ഇതാ അഞ്ച് സിക്‌സ് തൂക്കിയ റിങ്കുവിന്റെ 'സെപ്ഷ്യല്‍ ബാറ്റ്'- പിന്നിലൊരു കഥയുണ്ടെന്ന് നിതീഷ് റാണ (വീഡിയോ)

കെകെആറിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രസകരമായ ഇക്കാര്യത്തെക്കുറിച്ച് നിതീഷ് പറയുന്നത്
റിങ്കു സിങിന്റെ ബാറ്റിങ്/ പിടിഐ
റിങ്കു സിങിന്റെ ബാറ്റിങ്/ പിടിഐ

അഹമ്മദാബാദ്: ജയ പരാജയങ്ങള്‍ മാറിമറിഞ്ഞ ത്രില്ലര്‍ പോരാട്ടത്തില്‍ അവിശ്വസനീയ വിജയം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കുമ്പോള്‍ അമരത്ത് റിങ്കു സിങ് എന്ന അലിഗഢ് സ്വദേശിയായിരുന്നു ബാറ്റുമായി നിന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ 29 റണ്‍സ് വിജയിക്കാന്‍ വേണ്ടപ്പോള്‍ തുടരെ അഞ്ച് സിക്‌സുകള്‍ പറത്തി റിങ്കു ടീമിന് തകര്‍പ്പന്‍ ജയമാണ് സമ്മാനിച്ചത്. ഇപ്പോഴിതാ ടീമിനെ അവിസ്മരണീയ വിജയമൊരുക്കിയ റിങ്കുവിന്റെ ബാറ്റിനെ കുറിച്ച് പറയുകയാണ് ക്യാപ്റ്റന്‍ നിതീഷ് റാണ.

താരം ഐതിഹാസിക വിജയത്തിലേക്ക് ടീമിനെ നയിച്ച ബാറ്റിന് ചിലത് പറയാനുണ്ടെന്ന് നിതീഷ് വ്യക്തമാക്കി. റിങ്കു വിജയത്തിലേക്ക് സിക്‌സര്‍ തൂക്കിയ ബാറ്റ് തന്റേതാണെന്ന് നിതീഷ് പറയുന്നു. കെകെആറിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രസകരമായ ഇക്കാര്യത്തെക്കുറിച്ച് നിതീഷ് പറയുന്നത്. 

'ഏറെക്കാലമായി ഈ ബാറ്റ് എന്റെ കൈയിലുണ്ട്. ഐപിഎല്ലിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളും ഞാന്‍ കളിച്ചത് ഈ ബാറ്റ് ഉപയോഗിച്ചാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി മുഴുവന്‍ കളിച്ചതും ഈ ബാറ്റ് വച്ചുതന്നെ.' 

'ഇന്ന് ഞാന്‍ എന്റെ ബാറ്റ് മാറ്റി. കാരണം ഈ ബാറ്റ് റിങ്കു എന്നോട് ആവശ്യപ്പെട്ടു. ആദ്യം ബാറ്റ് അവന് നല്‍കാന്‍ ഞാന്‍  ആഗ്രഹിച്ചിരുന്നില്ല. വളരെ നല്ല പിക്കപ്പുള്ള ബാറ്റാണിത്. ഭാരവും കുറവ്. പക്ഷേ റിങ്കു ആവശ്യപ്പെട്ടപ്പോള്‍ നല്‍കി. എങ്കിലും ഈ ബാറ്റ് റിങ്കുവിന് തന്നെ അവകാശപ്പെട്ടതാണ്. ഞാനല്ല ഇതിന് അര്‍ഹന്‍'- നിതീഷ് വ്യക്തമാക്കി. 

ആവേശപ്പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം മുന്നില്‍ വച്ചു. മറുപടി പറഞ്ഞ കൊല്‍ക്കത്ത വെങ്കടേഷ് അയ്യരുടേയും നിതീഷ് റാണയുടെയും ബാറ്റിങ് മികവില്‍ തിരിച്ചടിക്കുമെന്ന പ്രീതിതി ഉണര്‍ത്തി. 

എന്നാല്‍ കൂറ്റനടിക്കാരായ റസ്സല്‍, നരെയ്ന്‍, ശാര്‍ദുല്‍ എന്നിവരെ അടുപ്പിച്ച് മൂന്ന് പന്തുകളില്‍ പുറത്താക്കി ഹാട്രിക്ക് നേട്ടവുമായി താത്കാലിക ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ കൊടുങ്കാറ്റായപ്പോള്‍ കൊല്‍ക്കത്ത പരാജയപ്പെടുമെന്ന് ഉറപ്പിച്ചു. 

എന്നാല്‍ അവസാന ഓവറില്‍ റിങ്കു നടത്തിയ കടന്നാക്രമണം വാക്കുകള്‍ക്ക് അപ്പുറമായിരുന്നു. താരം 21 പന്തില്‍ പുറത്താകാതെ 48 റണ്‍സാണ് അടിച്ചെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com