

ബംഗളൂരു: നാടകീയതകൾക്കൊടുവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവരുടെ തട്ടകത്തിൽ ഒറ്റ വിക്കറ്റിന് വീഴ്ത്തി ലഖ്നൗ സൂപ്പർ ജയ്ന്റ്സ്. ഐപിഎല്ലിൽ ജയ പരാജയങ്ങൾ മാറിമറിഞ്ഞ പോരിൽ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്നൗ അവസാന പന്തിൽ ഒറ്റ റണ്ണെടുത്താണ് വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തപ്പോൾ മറുപടി നൽകിയ ലഖ്നൗ ഒൻപത് വിക്കറ്റിന് 213 റൺസെടുത്താണ് വിജയം പിടിച്ചത്.
ഒരു ഘട്ടത്തിൽ ആർസിബി അനായാസം വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും 19 പന്തിൽ 62 റൺസ് എടുത്ത നിക്കോളാസ് പുരനും 30 പന്തിൽ 65 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും ചേർന്ന് കളി ലഖ്നൗവിന് അനുകൂലമാക്കി. അവസാന ഓവറുകളിൽ വീണ്ടും ലഖ്നൗ പിന്നാക്കം പോയെങ്കിലും ഒടുവിൽ വിജയം സ്വന്തമാക്കിയാണ് കളം വിട്ടത്.
കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്നൗവിന് തുടക്കത്തിൽ തന്നെ കെയ്ൽ മേയേഴ്സിനെ നഷ്ടമായി. താരം പൂജ്യത്തിന് മടങ്ങി. പിന്നാലെ ദീപക് ഹൂഡ (9), ക്രുണാൽ പാണ്ഡ്യ (0) എന്നിവരും ക്ഷണത്തിൽ മടങ്ങിയതോടെ ലഖ്നൗ അപകടം മണത്തു. പിന്നാലെ ക്യാപ്റ്റൻ കെഎൽ രാഹുലും (18) പുറത്തായതോടെ അവർ കൂടുതൽ പരുങ്ങി. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച സ്റ്റോയിനിസും പുരനും പോരാട്ടം ആർസിബി ക്യാമ്പിലേക്ക് നയിച്ചു. കൂറ്റനടികളിലൂടെ ഇരുവരും സ്കോറിങ് വേഗം കൂട്ടി.
30 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും ഉൾപ്പടെയാണ് സ്റ്റോയിനിസ് 65 റൺസെടുത്തത്. പുരൻ 19 പന്തിൽ ഏഴ് സിക്സും നാല് ഫോറും അടിച്ച് 62 റൺസെടുത്തു. 15 പന്തിൽ 50 റൺസടിച്ചതോടെ ഈ ഐപിഎല്ലിലെ അതിവേഗ അർധ സെഞ്ച്വറി താരം സ്വന്തമാക്കി.
ടീമിന്റെ രക്ഷകനായെത്തിയ പുരൻ പുറത്തായത് ലഖ്നൗവിനെ വീണ്ടും പ്രതിസന്ധിയിലാക്കുമെന്ന് തോന്നിച്ചു. എന്നാൽ ആയുഷ് ബദോനി (30) പിടിച്ചു നിൽക്കാൻ ശ്രമിച്ചതോടെ ടീം സ്കോർ 200 കടന്നു. അവസാന ഘട്ടത്തിൽ സിക്സർ തൂക്കുന്നതിനിടെ ബദോനിയുടെ ബാറ്റ് സ്റ്റംപിൽ തട്ടി താരം പുറത്തായി. ഇതോടെ വീണ്ടും ആർസിബിക്ക് വിജയ പ്രതീക്ഷ വന്നു. എ
അവസാന ഓവറിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ ഹർഷൽ പട്ടേൽ എറിഞ്ഞ ആദ്യ പന്തിൽ മാർക് വുഡ് (1) ഔട്ട്. 212 റൺസിൽ നിൽക്കേ തകർപ്പനടിക്ക് ശ്രമിച്ച ജയദേവ് ഉനദ്‌കടും (9) പുറത്തായതോടെ ലഖ്നൗവിന് വേണ്ടത് ഒരു പന്തിൽ ഒരു റൺ. അവസാന പന്തിൽ മങ്കാദിങ്ങിന് ശ്രമിച്ച ഹർഷൽ പട്ടേലിന്‍റെ ശ്രമം പാളി. അടുത്ത പന്തിൽ രവി ബിഷ്ണോയ് (3) സിംഗിളെടുത്ത് ലഖ്നൗവിന് ത്രില്ലർ ജയം സമ്മാനിച്ചു.
നേരത്തെ ടോസ് നേടി ലഖ്‌നൗ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്‌ലിയും ഡുപ്ലെസിയും തുടക്കം മുതൽ കൂറ്റനടികൾക്ക് ശ്രമിച്ചു. ആവേശ് ഖാനും രവി ബിഷ്‌ണോയിക്കും നന്നായി പ്രഹരമേറ്റു. വിക്കറ്റുകൾ കൈയിലിരിക്കെ ഏഴാം ഓവർ മുതൽ റൺസിൽ മെല്ലെപ്പോക്കായിരുന്നു.
44 പന്തിൽ നാല് വീതം സിക്‌സും ഫോറും ഉൾപ്പടെ കോഹ്‌ലി 61 റൺസെടുത്തു മടങ്ങി. ഓപ്പണിങ്ങിൽ കോഹ്‌ലി- ഡുപ്ലെസി സഖ്യം 69 പന്തിൽ 96 റൺസെടുത്തു. പിന്നാലെ വന്ന മാക്‌സ്‌വെലും വമ്പനടി തുടർന്നതോടെ ആർസിബി സുരക്ഷിത തീരത്തേക്ക് അടുത്തു.
മാക്‌സ്‌വെൽ- ഡുപ്ലെസി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 50 പന്തിൽ 115 റൺസെടുത്തു. 29 പന്തിൽ ആറ് സിക്‌സും മൂന്ന് ഫോറും ഉൾപ്പെടെ മാക്‌സ്‌വെൽ 59 റൺസെടുത്തു. 46 പന്തിൽ അഞ്ച് വീതം സിക്‌സും ഫോറും ഉൾപ്പടെയാണ് ഡുപ്ലെസി 79 റൺസിലെത്തിയത്. മാർക്ക് വുഡും അമിത് മിശ്രയും ഓരോ വിക്കറ്റ് വീഴ്ത്തി. കളി അവസാനിക്കുമ്പോൾ ഡുപ്ലെസിക്കൊപ്പം ഒരു റണ്ണുമായി ദിനേഷ് കാർത്തിക് പുറത്താകാതെ നിന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates