'സഞ്ജു ഇന്ത്യന്‍ ക്യാപ്റ്റനാകും, രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ അതു സംഭവിക്കും'- പ്രവചിച്ച് സൂപ്പര്‍ താരം

ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു മൈതാനത്ത് പുറത്തെടുക്കുന്ന പക്വത പ്രശംസ അര്‍ഹിക്കുന്നതാണെന്ന് ഡിവില്ല്യേഴ്‌സ് പറയുന്നു
സഞ്ജുവിന്റെ ബാറ്റിംഗ്/ പിടിഐ
സഞ്ജുവിന്റെ ബാറ്റിംഗ്/ പിടിഐ

ജയ്പുര്‍: ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ലഭിക്കുന്നതില്‍ കുറവുണ്ടെങ്കിലും വര്‍ത്തമാന ക്രിക്കറ്റിലെ എണ്ണം പറഞ്ഞ ബാറ്ററാണ് രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളിയുമായ സഞ്ജു സാംസണ്‍. ക്രിക്കറ്റ് ആരാധകര്‍ മുഴുവന്‍ താരത്തിന്റെ ബാറ്റിങ് മികവിനെ ആരാധനയോടെ നോക്കിക്കാണുന്നു. ഇപ്പോഴിതാ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ആര്‍സിബിയുടെ സൂപ്പര്‍ താരവുമായിരുന്ന എബി ഡിവില്ല്യേഴ്‌സ് സഞ്ജുവിന്റെ ബാറ്റിങ്, നായക മികവിനെ അഭിനന്ദിച്ച് രംഗത്തെത്തി. 

സഞ്ജു സാംസണ്‍ ഭാവിയില്‍ ഇന്ത്യന്‍ നായകനാകുമെന്ന് എബിഡി പ്രവചിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു മൈതാനത്ത് പുറത്തെടുക്കുന്ന പക്വത പ്രശംസ അര്‍ഹിക്കുന്നതാണെന്ന് ഡിവില്ല്യേഴ്‌സ് പറയുന്നു. 

'അവിശ്വസനീയമായ താരമാണ് സഞ്ജുവെന്ന് നമുക്കെല്ലാം ബോധ്യമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി എങ്ങനെയാണ്? എന്റെ മനസില്‍ ആദ്യ കടന്നു വരുന്നത് അദ്ദേഹം മൈതാനത്ത് പ്രകടിപ്പിക്കുന്ന സംയമനമാണ്. ശാന്തനായ വ്യക്തിയാണ് സഞ്ജു. ഒരിക്കല്‍ പോലും അദ്ദേഹം മൈതാനത്ത് കലഹിക്കുന്നത് കണ്ടിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും മികച്ച അടയാളപ്പെടുത്തലാണ് ഇത്.' 

'തന്ത്രങ്ങളുടെ കാര്യത്തിലും അദ്ദേഹം മികവ് കാണിക്കുന്നു. ജോസ് ബട്‌ലറെ പോലെയുള്ള ഒരാളുമായി കൂടുതല്‍ അനുഭവം പങ്കിടാന്‍ ലഭിക്കുന്നതും അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുന്നതും സഞ്ജുവിനെ സംബന്ധിച്ച് ഏറെ മെച്ചപ്പെടാന്‍ അവസരം നല്‍കുന്നു. ഒരുപാട് കാര്യങ്ങള്‍ ഇതുവഴി സഞ്ജുവിന് സ്വായത്തമാക്കാന്‍ കഴിയും.' 

'മികച്ച ക്യാപ്റ്റനാകാനുള്ള എല്ലാ യോഗ്യതയും സഞ്ജുവിനുണ്ട്. ഒരുപക്ഷേ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ടീമിനെ ഒരു ഫോര്‍മാറ്റില്‍ നയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചാല്‍ അതില്‍ അദ്ദേഹം എളുപ്പത്തില്‍ തന്നെ വിജയിക്കും. സഞ്ജുവിലെ ക്രിക്കറ്റര്‍ക്ക് അതൊരു നല്ല അവസരമാകും. ദീര്‍ഘ കാലം ഇന്ത്യയെ നയിക്കാന്‍ സാധിച്ചാല്‍ അതിനൊപ്പം അനായാസം സഞ്ജുവിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്'- ഡിവില്ല്യേഴ്‌സ് വ്യക്തമാക്കി.

2021ലെ ഐപിഎല്‍ സീസണിലാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തെത്തുന്നത്. എന്നാല്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. 14 കളികളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ മികച്ച സന്തുലിതമായ ടീമിനെ ലഭിച്ചതോടെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ഉടച്ചു വാര്‍ക്കപ്പെട്ടു. 

2008ലെ പ്രഥമ സീസണില്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ കഴിഞ്ഞ സീസണിലാണ് അതിന് ശേഷം ആദ്യമായി ഫൈനല്‍ കണ്ടത്. സഞ്ജുവിന്റെ നായക, ബാറ്റിങ് മികവുകളായിരുന്നു അതില്‍ സുപ്രധാനമായി നിന്നത്. ഫൈനലില്‍ ഗുജറാത്തിനോട് തോറ്റെങ്കിലും ക്യാപ്റ്റനെന്ന നിലയിലുള്ള താരത്തിന്റെ വളര്‍ച്ച ക്രിക്കറ്റ് ലോകം ശരിക്കും കണ്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com