6, 6, 6, 6, 6; റിങ്കുവിന്റെ കത്തിക്കാളല്‍; നടകീയം, അവിശ്വസനീയം കൊല്‍ക്കത്ത!

ജയ, പരാജയങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ റിങ്കു സിങിന്റെ വെടിക്കെട്ടാണ് കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കിയത്
അവിശ്വസനീയ വിജയം ടീമിന് സമ്മാനിച്ച റിങ്കു സിങിനെ അഭിനന്ദിക്കാൻ ഓടിയെത്തുന്ന സഹ താരങ്ങൾ/ ട്വിറ്റർ
അവിശ്വസനീയ വിജയം ടീമിന് സമ്മാനിച്ച റിങ്കു സിങിനെ അഭിനന്ദിക്കാൻ ഓടിയെത്തുന്ന സഹ താരങ്ങൾ/ ട്വിറ്റർ

അഹമ്മദാബാദ്: സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് മുന്നില്‍ തോല്‍വി വഴങ്ങി ഗുജറാത്ത് ടൈറ്റന്‍സ്. ഐപിഎല്ലില്‍ ആവേശം അവസാന നിമിഷം വരെ നിന്ന പോരാട്ടത്തില്‍ മൂന്ന് വിക്കറ്റിനാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് അടിച്ചെടുത്തപ്പോള്‍ കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എടുത്താണ് വിജയിച്ചത്. 

ജയ, പരാജയങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ റിങ്കു സിങിന്റെ വെടിക്കെട്ടാണ് കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കിയത്. അവസാന ഓവറില്‍ 29 റണ്‍സായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. യഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിളെടുത്ത് റിങ്കുവിന് സ്‌ട്രൈക്ക് കൈമാറി. പിന്നീട് തുടരെ അഞ്ച് സിക്‌സുകള്‍ തൂക്കി റിങ്കു ടീമിന് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു. 21 പന്തില്‍ ആറ് സിക്‌സും ഒരു ഫോറും സഹിതം റിങ്കു 48 റണ്‍സ് വാരി പുറത്താകാതെ നിന്നു. അവസാന പന്തിൽ നാല് റൺസായിരുന്നു കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത്. ഈ പന്തും സിക്സർ പറത്തിയാണ് കൊൽക്കത്ത അവിശ്വസനീയ വിജയം തൊട്ടത്.  

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച വെങ്കടേഷ് അയ്യര്‍, ക്യാപ്റ്റന്‍ നിതീഷ് റാണ സഖ്യം അവര്‍ക്ക് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് 100 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 

വെങ്കടേഷായിരുന്നു ആക്രമണകാരി. താരം 40 പന്തില്‍ അഞ്ച് സിക്‌സും എട്ട് ഫോറും സഹിതം 83 റണ്‍സെടുത്തു. നിതീഷ് 29 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 45 റണ്‍സും കണ്ടെത്തി. നിതീഷിനേയും വെങ്കടേഷിനേയും മടക്കി അല്‍സാരി ജോസഫ് ഗുജറാത്തിനെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു. 

പിന്നാലെ 16ാം ഓവറില്‍ റാഷിദ് ഖാന്‍ കൂറ്റനടിക്കാരായ മൂന്ന് പേരെ തുടരെ പുറത്താക്കി ഹാട്രിക്ക് നേട്ടവും ഒപ്പം കൊല്‍ക്കത്തയെ തോല്‍വിയുടെ വക്കിലും എത്തിച്ചു. ആദ്യ പന്തില്‍ ആന്ദ്ര റസ്സലിനേയും രണ്ടാം പന്തില്‍ സുനില്‍ നരെയ്‌നേയും മൂന്നാം പന്തില്‍ കഴിഞ്ഞ കളിയിലെ താരം ശാര്‍ദുല്‍ ഠാക്കൂറിനേയും മടക്കി ഈ ഐപിഎല്ലിലെ ആദ്യ ഹാട്രിക്കും വിജയ പ്രതീക്ഷയും റാഷിദ് ടീമിന് സമ്മാനിച്ചു. എന്നാല്‍ അവസാന ഓവറിലെ റിങ്കുവിന്റെ കടന്നാക്രമണം അവരുടെ പ്രതീക്ഷ തെറ്റിച്ചു. 

ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് (15), നരായണ്‍ ജഗദീശന്‍ (ആറ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഉമേഷ് യാദവ് അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. 

നേരത്തെ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിക്കുന്നത്. ടോസ് നേടി ഗുജറാത്ത് ബാറ്റിങ് തിരഞ്ഞെടുത്തു. തുടക്കത്തില്‍ മെല്ലെ പോയ അവര്‍ 11 ഓവറിന് ശേഷമാണ് കൂടുതല്‍ ആക്രമണത്തിലേക്ക് കടന്നത്. 

24 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും സഹിതം 63 റണ്‍സ് അടിച്ചെടുത്ത വിജയ് ശങ്കറിന്റെ ബാറ്റിങാണ് സ്‌കോര്‍ 200 കടത്തിയത്. താരം പുറത്താകാതെ നിന്നു. ഡേവിഡ് മില്ലര്‍ രണ്ട് റണ്‍സെടുത്ത് ക്രീസില്‍ തുടര്‍ന്നു.

സായ് സുദര്‍ശന്‍ 38 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 53 റണ്‍സെടുത്തു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 31 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 39 റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹ (17), അഭിനവ് മനോഹര്‍ (14) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സുയഷ് ശര്‍മ ഒരു വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com