ്ട് വീതം സിക്സും ഫോറും പറത്തി 23 റണ്‍സുമായാണ് മടങ്ങിയത്. 

പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍- ശ്രീലങ്കന്‍ താരം ഭനുക രജപക്സ എന്നിവരുടെ ബാറ്റിങ് പാഞ്ചാബിന് അടിത്തറയിട്ടു. രജപക്സ അര്‍ധ സെഞ്ച്വറി നേടിയാണ് ക്രീസ് വിട്ടത്. താരം 32 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 50 റണ്‍സെടുത്തു. 

ധവാന്‍ 29 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 40 റണ്‍സുമായി മടങ്ങി. ജിതേഷ് ശര്‍മ 11 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം 21 റണ്‍സ് കണ്ടെത്തി. സികന്ദര്‍ റാസ 13 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 16 റണ്‍സെടുത്ത് പുറത്തായി. 

17 പന്തില്‍ രണ്ട് സിക്സുകള്‍ സഹിതം 26 റണ്‍സെടുത്ത് സാം കറനും ഏഴ് പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 11 റണ്‍സെടുത്ത് ഷാരൂഖ് ഖാനും സ്‌കോര്‍ 191ല്‍ എത്തിച്ചു. ഇരുവരും പുറത്താകാതെ നിന്നു. 

ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് കൊല്‍ക്കത്തന്‍ നിരയില്‍ ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞത്. ടിം സൗത്തി രണ്ട് വിക്കറ്റെടുത്തെങ്കിലും നാലോവറില്‍ വിട്ടുകൊടുത്തത് 54 റണ്‍സ്. ഉമേഷ്, വരുണ്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com